വയനാട് ദുരന്തം: നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ മന്ത്രിമാരായ പി.പ്രസാദും സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം
ആലപ്പുഴ: ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ മന്ത്രിമാരായ പി.പ്രസാദും സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് തീരുമാനമായത്. തുടർന്ന് കളക്ടറേറ്റിൽ നെഹ്റു ട്രോഫി സബ് കമ്മിറ്റി യോഗം ചേർന്ന് ജില്ല കളക്ടർ അലക്സ് വർഗീസാണ് ഇക്കാര്യം അറിയിച്ചത്.മത്സരം ഇനി സെപ്റ്റംബറിൽ നടത്താനാണ് ആലോചന. എന്ന് നടത്തണമെന്ന കാര്യത്തിൽ അന്തിമതീരുമാനം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിന് ശേഷമുണ്ടാകും. ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം മത്സരം നടത്താനാണ് ആലോചിക്കുന്നത്.
നേരത്തെ നിശ്ചയിച്ച സാംസ്‌കാരിക ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും പൂർണമായും ഒഴിവാക്കി മത്സരം മാത്രമായി നടത്തണമെന്ന് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും ആവശ്യപ്പെട്ടിരുന്നു. മാസങ്ങൾ നീണ്ട തയ്യാറെടുപ്പിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നായിരുന്നു ഇവർ ചൂണ്ടിക്കാണിച്ചത്. പക്ഷെ കേരളം കണ്ട ഏറ്റവും വലിയദുരന്തത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് വള്ളംകളി നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്നുയർന്നു. ഇതോടെ തീരുമാനം സർക്കാരിന് വിടാൻ ജില്ലാഭരണകൂടം തീരുമാനിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
August 01, 2024 7:14 PM IST