ഗവർണർക്കെതിരെ അതിക്രമം നടന്നിട്ടില്ലന്ന് നിയമോപദേശം; ഗവർണർ പറയുന്നതിൽ സത്യമുണ്ടെന്ന് എം ജിഎസ് നാരായണൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ചരിത്ര കോൺഗ്രസിൽ ഗവർണർ ആരിഫ് മുഹമദ് ഖാനെതിരെ അതിക്രമമുണ്ടായിട്ടില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദ്ദേശം
കോഴിക്കോട്: ചരിത്ര കോൺഗ്രസിൽ ഗവർണർക്കെതിരെയുള്ള കയ്യേറ്റ ആരോപണത്തിൽ പൊലീസ് കേസെടുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചത് നിയമോപദേശം പരിഗണിച്ചെന്ന രേഖ പുറത്ത്. ഗവർണർക്കെതിരെ കയ്യേറ്റം നടന്നിട്ടില്ല എന്ന നിയമോപദേശത്തിൽ പരാമർശമുണ്ട്. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ ഗവർണർ ആരിഫ് മുഹമദ് ഖാനെതിരെ അതിക്രമമുണ്ടായിട്ടില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദ്ദേശം. അതുകൊണ്ടുതന്നെ കേസെടുക്കേണ്ടതില്ലന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത് കുമാർ നിയമോപദേശം നൽകിയത്.
ഐപിസി 124 നിലനിൽക്കില്ലെന്നും ഗവർണറുടെ സുരക്ഷാ ചുമതലയുള്ള എഡിസിയിൽ നിന്ന് പരാതി ലഭിച്ചിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്നാണ് പൊലീസ് നിയമോപദേശം തേടിയത്. ഗവർണറെ കയ്യേറ്റം ചെയ്യാൻ ഗൂഢാലോചന നടക്കുകയോ അദ്ദേഹത്തിന്റെ പരിസരത്ത് പ്രതിഷേധക്കാർ പ്രവേശിക്കുകപോലും ചെയ്തിട്ടില്ലന്നും റിപ്പോർട്ടിലുണ്ട്. ഗവർണറുടെ ആരോപണത്തെത്തുടർന്ന് ആഗസ്ത് 25 നാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷങ്ങൾ ഗവ. പ്ലീഡറിൽ നിന്ന് നിയമോദേശം തേടിയത്. ആഗസ്ത് 31ന് നിയമോപദേശം ലഭിച്ചിരുന്നു. ഗവർണർ- സർക്കാർ പോര് തുടരുന്നതിനിടെയാണ് നിയമോപദേശ റിപ്പോർട്ട് പുറത്തുവരുന്നത്.
advertisement
അതേസമയം കണ്ണൂർ ചരിത്ര കോൺഗ്രസിലെ സംഭവങ്ങളിൽ ഗവർണർ ആരിഫ് മുഹമദ് ഖാനെ ന്യായീകരിച്ച് പ്രമുഖ ചരിത്രകാരൻ എം ജി എസ് നാരായണൻ. ആസൂത്രിതമായ അക്രമം എന്ന് തോന്നിപ്പിക്കുംവിധമാണ് ചരിത്ര കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടായതെന്ന് എം ജിഎസ് ന്യൂസ് 18നോട് പറഞ്ഞു. ഗവർണർ വിഷയത്തെ വളച്ചൊടിക്കുകയാണെന്ന് ചരിത്രകാരൻ ഇർഫാൻ ഹബീബ് വ്യക്തമാക്കി
advertisement
2019ൽ കണ്ണൂരിൽ നടന്ന ചരിത്രകോൺഗ്രസിലെ അക്രമം ആസൂത്രിതമാണെന്ന് തോന്നിപ്പോയെന്ന് എം ജിഎസ് നാരായണൻ പറഞ്ഞു. ചരിത്രകോൺഗ്രസിൽ ഡെലിഗേറ്റായിരുന്ന എം ജിഎസ് ഭാര്യ പ്രേമലതക്കൊപ്പമാണെത്തിയത്. ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സംഘടിതമായ ആക്രമണം പോലെ തോന്നിയെന്ന് എംജിഎസ് പറഞ്ഞു.
Also Read- 'പരാതിയുളളവർക്ക് രാഷ്ട്രപതിയെ സമീപിക്കാം'ആർഎസ്എസ് മേധാവിയുമായുളള കൂടിക്കാഴ്ചയേക്കുറിച്ച് ഗവർണർ
ഗവർണർ ആരിഫ് മുഹമദ് ഖാൻ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ചരിത്രകാരൻ ഇർഫാൻ ഹബീബ് അദ്ദേഹത്തിനടുത്തേക്ക് പാഞ്ഞടുത്തു. ഗാന്ധിജിയെ പരാമർശിച്ച് ഗവർണർ സംസാരിക്കുമ്പോൾ യൂ കോട്ട് ഗോഡ്സെ എന്ന് ഇർഫാൻ ഹബീബ് പറഞ്ഞിരുന്നതായും എം ജി എസ് വ്യക്തമാക്കി.
advertisement
എന്നാൽ ഗവർണർ വിഷയത്തെ വളച്ചൊടിച്ച് പ്രശ്നവത്ക്കരിക്കുകയാണെന്ന് ചരിത്രകാരൻ ഇർഫാൻ ഹബീബ് പറഞ്ഞു. പ്രിയ വർഗീസിന്റെ നിയമനം ചട്ടങ്ങൾ മറികടന്നാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രിയവർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനം മരവിപ്പിച്ച ഗവർണർ, കണ്ണൂർ യൂണിവേഴ്‌സിറ്റി വിസിയ്‌ക്ക് നോട്ടീസും നൽകി. ചാൻസിലറുടെ അധികാരം ഉപയോഗിച്ചാണ് ഗവർണർ ചട്ടലംഘനത്തിന് തിരിച്ചടി നൽകിയത്.
ഈ സംഭവത്തിന് പിന്നാലെയാണ് ഗവർണർ -സർക്കാർ പോര് രൂക്ഷമായത്. സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ രംഗത്തു വന്നു. ഗവർണർക്ക് മറുപടിയുമായി സർക്കാറും സി പി എമ്മും സി പി ഐ രംഗത്തുവന്നു. ഇതിനിടെ ചരിത്ര കോൺഗ്രസിൽ വധശ്രമമുണ്ടായെന്ന ആരോപണവുമായി ഗവർണർ സർക്കാറിനെ പ്രതിരോധത്തിലാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 20, 2022 9:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗവർണർക്കെതിരെ അതിക്രമം നടന്നിട്ടില്ലന്ന് നിയമോപദേശം; ഗവർണർ പറയുന്നതിൽ സത്യമുണ്ടെന്ന് എം ജിഎസ് നാരായണൻ