പരിഷ്കരണത്തെ എതിർക്കുന്നത് ഐക്യരാഷ്ട്രസഭയെ കാലഹരണപ്പെടുത്തും: കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍
- Published by:Sarika KP
- news18-malayalam
Last Updated:
ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളെപ്പറ്റിയും അദ്ദേഹം ചില നിരീക്ഷണം നടത്തി. ബസിലെ യാത്രക്കാരുമായാണ് സ്ഥിരാംഗത്വ പദവിയെ അദ്ദേഹം താരതമ്യപ്പെടുത്തിയത്.
തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ ഘടന പരിഷ്‌കരിക്കുന്നതിനെ എതിർക്കുന്നത് സംഘടനയെ കാലഹരണപ്പെടുത്തുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ജനങ്ങള്‍ സംഘടനയ്ക്ക് പുറത്ത് നിന്ന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളെപ്പറ്റിയും അദ്ദേഹം ചില നിരീക്ഷണം നടത്തി. ബസിലെ യാത്രക്കാരുമായാണ് സ്ഥിരാംഗത്വ പദവിയെ അദ്ദേഹം താരതമ്യപ്പെടുത്തിയത്.
” ഒരു ബസിലെ യാത്രക്കാരുമായി താരതമ്യപ്പെടുത്താനാണ് എനിക്ക് തോന്നിയിട്ടുള്ളത്. സീറ്റില്‍ ഇരിക്കുന്നയാള്‍ അടുത്തയാള്‍ക്ക് ആ സീറ്റ് ഒരിക്കലും ഒഴിഞ്ഞുകൊടുക്കില്ല. ഇവിടെ ആ സ്ഥാനത്ത് അഞ്ച് പേരാണ് തങ്ങളുടെ സീറ്റിലിരിക്കുന്നത്. ബസില്‍ സുഖമില്ലാത്തയാളുകള്‍, കൈക്കുഞ്ഞുമായി കയറുന്നവര്‍ തുടങ്ങി നിരവധി പേര്‍ യാത്രക്കാരായി ഉണ്ടാകും. എന്നാല്‍ ഇവര്‍ക്ക് വേണ്ടി സീറ്റിലിരിക്കുന്നയാളുകള്‍ എഴുന്നേറ്റ് കൊടുക്കാറില്ല. വളരെ കുറവാണത്,” എന്ന് ജയശങ്കര്‍ പറഞ്ഞു.
advertisement
ഐക്യരാഷ്ട്ര സംഘടനയുടെ ഘടന പരിഷ്‌കരിക്കണമെന്ന് ആഗോളതലത്തില്‍ ആവശ്യമുയര്‍ന്നിട്ടുണ്ടെന്നും ഈ ആവശ്യം ഐക്യരാഷ്ട്രാ പ്രതിനിധികള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
” വിവിധ ഭാഗങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടാകണം. ഇക്കാര്യം ഉടനെ പ്രാവര്‍ത്തികമാക്കേണ്ടതാണെന്ന് ലോകത്തെ വലിയൊരു വിഭാഗം രാജ്യങ്ങളും കരുതുന്നു. ആഫ്രിക്കയില്‍ 54 രാജ്യങ്ങളുണ്ട്. എന്നാല്‍ അവര്‍ക്ക് സംഘടനയില്‍ ഒരൊറ്റ പ്രതിനിധിയില്ല. ഒരു ലാറ്റിന്‍ അമേരിക്കന്‍ അംഗമില്ല. ലോകത്തെ ജനസംഖ്യ കൂടിയതും ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയുടെ ഉടമയായ രാജ്യവും അക്കൂട്ടത്തിലില്ല,”എന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
ഈ രീതി എത്രനാള്‍ തുടരാനാകുമെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെ പോയാല്‍ ജനങ്ങള്‍ സംഘടനയ്ക്ക് പുറത്ത് നിന്ന് പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സഭ മനസ്സിലാക്കേണ്ട കാര്യമാണിതെന്നും ഇല്ലെങ്കില്‍ സംഘടനയുടെ പ്രസക്തി നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആഗോളതലത്തിലുള്ള സംഘടനകളിലെ പരിഷ്‌കാരത്തെപ്പറ്റി നിരന്തരം ആവശ്യമുന്നയിച്ചയാള്‍ കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന ജി-20 സമ്മേളനത്തിലും അദ്ദേഹം ഇക്കാര്യം ഉന്നയിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ ആഗോള സംവിധാനങ്ങളില്‍ മാറ്റം കൊണ്ടുവരണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഐക്യരാഷ്ട്ര സഭയിലെ രക്ഷാസമിതി സ്ഥിരാംഗങ്ങളെ ചൂണ്ടിക്കാണിച്ചായിരുന്നു മോദിയുടെ പ്രസ്താവന.
advertisement
”ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തമായ സമയത്താണ് ഐക്യരാഷ്ട്ര സഭ രൂപീകരിച്ചത്. അന്ന് 51 രാജ്യങ്ങളായിരുന്നു സ്ഥാപക അംഗങ്ങളായി ഉണ്ടായിരുന്നത്. ഇന്ന് 200ന് അടുത്ത് രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളാണ്. എന്നിട്ടും ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതിയിലെ അംഗസംഖ്യയില്‍ മാറ്റമൊന്നുമില്ല,” എന്നായിരുന്നു മോദിയുടെ പ്രസ്താവന.
നിരവധി മാറ്റങ്ങളാണ് ലോകരാജ്യങ്ങള്‍ക്കുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങളില്‍ മാറ്റങ്ങള്‍ വന്നു. ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി നിരവധി മേഖലകളില്‍ രാജ്യങ്ങള്‍ പുരോഗതി കൈവരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
” ഈ മാറ്റങ്ങള്‍ ആഗോള സംഘടനകളുടെ ഘടനയിലും പ്രതിഫലിക്കണം. മാറുന്ന ലോകത്തിന് അനുസരിച്ച് പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാകാത്ത സംഘടനയുടെയും സ്ഥാപനങ്ങളുടെയും പ്രസക്തി നഷ്ടമാകും എന്നത് പ്രകൃതിയുടെ നിയമമാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രാദേശിക സംഘടനകള്‍ ഉയര്‍ന്നുവന്നതിന് നാം സാക്ഷ്യം വഹിച്ചു. അതിന്റെ യഥാര്‍ത്ഥ കാരണമെന്തെന്നതിനെപ്പറ്റി തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാന്‍ നമുക്കാകണമെന്നും” നരേന്ദ്ര മോദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
September 18, 2023 4:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പരിഷ്കരണത്തെ എതിർക്കുന്നത് ഐക്യരാഷ്ട്രസഭയെ കാലഹരണപ്പെടുത്തും: കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍