തൃക്കാക്കര കേസരി ലൈബ്രറിയിൽ എം. ലീലാവതിയുടെ പേരിൽ പുസ്തക കോർണർ
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
എം. ലീലാവതിയുടെ എല്ലാ കൃതികളും ഉൾപ്പെടുത്തിയാണ് പുസ്തക കോർണർ സജ്ജമാക്കിയിട്ടുള്ളത്.
തൃക്കാക്കര പൈപ്പ് ലൈൻ റോഡിലെ കേസരി സ്മാരക സഹൃദയ ലൈബ്രറിയിൽ ഡോ എം ലീലാവതിയുടെ പേരിൽ തയ്യാറാക്കിയ പുസ്തക കോർണർ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. എം. ലീലാവതിയുടെ തെരഞ്ഞെടുത്ത കൃതികളുടെ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു. ഏറെക്കാലത്തിന് ശേഷം ഡോ. ലീലാവതി നേരിട്ട് പങ്കെടുത്ത ചടങ്ങിലായിരുന്നു ഉദ്ഘാടനം. വായനക്കാരാണ് എഴുത്തുകാരെ സൃഷ്ടിക്കുന്നതെന്ന് എം. ലീലാവതി പറഞ്ഞു. എഴുത്തുകാരൻ പ്രൊഫ എം. തോമസ് മാത്യുവും ചടങ്ങിൽ പങ്കെടുത്തു. വ്യവസായ മന്ത്രി പി. രാജീവ് നടപ്പാക്കുന്ന ഗ്രന്ഥശാലകൾക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ഏഴു ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് നവീകരിച്ച ലൈബ്രറിയിലാണ് പുസ്തക കോർണർ ഒരുക്കിയിട്ടുള്ളത്.
എം. ലീലാവതിയുടെ എല്ലാ കൃതികളും ഉൾപ്പെടുത്തിയാണ് പുസ്തക കോർണർ സജ്ജമാക്കിയിട്ടുള്ളത്. ലോക ക്ലാസിക്കുകൾ ഉൾപ്പെടെയുള്ള 1.25 ലക്ഷം രൂപയുടെ പുസ്തകങ്ങളും വ്യവസായവകുപ്പ് മന്ത്രി രാജീവ് ലൈബ്രറിക്ക് കൈമാറി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളും കളമശ്ശേരിയിൽ താമസിക്കുന്നവരുമായ അഞ്ച് എഴുത്തുകാരുടെ പേരിൽ പുസ്തക കോർണർ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായാണ് കേസരി ലൈബ്രറിയിലെ എം. ലീലാവതി പുസ്തക കോർണർ എന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറിയിൽ സാഹിത്യകാരൻ സേതുവിൻ്റെ പേരിലുള്ള പുസ്തക കോർണർ നേരത്തെ ഒരുക്കിയിരുന്നു. കുട്ടികൾ ഉൾപ്പെടെ അനവധിപേർ ഇത് പ്രയോജനപ്പെടുത്തുന്നു. പ്രൊഫ എം തോമസ് മാത്യുവിൻ്റെ പേരിൽ എകെജി ലൈബ്രറിയിൽ തയ്യാറാക്കുന്ന പുസ്തക കോർണർ അവസാന ഘട്ടത്തിലാണ്. പ്രൊഫ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ പേരിൽ അടുവാശ്ശേരി ഗ്രാമീണ ലൈബ്രറിയിലും പുസ്തക കോർണർ സ്ഥാപിക്കും.
advertisement
ഗ്രന്ഥശാലയ്ക്ക് ഒപ്പം കളമശ്ശേരി പദ്ധതിയിൽ കളമശ്ശേരിയിലെ ലൈബ്രറികൾ നവീകരിക്കുന്നതിന് വിപുലമായ പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഡിജിറ്റൽ കാലത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് ലൈബ്രറികളെ നവീകരിക്കുക എന്ന കാഴ്ചപ്പാടോടെയാണിത്. എംഎൽഎ ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി. സി എസ് ആർ ഫണ്ടുപയോഗിച്ച് 10 ലൈബ്രറികൾക്കായി ഒരു കോടി രൂപയുടെ പദ്ധതിയും നടപ്പാക്കുന്നുണ്ട്. നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായി. ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡൻ്റ് ഷാജി പ്രണത, പ്രകാശൻതായാട്ട്, ഡി പി സി അംഗം ജമാൽ മണക്കാടൻ, കൗൺസിലർ പ്രമോദ്, ഗ്രന്ഥശാലകൾക്ക് ഒപ്പം കോ-ഓർഡിനേറ്റർ ഷൈവിൻ, ജിനു തോമസ് എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 25, 2025 12:21 PM IST