കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗിന് ഉജ്ജ്വല സമാപനം
Last Updated:
കാവസാക്കി, യമഹ ബൈക്കുകൾ മൺകൂനകൾക്ക് മുകളിലൂടെ പറന്നുയർന്നപ്പോൾ കാണികൾ ആവേശഭരിതരായി.
കോഴിക്കോട് കോർപ്പറേഷനിൽ തിങ്ങി കൂടിയ കാണികളെ ആവേശത്തിരയിലാഴ്ത്തി ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗിൻ്റെ ഫൈനൽ റൗണ്ട്. കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഓരോ പുൽതകിടിയും മൺതരിയും കോരിത്തരിച്ചുപോയ മൂന്നു മണിക്കൂർ. ലോകത്തിലെ തന്നെ ആദ്യ ഓഫ് റോഡ് സാഹസിക ബൈക്ക് റേസിംഗ് ഫ്രാഞ്ചൈസിയായ ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗിൻ്റെ ഫൈനൽ റൗണ്ട് മത്സരമാണ് കഴിഞ്ഞദിവസം കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ തീർത്തും ആകാംക്ഷയുടെയും അവിസ്മരണീയതയുടെയും മുൾമുനയിൽ കാണികളെ നിർത്തിയത്. ആവേശത്തിനു മാറ്റുകൂട്ടാൻ സൂപ്പർ താരം സൽമാൻ ഖാനും ഫൈനൽ റൗണ്ട് കാണാനെത്തി.
വൈകിട്ട് 5 ഓടെ തന്നെ സ്റ്റേഡിയത്തിലെ ഗാലറി നിറഞ്ഞു തുടങ്ങിയിരുന്നു. ബൈക്ക് സ്റ്റണ്ടുമായി വിദേശ താരം സെബാസ്റ്റ്യൻ കാണികളെ ആവേശം കൊള്ളിച്ചതോടെ ഗ്യാലറി ഉണർന്നു. പുതിയ ഓഫ് റോഡ് ബൈക്ക് കെ എൽ എക്സ് മൈതാനത്ത് ആവേശം വിതറി പ്രദർശനയോട്ടം നടത്തിയതോടെ സ്റ്റേഡിയത്തിലെ കാണികൾ ആവേശഭരിതരായി.
കാവസാക്കി കെ എക്സ് 450, യമഹ വൈ സെഡ് 250, കെടിഎം 250 എസ് എഫ് എക്സ് തുടങ്ങിയ സാഹസിക ഓഫ് റോഡിംഗിലെ ഏറ്റവും മികച്ച ബൈക്കുകളാണ് സ്റ്റേഡിയത്തിലെ ട്രാക്കിൽ മണ്ണ് ചീറ്റിതെറിപ്പിച്ച് ചാടി പറന്നത്. ഉയർന്നും താഴ്ന്നും കിടക്കുന്ന ട്രാക്കിൽ രണ്ടും മൂന്നും മൺകൂനകൾ ചാടിപ്പറന്നാണ് ബൈക്കുകൾ മറികടന്നത്. ഇതിനിടെ ചില ബൈക്കുകൾ നിയന്ത്രണം വിട്ടു മറിയുകയും ചെയ്തു. വീണിടത്തുനിന്ന് വാശിയോടെ ബൈക്കുമായി ട്രാക്കിൽ ഇറങ്ങിയവർക്ക് കാണികളുടെ കയ്യടിയും കിട്ടി. ഫൈനലിൻ്റെ അവസാന റൗണ്ട് മത്സരം തുടങ്ങാൻ ഇരിക്കവെയാണ് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ വേദിയിലെത്തിയത്. ഫൈനൽ മത്സരം ആവേശത്തോടെ കണ്ട താരം ചാമ്പ്യൻമാരെ ബിഗ് റോക്ക് മോട്ടോഴ്സ് സ്പോർട്സിന് ട്രോഫി നൽകിയ ശേഷമാണ് വേദി വിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Dec 23, 2025 5:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗിന് ഉജ്ജ്വല സമാപനം










