'കോയമ്പത്തൂരിൽ വിമാനം ഇറങ്ങി, പൊലീസ് ചെലവിൽ നാട്ടിലും ജാമ്യം നേടി വീട്ടിലും എത്തി'; പ്രതിക്ക് ജാമ്യം നൽകിയതിനെതിരെ ദൃഷാനയുടെ കുടുംബം
- Published by:Rajesh V
- news18-malayalam
Last Updated:
ദൃഷാനയെ വെല്ലൂരിൽ കൊണ്ടുപോയി ചികിത്സിക്കാൻ ആലോചനയുണ്ടെന്നും സഹായം വേണമെന്നും കുടുംബം പറഞ്ഞു. എന്നാൽ സാമ്പത്തിക നില അങ്ങേയറ്റം പ്രതിസന്ധിയിലാണ്. കണ്ണൂരിൽ വീടുണ്ടെങ്കിലും വാടകയ്ക്ക് കോഴിക്കോട്ട് തങ്ങുകയാണ്. തുടർചികിത്സയ്ക്കായി വൻ ചെലവ് വേണ്ടിവരും. വെല്ലൂരിൽ ഒരു മാസത്തിൽ അഞ്ചുലക്ഷത്തിനുമേൽ ചെലവുണ്ട്
കോഴിക്കോട്: വടകര ചോറോട് കാറിടിച്ച് 9 വയസുകാരി ദൃഷാന ഒരുവർഷത്തിലേറെയായി കോമയിലാവുകയും മുത്തശ്ശി മരിക്കുകയുംചെയ്ത കേസിൽ കാറോടിച്ച പ്രതി ഷജീലിന് കോടതി ജാമ്യം നൽകിയതിനെതിരെ ദൃഷാനയുടെ കുടുംബം. പ്രതി റിമാൻഡിലാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജാമ്യം ലഭിച്ചു. കോയമ്പത്തൂരിൽ വിമാനം ഇറങ്ങി പൊലീസ് ചെലവിൽ വടകരയിലെത്തി ജാമ്യം നേടി പ്രതി വീട്ടിൽ പോയി. ഇത്തരം കാര്യങ്ങൾ നിസാര കേസായി കാണരുതെന്നും ദൃഷാനയുടെ കുടുംബം പ്രതികരിച്ചു. വാഹനാപകട നിയമങ്ങളിൽ മാറ്റം വരണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ദൃഷാനയെ വെല്ലൂരിൽ കൊണ്ടുപോയി ചികിത്സിക്കാൻ ആലോചനയുണ്ടെന്നും സഹായം വേണമെന്നും കുടുംബം പറഞ്ഞു. എന്നാൽ സാമ്പത്തിക നില അങ്ങേയറ്റം പ്രതിസന്ധിയിലാണ്. കണ്ണൂരിൽ വീടുണ്ടെങ്കിലും വാടകയ്ക്ക് കോഴിക്കോട്ട് തങ്ങുകയാണ്. തുടർചികിത്സയ്ക്കായി വൻ ചെലവ് വേണ്ടിവരും. വെല്ലൂരിൽ ഒരു മാസത്തിൽ അഞ്ചുലക്ഷത്തിനുമേൽ ചെലവുണ്ട്. മറ്റ് സ്വകാര്യ ആശുപത്രിയിലും വലിയ ചെലവ് വേണ്ടിവരും. സർക്കാരിൽ നിന്നും ചികിത്സാ സഹായം ലഭിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു.
വാഹനാപകടത്തിൽ കാർ ഓടിച്ച പുറമേരി മീത്തലെ പുനത്തിൽ ഷജീലിന് (35) വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം നൽകിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പ് പ്രകാരമായിരുന്നു കേസ്. തിങ്കളാഴ്ച കോയമ്പത്തൂരിൽ വിമാനമിറങ്ങിയപ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാൾക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
advertisement
2024 ഫെബ്രുവരി 17നാണ് വടകരക്ക് സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിൽ രാത്രി 9 മണിയോടെ അപകടമുണ്ടായത്. പുത്തലത്ത് ബേബി മരിക്കുകയും കൂടെയുണ്ടായിരുന്ന പേരക്കുട്ടി ദൃഷാനക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ ഷജീൽ കാർ നിർത്താതെ ഓടിച്ചുപോവുകയായിരുന്നു. ഷജീൽ ഭാര്യക്കും മക്കൾക്കുമൊപ്പം വടകരയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് ദേശീയ പാതയിൽ വെച്ച് ദൃഷാനയെയും ബേബിയെയും ഇടിച്ചുതെറിപ്പിച്ച് കാർ നിർത്താതെ പോയത്. പിൻസീറ്റിലിരുന്ന മക്കൾ മുൻ സീറ്റിലിരിക്കാൻ വാശിപിടിച്ചതോടെയാണ് കാറിന്റെ നിയന്ത്രണം നഷ്ടമായത്.
advertisement
പ്രതി ഇൻഷുറൻസ് ക്ലെയിം ചെയ്തതിലൂടെയാണ് സംഭവത്തിൽ കേസിന്റെ ചുരുളഴിഞ്ഞത്. ഷജീലിന്റെ മാരുതി സ്വിഫ്റ്റ് കാറിന്റെ മുൻഭാഗം ഇടിയുടെ ആഘാതത്തിൽ തകർന്നിരുന്നു. പുറമേരി വെള്ളൂർ റോഡിലെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് കയറ്റിയ കാർ മതിലിലിടിച്ച് തകർന്നതാണെന്ന് ഇൻഷുറൻസ് കമ്പനിക്ക് വ്യാജ വിവരം നൽകി നഷ്ടപരിഹാരം വാങ്ങുകയായിരുന്നു.
അഞ്ഞൂറിലധികം കാർ വർക് ഷോപ്പുകളിൽ കയറിയിറങ്ങിയ അന്വേഷണസംഘം 19,000 വാഹനങ്ങളും അരലക്ഷത്തോളം ഫോൺ കോളുകളും കേസിൽ പരിശോധിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വർക്ക് ഷോപ്പുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെയാണ് വെള്ളൂരിലെ വർക്ക് ഷോപ്പിൽനിന്ന് അറ്റകുറ്റപ്പണി നടത്തിയ കാറിന് നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് 30,000 രൂപ അനുവദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ കാറാണ് ദൃഷാനയെയും ബേബിയെയും ഇടിച്ച് തെറിപ്പിച്ചതെന്ന് കണ്ടെത്തിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Vadakara (Vatakara),Kozhikode,Kerala
First Published :
February 12, 2025 8:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കോയമ്പത്തൂരിൽ വിമാനം ഇറങ്ങി, പൊലീസ് ചെലവിൽ നാട്ടിലും ജാമ്യം നേടി വീട്ടിലും എത്തി'; പ്രതിക്ക് ജാമ്യം നൽകിയതിനെതിരെ ദൃഷാനയുടെ കുടുംബം