വൈദ്യുതി വൈകിട്ട് 6 മുതല്‍ 10 വരെ ഉപയോഗിച്ചാല്‍ 20 % അധിക നിരക്ക്; കൂടുതല്‍ വീടുകൾക്ക് ബാധകമാക്കാന്‍ KSEB
- Published by:Arun krishna
- news18-malayalam
Last Updated:
നിലവിൽ മാസം 500 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന വീടുകൾക്കും വ്യവസായസ്ഥാപനങ്ങൾക്കും മാത്രമാണ് പ്രസ്തുത രീതി നടപ്പാക്കിയത്
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗത്തിന് വ്യത്യസ്തസമയങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് രീതി ഗാർഹികോപഭോക്താക്കളിൽ കൂടുതൽപേർക്ക് ബാധകമാക്കാൻ കെഎസ്ഇബിയില്‍ ആലോചന. നടപ്പായാൽ വൈകിട്ട് 6 മുതല്‍ രാത്രി 10 വരെയുള്ള വൈദ്യുതോപയോഗത്തിന് 20 ശതമാനംവരെ കൂടുതൽ നിരക്ക് ഈടാക്കും.
നിലവിൽ മാസം 500 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന വീടുകൾക്കും വ്യവസായസ്ഥാപനങ്ങൾക്കും മാത്രമാണ് പ്രസ്തുത രീതി നടപ്പാക്കിയത്. എന്നാല്‍ 500 യൂണിറ്റിൽത്താഴെ ഒരു നിശ്ചിതപരിധിവരെ ഉപയോഗിക്കുന്ന വീടുകൾക്കും ഇതേരീതി ബാധകമാക്കാനാണ് ആലോചന. അടുത്ത വർഷത്തേക്ക് നിരക്ക് പരിഷ്കരണത്തിന് റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകുമ്പോൾ ഈ നിർദേശം ഉൾപ്പെടുത്താനുള്ള ചർച്ചകളാണ് കെഎസ്ഇബിയില്‍ നടക്കുന്നത്. കമ്മിഷൻ അംഗീകാരം നല്‍കിയാല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ കൊണ്ടുവരും. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നേരം നോക്കി നിരക്ക്
ടൈം ഓഫ് ദി ഡേ താരിഫ് (ടി.ഒ.ഡി. താരിഫ്) എന്നാണ് ഈ രീതി ആറിയപ്പെടുന്നത്. ദിവസത്തെ നോർമൽ, പീക്, ഓഫ് പീക് എന്നിങ്ങനെ മൂന്ന് സമയമേഖലകളായി തിരിച്ചാണ് ഈ രീതിയിൽ നിരക്ക് കണക്കാക്കുന്നത്. ഇതിനായി റെഗുലേറ്ററി കമ്മിഷൻ ഏറ്റവും ഒടുവിൽ അംഗീകരിച്ച നിരക്ക് ഇപ്രകാരമാണ്.
advertisement
- നോർമൽ ടൈം- രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ-സാധാരണ നിരക്ക്.
- പീക് ടൈം - (ഉപയോഗം ഏറ്റവും കൂടുതൽ) വൈകുന്നേരം ആറുമുതൽ രാത്രി 10 വരെ -സാധാരണനിരക്കിന്റെ 20 ശതമാനം അധികം.
- ഓഫ് പീക് ടൈം- രാത്രി 10 മുതൽ രാവിലെ ആറുവരെ -സാധാരണ നിരക്കിൽനിന്ന് 10 ശതമാനം കുറവ്.
ഈ നിരക്ക് കണക്കാക്കാന്‍ പ്രത്യേക മീറ്റർ സ്ഥാപിക്കേണ്ടതില്ല. വീടുകളിലെ ഭൂരിഭാഗം മീറ്ററുകളിലും ഇതിനുള്ള സൗകര്യമുണ്ട്. രാത്രി പത്തുമണിക്കുമുമ്പ് ലൈറ്റണച്ച് കിടക്കുന്ന ശീലത്തിൽ മാറ്റം വന്നതിനാൽ പീക് ടൈം എന്നത് വൈകുന്നേരം ആറുമുതൽ രാത്രി 12 വരെയാക്കണമെന്ന് ബോർഡ് കമ്മിഷനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മിഷൻ അനുവദിച്ചിരുന്നില്ല.
advertisement
ബില്ല് കണ്ടാല്‍ നാട്ടുകാര്‍ക്ക് കറന്‍റടിക്കും...
സംസ്ഥാനത്ത് നിലവിലുള്ള 1.3 കോടി ഉപഭോക്താക്കളിൽ 98 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളാണ്. ബൾബുകളുടെയും ഫാനിന്റെയും എണ്ണം കുറച്ചും കൂടുതൽ വൈദ്യുതി വേണ്ടിവരുന്ന ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീൻ തുടങ്ങിയവയുടെ ഉപയോഗം രാത്രി പത്തിനുശേഷമാക്കിയും വേണം അമിത ബില്ല് തടയാൻ. ഇത് എല്ലാവർക്കും എല്ലായ്‌പ്പോഴും പ്രായോഗികമാവണമെന്നില്ല. അതിനാൽ ബിൽ കൂടും. എന്നാൽ, നിരക്ക് കൂടില്ലെന്നും ജനത്തെ പിഴിയാത്തവിധമാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നുമാണ് മന്ത്രി കെ. കൃഷ്ണൻകുട്ടി വിശദീകരിച്ചത്.
ഇപ്പോൾ മാസം 500 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന 15,000 പേർക്കുമാത്രമാണ് ഇത് ബാധകം. 98 ലക്ഷം ഉപഭോക്താക്കളിൽ നല്ലൊരു വിഭാഗത്തെ ഇക്കൂട്ടത്തിൽപ്പെടുത്തുകയാണ് ബോർഡിന്റെ ലക്ഷ്യം. എന്നാൽ, ടി.ഒ.ഡി. നിരക്ക് നടപ്പാക്കിയാൽ രാത്രിയിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാമെന്നും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് ഇപ്പോൾ വൻതുക ചെലവഴിക്കുന്നത് കുറയ്ക്കാമെന്നുമാണ് ബോർഡ് കരുതുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 21, 2022 10:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വൈദ്യുതി വൈകിട്ട് 6 മുതല്‍ 10 വരെ ഉപയോഗിച്ചാല്‍ 20 % അധിക നിരക്ക്; കൂടുതല്‍ വീടുകൾക്ക് ബാധകമാക്കാന്‍ KSEB