KSRTC ഡീസല്‍ പ്രതിസന്ധി തുടരുന്നു; സര്‍വീസുകള്‍ ഇന്നും മുടങ്ങും
- Published by:Arun krishna
- news18-malayalam
Last Updated:
ഇന്ധന വിതരണക്കാർക്ക് മുൻപ് നൽകാനുള്ള 123 കോടിക്ക് പുറമേ കഴിഞ്ഞമാസം 13 കോടിയുടെ കുടിശിക വന്നതാണ് ഡീസൽ വിതരണം തടസപ്പെടാൻ കാരണമായത്.
തിരുവനന്തപുരം: ഡീസല്‍ പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി മുടങ്ങും. ഡീസല്‍ പ്രതിസന്ധി കണക്കിലെടുത്ത് ഭൂരിഭാഗം ഓര്‍ഡിനറി ബസുകളും ഭാഗികമായി ദീര്‍ഘദൂര ബസ്സുകളും സര്‍വീസ് നടത്തില്ല. കിലോമീറ്ററിന് 35 രൂപയില്‍ കുറവ് വരുമാനമുള്ള ബസ്സുകളാണ് വെട്ടിക്കുറയ്ക്കുന്നത്. സിറ്റി സര്‍വീസുകള്‍ അടക്കമുള്ള തിരക്കുള്ള റൂട്ടുകളിലെ ഹ്രസ്വദൂര ബസുകളെ പ്രതിസന്ധി ബാധിച്ചേക്കില്ല.
തിരക്ക് അനുസരിച്ച് സൂപ്പർ ക്ലാസ് സർവീസുകൾ നടത്താനാണ് നിർദേശം. ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ 20 കോടി രൂപ അനുവദിച്ചെങ്കിലും കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ പണം എത്താൻ ബുധനാഴ്ച വരെ സമയമെടുക്കും.തുക ലഭിച്ചാല്‍ ഇന്ധന കമ്പനികള്‍ക്ക് കുടിശിക തീര്‍ത്തു അടിയന്തിരമായി പ്രതിസന്ധി പരിഹരിക്കാമെന്നാണ് കണക്കുകൂട്ടല്‍.
ഇന്ധന വിതരണക്കാർക്ക് മുൻപ് നൽകാനുള്ള 123 കോടിക്ക് പുറമേ കഴിഞ്ഞമാസം 13 കോടിയുടെ കുടിശിക വന്നതാണ് ഡീസൽ വിതരണം തടസപ്പെടാൻ കാരണമായത്. വിപണി വിലയില്‍ കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ആവര്‍ത്തിച്ചു. ഇക്കാര്യം ഐഒസി കോടതിയെ അറിയിച്ചു. ഡീസല്‍ വാങ്ങിയ ഇനത്തില്‍ 139.97 കോടി രൂപ കെഎസ്ആര്‍ടിസി നല്‍കാനുണ്ട് കമ്പനി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
advertisement
ദിവസ വരുമാനത്തില്‍ നിന്നു പണമെടുത്തു ശമ്പളം നല്‍കിയതാണ് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയത്. ഇന്നലെ 40 ശതമാനം സര്‍വീസുകള്‍ മുടങ്ങിയിരുന്നു. തിരക്ക് അനുസരിച്ച് സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ സര്‍വീസുകള്‍ നടത്താന്‍ നിര്‍ദേശമുണ്ട്. അതേസമയം, സര്‍വീസ് പ്രതിസന്ധി ആസൂത്രിതമെന്നാണ് തൊഴിലാളി യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 07, 2022 7:37 AM IST