KRail | മൂന്നു കോടിയിലേറെ രൂപ ചെലവഴിച്ച 6000 കല്ലുകളുടെയും പ്രതിഷേധക്കാർക്കെതിരെയുളള കേസുകളുടെയും ഭാവിയെന്ത്?
- Published by:Arun krishna
- news18-malayalam
Last Updated:
പോലീസ് സഹായത്തോടെ ബലംപ്രയോഗിച്ച് കല്ലിടല്‍ നടത്തിയതാണ് പലയിടങ്ങളും പ്രതിഷേധ സമരങ്ങള്‍ അക്രമാസക്തമാകാന്‍ കാരണമായത്.
കെറെയില്‍ സില്‍വര്‍ ലൈന്‍ (KRail Silverline) പദ്ധതിയുടെ സര്‍വേക്കായി കല്ലിടുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോകുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിരുകല്ലുകൾ ഉപയോഗിക്കുന്നതിന് പകരം സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജി പി എസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. മഞ്ഞ സർവേ കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണമെന്നാണ് നിർദേശം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണം.
955.13 ഹെക്ടർ ഭൂമിയാണ് കെറെയില്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടത്. സാമൂഹിക ആഘാത പഠനം നടത്തുന്നതിനു കല്ലിടുന്നതിനായി ലക്ഷ കണക്കിന് രൂപ ഇതിനോടകം ചെലവാക്കി കഴിഞ്ഞു. സിൽവര്‍ലൈനിന്റെ ആകെ ദൂരം 530 കിലോമീറ്ററാണ്. ഇതിൽ 190 കിലോമീറ്ററിലാണ് കല്ലിടൽ പൂർത്തിയായത്. ആകെ 20,000 കല്ലുകൾ സ്ഥാപിക്കാനാണ് കെറെയില്‍ കോര്‍പറേഷന്‍ പദ്ധതിയിട്ടിരുന്നത്. ഇതുവരെ 6020 കല്ലുകൾ സ്ഥാപിച്ചതായി കെ റെയിൽ കോർപറേഷൻ പറയുന്നു. ഇതിൽ പലതും ഭൂമിയുടെ ഉടമകളും പ്രതിഷേധക്കാരും പിഴുതെറിഞ്ഞു കളയുകയും ചെയ്തു.
advertisement
1000 രൂപയ്ക്കാണ് കെ റെയിൽ കോർപ്പറേഷന് അതിരടയാളക്കല്ല് സ്വകാര്യ കമ്പനികൾ നൽകുന്നത്. ഇത് ഒരു പ്രദേശത്ത് സ്ഥാപിക്കാനുള്ള ചെലവ് 5000 രൂപയാണ്. പോലീസിനു നൽകുന്ന തുകയും ഗതാഗത ചെലവുമെല്ലാം ഇതിൽ ഉൾപ്പെടും. ആകെ 6000 രൂപയാണ് ഒരു കല്ല് സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ചെലവാക്കുന്നത്, ഇതുവരെ സ്ഥാപിച്ച 6020 കല്ലുകള്‍ക്കായി ഏകദേശം മൂന്ന് കോടിയിലെറെ രൂപ ഈ ഇനത്തില്‍ മാത്രം ഉപയോഗിച്ച് കഴിഞ്ഞു.
Also Read- 'ഉടമകൾ സമ്മതിക്കുന്ന സ്ഥലങ്ങളിൽ കല്ലിടും, തർക്കമുള്ളിടത് ജിയോ ടാഗ്': റവന്യു മന്ത്രി കെ രാജൻ
advertisement
കാസര്‍കോട് ജില്ലയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ സര്‍വേ കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 14 വില്ലേജുകളിലായി 42.6 കിലോമീറ്റര്‍ ദൂരം 1651 കല്ലുകളിട്ടു. കണ്ണൂര്‍ ജില്ലയില്‍ 12 വില്ലേജുകളിലായി 36.9 കിലോമീറ്റര്‍ നീളത്തില്‍ 1,130 കല്ലുകള്‍ സ്ഥാപിച്ചു. കോഴിക്കോട് ജില്ലയിലെ 3 വില്ലേജുകളിലായി 9.8 കിലോമീറ്ററോളം ദൂരം 302 കല്ലുകളിട്ടു. കോട്ടയം ജില്ലയിലെ 4 വില്ലേജുകളിൽ 8.8 കിലോമീറ്റര്‍ ദൂരം 427 കല്ലുകള്‍ സ്ഥാപിച്ചു. ആലപ്പുഴയില്‍ മുളക്കുഴ വില്ലേജില്‍ 6 കിലോമീറ്റര്‍ ദൂരം 35 കല്ലുകളിട്ടു. തിരുവനന്തപുരത്ത് ഏഴു വില്ലേജുകളിലായി 12 കിലോമീറ്ററോളം ദൂരത്തില്‍ 623 കല്ലുകള്‍ സ്ഥാപിച്ചു. കൊല്ലം ജില്ലയിലെ എട്ടു വില്ലേജുകളിലായി 16.7 കിലോമീറ്റര്‍ ദൂരത്തില്‍ 873 കല്ലുകളാണ് സ്ഥാപിച്ചത്. എറണാകുളം ജില്ലയിലെ 12 വില്ലേജുകളിലായി 26.80 കിലോമീറ്ററോളം ദൂരത്തില്‍ 949 കല്ലുകള്‍ സ്ഥാപിച്ചു. തൃശൂര്‍ ജില്ലയിലെ 4 വില്ലേജുകളില്‍ രണ്ടര കിലോമീറ്റര്‍ ദൂരം 68 കല്ലുകള്‍ സ്ഥാപിച്ചു. മലപ്പുറം ജില്ലയിലെ 7 വില്ലേജുകളില്‍ 24.2 കിലോമീറ്ററോളം ദൂരത്തില്‍ 306 കല്ലുകള്‍ സ്ഥാപിച്ചു.
advertisement
സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ജിയോ ടാഗ് സംവിധാനത്തിലൂടെ സര്‍വേ പൂര്‍ത്തികരിക്കാമെന്ന വിദഗ്ദ നിര്‍ദേശം ആദ്യഘട്ടത്തില്‍ ഘട്ടത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നെങ്കില്‍ കല്ലിടലിനായി ചിലവാക്കിയ തുകയ്ക്ക് പുറമെ ഇതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധ സമരങ്ങളും അക്രമ സംഭവങ്ങളും ഒഴിവാക്കാമായിരുന്നു. കല്ലിടലിനെതിരെ പ്രതിഷേധിച്ച നിരവധി പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമോ എന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 17, 2022 11:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KRail | മൂന്നു കോടിയിലേറെ രൂപ ചെലവഴിച്ച 6000 കല്ലുകളുടെയും പ്രതിഷേധക്കാർക്കെതിരെയുളള കേസുകളുടെയും ഭാവിയെന്ത്?