തൃശൂർ ജില്ലയിൽ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എഎല്‍പിഎസ് കാറളം, കെയുപിഎസ് തൊട്ടിപ്പാള്‍, ഡോളേഴ്‌സ് ലിറ്റില്‍ ഫ്‌ളവര്‍ എല്‍പിഎസ് താണിശ്ശേരി, ജെബിഎസ് ചേര്‍പ്പ് എന്നീ സ്‌കൂളുകള്‍ക്ക് നാളെ (ഓഗസ്റ്റ് 10) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 11-08-2022 രാത്രി 11.30 വരെ 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
പുറപ്പെടുവിച്ച സമയം 09.00 PM, 09-08-2022
കുറ്റ്യാടി പുഴക്ക് ഇരു കരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണം
കോഴിക്കോട് കക്കയം ഡാമിന്റെ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തി. സെക്കൻഡിൽ എട്ട് ക്യൂബിക് മീറ്റർ എന്ന അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതെന്ന് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രമേണ വർദ്ധിച്ച് റെഡ് അലേർട് ലെവലിന് മുകളിൽ എത്തിയതിനാലാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്.
കുറ്റ്യാടി പുഴയിൽ അഞ്ച് സെൻറീമീറ്ററോളം വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ ഇരു കരകളിലുള്ളവരും ബന്ധപ്പെട്ടവരും ജാഗ്രത പുലർത്തണം. ആവശ്യമെങ്കിൽ പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് ഘട്ടം ഘട്ടമായി വർദ്ധിപ്പിക്കും.
ഇടുക്കി താലൂക്കിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയം, CBSE, ICSE സ്കൂളുകൾ ഉൾപ്പടെയുളള എല്ലാ സ്കൂളുകൾക്കും കൂടാതെ മരിയാപുരം ഗ്രാമപഞ്ചായത്തിലെ (1) വിമല ഹൈസ്കൂൾ, വിമലഗിരി (2) സെന്റ് മേരീസ് ഹൈസ്കൂൾ/ ഹയർ സെക്കന്ററി സ്കൂൾ, മരിയാപുരം എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 10 അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കോളേജുകൾ. പ്രൊഫഷണൽ കോളേജുകൾ, റസിഡൻഷ്യൽ സ്കൂളുകൾ എന്നിവക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റു കെട്ടിടങ്ങളുണ്ടെങ്കിൽ ക്യാമ്പിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ ക്ലാസുകൾ തുറന്നു പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ എ.ഗീത അറിയിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകൾക്ക് മുൻഗണന നൽകണം. വിദ്യാഭ്യാസ സ്ഥപനങ്ങളിൽ തുടർച്ചയായി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് പൊതുപരീക്ഷാ വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർദ്ദേശം. ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പുകൾ അവസാനിക്കുന്ന തീയതി വരെ അവധി പ്രഖ്യാപിച്ചിരുന്നതാണ്.