ജനകീയമായി ബേപ്പൂർ വാട്ടർ ഫെസ്റ്റ്; പ്രാദേശിക കലാകാരന്മാർക്ക് കൂടുതൽ പ്രാധാന്യം
Last Updated:
ഇത്തവണത്തെ ബേപ്പൂർ വാട്ടർ ഫെസ്റ്റ് സാധാരണക്കാരുടെ ഉത്സവമാക്കി മാറ്റുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ 5-ൻ്റെ ഭാഗമായി പൊതുജനങ്ങൾ മാറ്റുരക്കുന്ന കലാമത്സരങ്ങൾ കൂടുതൽ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുജനങ്ങൾ പങ്കെടുക്കുന്ന കലാ സാംസ്കാരിക പരിപാടികളും മത്സരങ്ങളുമാണ് ഇത്തവണത്തെ ഫെസ്റ്റിൻ്റെ പ്രത്യേകത. മെഗാ ഇവൻ്റുകൾക്ക് പകരം പ്രാദേശിക കലാകാരന്മാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും റസിഡൻ്റ്സ് അസോസിയേഷനുകളുടെയും കലാപരിപാടികൾ ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ അരങ്ങേറും. വയോജനങ്ങൾ, മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി എല്ലാ ജനവിഭാഗങ്ങളുടേയും കലാവിഷ്ക്കാരങ്ങൾക്ക് ഫെസ്റ്റ് വേദിയാകും.
സംഘാടക സമിതി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് അധ്യക്ഷനായി. ഫെസ്റ്റുമായി ബന്ധപ്പെട്ട സബ് കമ്മിറ്റികൾ ഉടൻ ചേർന്ന് ഒരുക്കങ്ങൾ അതിവേഗം പൂർത്തിയാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി പ്രഖ്യേത കർമ്മപദ്ധതി തയ്യാറാക്കുമെന്നും ബേപ്പൂരിലേക്ക് പ്രത്യേക ജങ്കാർ സർവ്വീസ് ഉൾപ്പെടുന്ന സാധ്യതകൾ പരിശോധിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. പാർക്കിങ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയുടെ അന്തിമ രൂപമായതായി സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ അറിയിച്ചു.

advertisement
ഡിസംബർ 26, 27, 28 തീയതികളിലാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ് കോഴിക്കോട് അരങ്ങേറുന്നത്. ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് ബേപ്പൂർ, ചാലിയം, നല്ലൂർ, രാമനാട്ടുകര, ഫറോക്ക് വി പാർക്ക്, നല്ലളം വി പാർക്ക്, നല്ലളം അബ്ദുറഹ്മാൻ പാർക്ക് എന്നിവ വേദിയാകും. ഡിസംബർ 25 മുതൽ 29 വരെ ബേപ്പൂരിൽ ഫുഡ് ഫെസ്റ്റും സംഘടിപ്പിക്കും. മാനാഞ്ചിറ സ്‌ക്വയറിൽ പ്രത്യേക വൈദ്യുതാലങ്കാരങ്ങളും ഡിസംബർ 25ന് കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് സൈക്കിൾ റാലിയും 28ന് ചാലിയിൽ നിന്ന് ബേപ്പൂരിലേക്ക് മാരത്തോണും സംഘടിപ്പിക്കും. ഫെസ്റ്റ് ദിനങ്ങളിൽ വൈകിട്ട് വിവിധ വേദികളിൽ ബേപ്പൂർ മണ്ഡലത്തിലെ വിവിധ സംഘങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Dec 23, 2025 1:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ജനകീയമായി ബേപ്പൂർ വാട്ടർ ഫെസ്റ്റ്; പ്രാദേശിക കലാകാരന്മാർക്ക് കൂടുതൽ പ്രാധാന്യം







