• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'അധികാരമില്ലാതെ നില്‍ക്കാന്‍ ലീഗിന് കഴിയും, കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയാണ് രാഷ്ട്രീയം': കെ.എം ഷാജി

'അധികാരമില്ലാതെ നില്‍ക്കാന്‍ ലീഗിന് കഴിയും, കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയാണ് രാഷ്ട്രീയം': കെ.എം ഷാജി

'രാഹുലിനെ തോല്‍പ്പിച്ചാല്‍ ലീഗിന് തമിഴ്‌നാടും കര്‍ണ്ണാടകയും വേണമെങ്കില്‍ ബി.ജെ.പി എഴുതിത്തരും. കൊക്കില്‍ ജീവനുള്ളിടത്തോളം ലീഗ് അത് ചെയ്യില്ലെന്നതാണ് രാഷ്ട്രീയം'

 • Share this:
  കോഴിക്കോട്: മുസ്ലിം ലീഗിന് അധികാരമില്ലാതെ നിലനില്‍ക്കാന്‍ കഴിയില്ലെന്ന് ആരാണ് പറയുന്നതെന്ന ചോദ്യവുമായി കെ.എം.ഷാജി. ആരാണ് ലീഗിനെ അധികാരത്തില്‍ കൊണ്ടുപോയി കെട്ടുന്നത്. ആര്‍ക്കാണ് ഇതിന്റെ ലാഭം എന്നും കെ. എം ഷാജി ചോദിച്ചു. മലപ്പുറത്ത് മുഹമ്മദലി ശിഹാബ് തങ്ങള്‍ ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു കെ.എം ഷാജി.

  'പത്ത് കൊല്ലം തുടര്‍ച്ചയായി ഭരണത്തിലില്ലെങ്കില്‍ ലീഗിന് നില്‍ക്കാന്‍ കഴിയില്ലെന്ന് പറയുന്നതിന്റെ സയന്‍സ് എന്താണ്. ഇന്നലെ എം.എസ്.എഫ് സമ്മേളനത്തില്‍ ആയിരക്കണക്കിന് പേര്‍ വന്നു. അത് ലീഗ് അധികാരമില്ലാതെ ആറ് വര്‍ഷത്തിന് ശേഷമാണ് നടന്നത്. നിങ്ങള്‍ ഇവിടെ ഇരിക്കുന്നത് നാല് കൊല്ലത്തിനകം ഒരു അധികാരവും വരില്ലെന്ന് അറിഞ്ഞുകൊണ്ടാണ്. ആരാണ് ലീഗിനെ അധികാരത്തോട് കൊണ്ടുപോയി കെട്ടുന്നത്. ആര്‍ക്കാണ് ഇതിന്റെ ലാഭം. മുസ്ലിം ലീഗിന് അധികാരത്തില്‍ പോയി നിര്‍വ്വഹിക്കാനുള്ളതിനെക്കാള്‍ വലിയ ഉത്തരവാദിത്തം ഉണ്ട്. ഇന്ത്യാ രാജ്യത്ത് ഫാസിസത്തെ ചെറുക്കാനുള്ള ഉത്തരവാദിത്തമാണ് വലുതെന്ന് കെ. എം ഷാജി പറഞ്ഞു.

  1991 ല്‍ മുസ്ലിം ലീഗിന്റെ ആവശ്യപ്രകാരം കോണ്‍ഗ്രസ് കൊണ്ടു വന്ന ആരാധാനാലയ ബില്ല് മാത്രം മതി വര്‍ത്തമാന കാലത്ത് കോണ്‍ഗ്രസ് ലീഗ് സഖ്യം വ്യാഖ്യാനിക്കാന്‍ എന്ന് കെ എം ഷാജി പറഞ്ഞു. ബാബരി മസ്ജിദ് തര്‍ക്കവും രഥ യാത്രയും കൊടുമ്പിരികൊള്ളുന്ന കാലത്ത് സമുദായത്തിന്റെ അവകാശത്തിന് വേണ്ടി ദൂരക്കാഴ്ചയോടെ ശിഹാബ് തങ്ങളും ബനാത് വാലയും ഒക്കെ ആലോചിച്ചെടുത്ത ഒരു തീരുമാനത്തിന്റെ ഭാഗമായിരുന്നു ആ ബിൽ. ലീഗിന്റെ രാഷ്ട്രീയ പ്രസക്തിയും കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ ന്യായീകരണവും മനസ്സിലാക്കാന്‍ ഇതു മതി. ഇന്നത്തെ ഗ്യാന്‍വ്യാപി പള്ളിയുടെ വിഷയത്തില്‍ കോടതിയും ഇന്ത്യ മൊത്തവും ആ നിയമം ആണ് ചര്‍ച്ച ചെയ്യുന്നത്.

  കോണ്‍ഗ്രസിനകത്തുള്ള ജനാധിപത്യം കൊണ്ടു കൂടിയാണ് ഇന്ത്യയില്‍ ഇപ്പോഴും എല്ലാ സ്റ്റേറ്റിലും കുറച്ചാണെങ്കിലും ആ പാര്‍ട്ടി നില നില്‍ക്കുന്നതിന്റെ ഒരു കാരണം. അതെ സമയം സിപിഎം പോലെയുള്ള പാര്‍ട്ടിയില്‍ ഈ ജനാധിപത്യം തീരെ ഇല്ലാത്തത് കൊണ്ടാണ് അത് ബംഗാളിലും ത്രിപുരയിലും പോലും ഇല്ലാതായിപ്പോയത്. കേരളത്തില്‍ പിണറായി വിജയന് എതിരെ ക മാ എന്ന് പറയാന്‍ കഴിയാതെ ശ്വാസം മുട്ടുകയാണ് ആളുകള്‍ക്ക്.

  ഈ രാജ്യത്തിന്റെ ഭരണഘടന നിലനിര്‍ത്തുക എന്നതാണ് ഇന്നത്തെ ലീഗിന്റെ ഏറ്റവും വലിയ ദൗത്യം. ഭരണ ഘടന ഉണ്ടാക്കുന്നതില്‍ ലീഗിന് വലിയ പങ്കുണ്ട്. ഇന്ത്യയുടെ അധികാരം കയ്യില്‍ കിട്ടിയിട്ട് വേണ്ടെന്നു പറഞ്ഞ മഹതിയാണ് സോണിയ ഗാന്ധി. അവരോടു പാര്‍ലിമെന്റില്‍ ബിജെപി എം പി മാര്‍ പെരുമാറിയത് കണ്ടാല്‍ അറിയാം അവരുടെ ഒരു നിലവാരം. ഇന്ത്യയിലെ ഫാസിസത്തിനു രണ്ടു ശത്രുക്കളെ ഉള്ളൂ. ആരെന്ത് ബഡായി പറഞ്ഞിട്ടും കാര്യമില്ല. അത് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്.

  രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കാന്‍ കൂട്ട് നിന്ന് കൊടുത്താല്‍ ഇന്ത്യയിലെ ഒരു സ്റ്റേറ്റ് തന്നെ വേണമെങ്കില്‍ ബിജെപി ലീഗിന് എഴുതി തരും. ലീഗ് നിര്‍വഹിക്കുന്ന ആ രാഷ്ട്രീയ ദൗത്യം എത്ര വലുതാണ് എന്ന് ബോധ്യപ്പെടണമെങ്കില്‍ ഇത് മാത്രം ആലോചിച്ചാല്‍ മതി. രാഹുലിനെ വിജയിപ്പിച്ച് ലീഗ് ഇന്ത്യന്‍ ജനാധിപത്യത്തിന് കാവല്‍ നില്‍ക്കുകയാണ്. രാഹുലിനെ തോല്‍പ്പിച്ചാല്‍ ലീഗിന് തമിഴ്‌നാടും കര്‍ണ്ണാടകയും വേണമെങ്കില്‍ ബി.ജെ.പി എഴുതിത്തരും. കൊക്കില്‍ ജീവനുള്ളിടത്തോളം ലീഗ് അത് ചെയ്യില്ലെന്നതാണ് രാഷ്ട്രീയം.

  Also Read- 'ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറയുന്നത് തള്ള് മാത്രം'; ശ്രീറാമിനെ മാറ്റിയത് ഭീരുത്വമെന്ന് കെ സുരേന്ദ്രൻ

  കോൺഗ്രസിന്‍റെ കൂടെ നിൽക്കും എന്ന് പറയുന്നത് നേതൃത്വത്തിന് എതിരാണ് എന്ന് പറയുന്നതിന്റെ അര്‍ത്ഥം മനസ്സിലാവുന്നില്ല. അതൊക്കെ മീഡിയ ഉണ്ടാക്കുന്ന വ്യാഖ്യാനമാണ്. കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുക എന്നത് ശിഹാബ് തങ്ങള്‍ ജാഗ്രതോയോടെ എടുത്ത തീരുമാനം ആണ്.

  സിപിഎമ്മുമായി വിയോജിക്കുക എന്നത് ഒരു സാംസ്‌കാരിക വിഷയം കൂടിയാണ്. പൂക്കോയ തങ്ങള്‍ സ്മരണികയില്‍ കൃത്യമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി കൂട്ട് കൂടരുത് എന്ന് എഴുതി വെച്ചിട്ടുണ്ട്. അധികാരം കിട്ടിയേക്കാം എന്നല്ലാതെ അതിനപ്പുറം ഒരു ഗുണവും അത് കൊണ്ടുണ്ടാവില്ല. ഇപ്പോള്‍ ലീഗിന് അധികാരത്തേക്കാള്‍ വലുത് ഫാസിസത്തെ ചെറുക്കാന്‍ രാഹുല്‍ ഗാന്ധിയുടെ കൂടെ നില്‍ക്കുക എന്നതാണ്. ലഭിക്കുമായിരുന്ന അധികാരം വേണ്ട എന്ന് പറഞ്ഞ കുടുംബമാണ് പാണക്കാട് കുടുംബം. അവര്‍ നയിക്കുമ്പോള്‍ അധികാരം കാട്ടി ഒപ്പം കൂട്ടാമെന്നു സിപിഎം കരുതേണ്ട എന്നും ഷാജി പറഞ്ഞു.
  Published by:Anuraj GR
  First published: