'അങ്ങാടിയിൽ തോറ്റതിന് അമ്മയോട്'; ഗവേഷണ പ്രബന്ധത്തിനെതിരെയുള്ള പരാതിയിൽ മന്ത്രി കെടി ജലീൽ
- Published by:Naseeba TC
- news18-malayalam
Last Updated:
തന്റെ Ph.D തിസീസ് മെച്ചപ്പെട്ടതാണോ അല്ലയോ എന്ന് പരിശോധിക്കാൻ താൽപര്യമുള്ളവർക്ക് വാങ്ങി വായിക്കാവുന്നതാണെന്ന് ജലീൽ
തിരുവനന്തപുരം: മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും പങ്കിനെ അധികരിച്ചു തയ്യാറാക്കിയ കെടി ജലീലിന്റെ പ്രബന്ധത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് കഴിഞ്ഞദിവസം ഗവർണറെ സമീപിച്ചത്. പരാതി പരിശോധിക്കാൻ കേരള വിസിക്ക് കൈമാറുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മന്ത്രി ജലീലിന്റെ മറുപടി.
തനിക്കെതിരായ ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകരുമ്പോൾ പുതിയ ആയുധങ്ങൾ തേടുന്നതിന്റെ ഭാഗമാണ് പ്രബന്ധത്തിന് എതിരായ വിമർശനം എന്നാണ് ജലീൽ ചൂണ്ടിക്കാട്ടുന്നത്. പാവം പ്രബന്ധം എന്ത് പിഴച്ചു എന്ന് ആക്ഷേപിച്ചു കൊണ്ടാണ് ജയിലിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകുന്നത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന തലക്കെട്ടിൽ ജയിലിൽ ഫേസ്ബുക്കിലൂടെ നൽകിയ മറുപടി ഇങ്ങനെ .
"ഗവേഷണ പ്രബന്ധത്തിന്റെ ഇംഗ്ലീഷിലുള്ള രണ്ടാം പതിപ്പ് " Revisiting Malabar Rebellion 1921" എന്ന പേരിൽ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ പ്രസാധക കമ്പനികളിലൊന്നായ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ ഇ കോപ്പിയും ലഭ്യമാണ്. ചിന്താ പബ്ലിക്കേഷൻസ് അതിന്റെ മലയാള വിവർത്തനം "മലബാർ കലാപം ഒരു പുനർവായന" എന്ന തലക്കെട്ടിലും പുറത്തിറക്കിയിട്ടുണ്ട്. ഏഴു പതിപ്പുകൾ ഇതിനകം പ്രസ്തുത പുസ്തകം അച്ചടിച്ചുകഴിഞ്ഞു. ഇതിന്റേയും ഇ കോപ്പി റൈറ്റ് ഡിസി ബുക്സിനാണ് നൽകിയിട്ടുള്ളത്. ആർക്കുവേണമെങ്കിലും ഗവേഷണ പ്രബന്ധത്തിന്റെ കോപ്പികൾ ഡിസി ബുക്സിന്റെ ഷോറൂമുകളിലും ദേശാഭിമാനി ബുക്ക് ഹൗസുകളിലും ലഭിക്കും. തന്റെ Ph.D തിസീസ് മെച്ചപ്പെട്ടതാണോ അല്ലയോ എന്ന് പരിശോധിക്കാൻ താൽപര്യമുള്ളവർക്ക് വാങ്ങി വായിക്കാവുന്നതാണെന്ന് ജലീൽ ചൂണ്ടിക്കാട്ടുന്നു. പി.എച്ച്.ഡി തിസീസ് ആരും കാണാതെ അട്ടത്ത് കെട്ടിവെക്കുകയല്ല ചെയ്തത്. ജനസമക്ഷം സമർപ്പിക്കുകയാണ് ചെയ്തതെന്നും ജലീലിന്റെ വിശദീകരണം.
advertisement
പ്രബന്ധം വെബ്സൈറ്റിൽ നിന്നും വിവരാവകാശത്തിലൂടെയാണ് ലഭിച്ചതെന്നും പരാതിക്കാർ ആരോപിച്ചിരുന്നു.
2016 - 2017 കാലയളവിൽ രചിക്കപ്പെട്ട കേരള ചരിത്രവുമായ ബന്ധപ്പെട്ട മികച്ച ഗ്രന്ഥത്തിനുള്ള 'തനിമ' അവാർഡ് "മലബാർകലാപം ഒരു പുനർവായന" എന്ന ഗവേഷണ പ്രബന്ധത്തിനാണ് ലഭിച്ചത്. ഇടതുപക്ഷ സഹയാത്രികരുടെ കൂട്ടായ്മയല്ല 'തനിമ'. എന്നെ മുഖ്യശത്രുവായി മുദ്രകുത്തി യുദ്ധം പ്രഖ്യാപിച്ചിട്ടുള്ളവരുടെ സാംസ്കാരിക സംഘടനയാണ് 'തനിമ'. അവരുടെ കയ്യും കാലും പിടിച്ച് ഒപ്പിച്ചെടുത്തതല്ല അവാർഡ് എന്നും ജലീൽ മറുപടി പറയുന്നു.
പക്ഷപാതപരമായ മനസ്സോടെയാണ് ഗവേഷകൻ വിഷയത്തെ സമീപിച്ചിട്ടുള്ളത്. മാപ്പിള കലാപത്തിന്റെ ഏറ്റവും നിർഭാഗ്യകരമായ വീഴ്ച (അണുപ്രസരണം) ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചിട്ടില്ല). തിസീസിന്റെ ഏറ്റവും വലിയ പോരായ്മയായി പരാതിക്കാർ ചൂണ്ടിക്കാട്ടിയ ഈ വിമർശനത്തിന് ജയിലിൽ തിരിച്ചടിച്ചത് ഇങ്ങനെ.
advertisement
You may also like:'മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട'; ചോദ്യം ചെയ്യലിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കെ ടി ജലീൽ
മലബാർകലാപം വർഗീയ കലാപമാണെന്നും അതിനു നേതൃത്വം നൽകിയ വാരിയംകുന്നനും ആലി മുസ്ല്യാരും വർഗീയവാദികളായിരുന്നു എന്നുമുള്ള കോൺഗ്രസ് - സംഘി വാദം നിരവധി ഉദ്ധരണികളുടെ പിൻബലത്തിൽ പൊളിച്ചടുക്കി യഥാർത്ത ചരിത്രം വെളിച്ചത്തു കൊണ്ടുവരാനാണ് ശ്രമിച്ചത്. അതിലുള്ള കലിപ്പും അസഹിഷ്ണുതയുമാണ് പുറമെ ഖദറും ഉള്ളിൽ കാക്കി നിക്കറും ധരിച്ച "സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി"ക്കാരുടെ പരാതിക്കാധാരമെന്ന് ചുരുക്കും. ഇതാണ് ജലീലിന്റെ വിമർശനം.
advertisement
മലബാറിൽ നടന്ന ധീരമായ സ്വാതന്ത്ര്യസമര പോരാട്ടത്തെ തള്ളിപ്പറയാനും അതിനെ മതഭ്രാന്തൻമാർ നടത്തിയ മതലഹളയാക്കാനുമാണ് പരാതിക്കാരുടെ പുറപ്പാടെങ്കിൽ, തെളിവുകൾ നിരത്തി അവസാന ശ്വാസംവരെയും അതിനെ പ്രതിരോധിക്കാൻ താൻ ഉണ്ടാകുമെന്നും ജലീൽ പറയുന്നു. ഏതൊരു പുസ്തകവും അങ്ങേയറ്റത്തെ വിമർശന ബുദ്ധിയോടെയും വർഗ്ഗീയ മനസ്സോടെയും വായിച്ചാൽ ചെറിയ ചെറിയ കുറ്റങ്ങളും കുറവുകളും വിയോജിപ്പുകളും ആർക്കും കണ്ടെത്താം.
തന്റെ പ്രബന്ധത്തിന് മൗലികതയുണ്ടോയെന്ന് പറയേണ്ടത് അക്കാഡമീഷ്യൻസും വായനക്കാരുമാണ്. അല്ലാതെ പകൽ കോൺഗ്രസ്സും, രാത്രി ആർ.എസ്.എസ്സുമായ സ്യൂഡോ സെക്കുലരിസ്റ്റുകളല്ല. ഫേസ്ബുക്ക് പോസ്റ്റിൽ ജലീലിനെ മറ്റു വിശദീകരണം ഇങ്ങനെ .
advertisement
ഗവർണ്ണർക്കും പത്രങ്ങൾക്കും നൽകിയ പരാതിയുടെ അർത്ഥശൂന്യത ചൂണ്ടിക്കാണിക്കാൻ ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ.
1) വിദഗ്ധരായ മൂല്യനിർണേതാക്കൾ 15 വർഷങ്ങൾക്കുമുമ്പ് മൂല്യനിർണയം നടത്തി ശുപാർശ ചെയ്താണ്, എനിക്ക് Ph.D ലഭിച്ചത്. അന്ന് കേരളത്തിൽ UDF സർക്കാരും കേരള സർവകലാശാലയിൽ UDF നിശ്ചയിച്ച വിസിയുമായിരന്നു. മൂല്യനിർണയ സമയത്തോ തുറന്ന വാചാ പരീക്ഷാസമയത്തോ ആരും പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ ഉന്നയിക്കുന്നത്.
2) ചരിത്ര ഗവേഷണത്തിൽ പൂർവപഠനങ്ങളിലെ നിഗമനങ്ങൾ ക്രോഡീകരിക്കുകയും, അവയിലൂന്നി പുതിയ വസ്തുത കണ്ടെത്തുന്നതും പുതിയ കാര്യമല്ല. ഇക്കാര്യം കൊണ്ടു തന്നെ ചരിത്രത്തിൽ ഇതര വിഷയങ്ങളെ അപേക്ഷിച്ച് ഉദ്ധരണികൾ കൂടുതലുണ്ടാകുക സ്വാഭാവികമാണ്. എല്ലാ വിവരപ്രഭവവും (Source) ഫൂട്ട് നോട്ടായും എൻ്റെ നോട്ടായും രേഖപ്പെടുത്തിയിട്ടുണ്ട്.
advertisement
3) കൃത്യമായ പരികൽപനയിൽ തുടങ്ങിയ (hypothesis ) ഗവേഷണം പ്രാഥമികവും ദ്വിതീയവുമായ ദത്തങ്ങളുടെ പിൻബലത്തിൻ ഗവേഷണാരംഭത്തിലെ പരികൽപനയെ സാധൂകരിക്കുകയാണ് ഉണ്ടായത്. അങ്ങനെ ലഭിച്ച ഫലം എങ്ങനെയാണ് പക്ഷപാതപരമാകുക?
4) സുദീർഘമായ പ്രബന്ധങ്ങളിൽ അക്ഷര - വാക്യ പിശകുകൾ കടന്നു കൂടുക സാധാരണമാണ്. ഉദ്ധരണികളിൽ നമ്മളായിട്ട് മാറ്റത്തിരുത്തലുകൾ വരുത്തുന്നതും അനുചിതമാകുമല്ലോ. ഏതാനും സ്ഥലങ്ങളിൽ വരാവുന്ന അത്തരം ടൈപ്പിംഗ് തെറ്റുകൾ പ്രസിദ്ധീകരണ സമയത്ത് തിരുത്തുവാനാണ് സാധാരണയായി മൂല്യനിർണേതാക്കൾ പറയാറുള്ളത്. അത് കഴിവിൻ്റെ പരമാവധി പാലിക്കാൻ തിസീസ് പ്രസിദ്ധീകരിച്ചപ്പോൾ ശ്രമിച്ചിട്ടുമുണ്ട്.
advertisement
എനിക്കെതിരെ കൊണ്ടുവരുന്ന ആരോപണങ്ങൾ ചീട്ടുകൊട്ടാം പോലെ തകർന്നടിയുമ്പോൾ പുതിയ ആരോപണങ്ങളുമായി ശത്രുക്കൾ രംഗത്തുവരുന്നത് ഏതൊക്കെ വിധത്തിലാണ്? അങ്ങാടിയിൽ തോറ്റതിന് എന്തിനാ അമ്മയുടെ മെക്കട്ട് കയറുന്നത്? പാവം ആ ഗവേഷണ പ്രബന്ധം എന്തു പിഴച്ചു?
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 10, 2020 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അങ്ങാടിയിൽ തോറ്റതിന് അമ്മയോട്'; ഗവേഷണ പ്രബന്ധത്തിനെതിരെയുള്ള പരാതിയിൽ മന്ത്രി കെടി ജലീൽ