HOME /NEWS /Kerala / P.K. Nawas | പി.കെ. നവാസ് തെറ്റ് സമ്മതിച്ചിരുന്നു, ഹരിത നേതാക്കള്‍ പോലീസിന് നല്‍കിയ മൊഴി പുറത്ത്

P.K. Nawas | പി.കെ. നവാസ് തെറ്റ് സമ്മതിച്ചിരുന്നു, ഹരിത നേതാക്കള്‍ പോലീസിന് നല്‍കിയ മൊഴി പുറത്ത്

പി.കെ. നവാസ്

പി.കെ. നവാസ്

2021 ജൂണ്‍ 24ന് കോഴിക്കോട് ഹബീബ് സെന്ററില്‍ നടന്ന എം.എസ്.എഫ് യോഗത്തിലാണ് പ്രസിഡണ്ട് പി.കെ നവാസ് അധിക്ഷേപ പരാമര്‍ശം നടത്തിയതെന്ന് മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറയുടെ മൊഴി

  • Share this:

    കോഴിക്കോട്: എം.എസ്.എഫ് പ്രസിഡണ്ട് പി.കെ. നവാസിനെതിരെ (P.K. Nawas) ഹരിത നേതാക്കള്‍ പോലീസിന് നല്‍കിയ മൊഴി പുറത്ത്. കോഴിക്കോട് നടന്ന എം.എസ്.എഫ്. യോഗത്തില്‍ പ്രസിഡണ്ട് നവാസ് അപമാനിച്ച് സംസാരിച്ചുവെന്ന് മുന്‍ പ്രസിഡണ്ട് നജ്മ തബ്ഷിറ നല്‍കിയ മൊഴിയില്‍ പറയുന്നു. പരാതി ഉയര്‍ന്നപ്പോള്‍ എം.എസ്.എഫ്. ദേശീയ നേതൃത്വം ഇരു വിഭാഗത്തെയും വിളിച്ച് സംസാരിച്ചിരുന്നുവെന്നും അധിക്ഷേപ പരാമര്‍ശമുണ്ടായതായി പി.കെ. നവാസ് സമ്മതിച്ചിരുന്നുവെന്നും ഫാത്തിമ തഹ്ലിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

    എം.എസ്.എഫ്. പ്രസിഡണ്ട് പി.കെ. നവാസിനെതിരെ മുന്‍ ഹരിത നേതാക്കള്‍ പുറത്ത് ഉയര്‍ത്തിയ ആരോപണം ശരിവെക്കുന്നതാണ് പോലീസിനും കോടതിക്കും നല്‍കിയ മൊഴികള്‍. 2021 ജൂണ്‍ 24ന് കോഴിക്കോട് ഹബീബ് സെന്ററില്‍ നടന്ന എം.എസ്.എഫ് യോഗത്തിലാണ് പ്രസിഡണ്ട് പി.കെ നവാസ് അധിക്ഷേപ പരാമര്‍ശം നടത്തിയതെന്ന് മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറ നല്‍കിയ മൊഴിയില്‍ പറയുന്നു. വേശ്യക്കും അവരുടെതായ വിശദീകരണം ഉണ്ടാവുമെന്ന് പറഞ്ഞാണ് നവാസ് തന്നെ പ്രസംഗിക്കാന്‍ ക്ഷണിച്ചത്.

    'വേശ്യക്കും വേശ്യയുടെ ന്യായീകരണങ്ങള്‍ ഉണ്ട്, അതുകൊണ്ട് നജ്മക്ക് ഹരിതയെ പ്രതിനിധീകരിച്ച് സംസാരിക്കാം എന്ന് പറഞ്ഞാണ് പി.കെ. നവാസ് എന്നെ പ്രസംഗിക്കാന്‍ ക്ഷണിച്ചത്. അത് എന്നെയും എന്റെ സംഘടനെയെയും അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു. ആ സമയം പ്രതികരിക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. ഞാന്‍ വളരെയധികം ഷോക്ക്ട് ആയിരുന്നു. ഞാന്‍ എഴുന്നേറ്റ് നിന്ന് സംസാരിച്ചു. നവാസ് എന്നെയും സംഘടനയെയും കുറിച്ച് അപ്രകാരം സംസാരിച്ചത് വളരെ മോശമായിപ്പോയെന്നും പറഞ്ഞു. എന്റെ സഹപ്രവര്‍ത്തകനായ അഫ്‌നാസ് ചോറോടും മറ്റും യോഗത്തില്‍ നവാസിനെതിരെ പ്രതികരിച്ചിരുന്നു. തുടര്‍ന്നും യോഗത്തില്‍ നവാസ് തങ്ങളുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ സംസാരിക്കാന്‍ തുടങ്ങി. ഹരിതയിലെ പെണ്‍കുട്ടികളെ നിയന്ത്രിക്കുന്നത് യാസിര്‍ എടപ്പാള്‍ എന്ന സൈബര്‍ ഗുണ്ടയാണെന്നും ഞങ്ങളുടെ എഫ്.ബി. പോസ്റ്റ് അടക്കം എഴുതി നല്‍കുകയും ഞങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുന്നത് യാസര്‍ എടപ്പാള്‍ ആണെന്നും നവാസ് പറഞ്ഞു. അതിനെ ഞാന്‍ ശക്തമായി എതിര്‍ത്ത് സംസാരിച്ചു. യാസര്‍ എടപ്പാള്‍ സൈബര്‍ സ്‌പേസില്‍ ആളുകള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ആളാണെന്നും ഇയാളെ പെണ്‍കുട്ടികളുടെ മേലേക്ക് മാത്രം വെച്ചുകെട്ടരുതെന്നും ഇങ്ങിനെയുള്ള ആള്‍ക്കെതിരെ കേസ് കൊടുത്ത് മുന്നോട്ടുപോകാന്‍ ഈ കമ്മിറ്റി തീരുമാനിക്കണമെന്നും ഞാന്‍ പറഞ്ഞു. അതിന് മറുപടിയായി നവാസ് നിങ്ങളില്‍ പല പെണ്‍കുട്ടികളുടെയും വീഡിയോയും ചിത്രങ്ങളും യാസിറിന്റെ കയ്യിലുണ്ടെന്നും അത് പുറത്തുവിട്ടാല്‍ ഞങ്ങളില്‍ പലരും ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും പറഞ്ഞു. അത് വലിയ അഭിപ്രായ വ്യത്യാസത്തിലാണ് അവസാനിച്ചത്. രാത്രി 7.30 ഓടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മീറ്റിങ് പിരിച്ചുവിടുകയാണ് ഉണ്ടായത്'- നജ്മ തബ്ഷിറയുടെ മൊഴിയില്‍ പറയുന്നു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    യോഗത്തിലുണ്ടായിരുന്ന എം.എസ്.എഫ്. മലപ്പുറം ജില്ലാ പ്രസിഡണ്ട് കബീര്‍ മുതുപറമ്പും ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബും ഹരിത പെണ്‍കുട്ടികള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചും ചര്‍ച്ചയായി. ഹരിതയിലെ നേതാക്കള്‍ പ്രത്യേക തരം ഫെമിനിസ്റ്റുകളാണെന്നും വിവാഹം കഴിക്കില്ലെന്നും കഴിച്ചവര്‍ പ്രസവിക്കില്ലെന്നും സംഘടനയില്‍ പ്രചാരണം നടത്തുന്നതായ കാര്യം യോഗത്തില്‍ ഉന്നയിച്ചു. ഇതും വലിയ തര്‍ക്കങ്ങളിലേക്ക് നയിച്ചതായി നജ്മയുടെ മൊഴിയില്‍ പറയുന്നുണ്ട്. യോഗം കഴിഞ്ഞ ഉടന്‍ ഹരിത പ്രസിഡണ്ട് മുഫീദ തസ്നിയെയും മറ്റ് നേതാക്കളെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നും പിറ്റേ ദിവസം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ഹരിത പരാതി നല്‍കിയിരുന്നുവെന്നും നജ്മയുടെ മൊഴിയില്‍ പറയുന്നു. പിറ്റേ ദിവസം ഹരിത മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തു.

    പരാതി ലഭിച്ചതോടെ ജുലൈ അഞ്ചിന് പി.കെ. നവാസിനെയും ഹരിത നേതാക്കളെയും ഹബീബ് സെന്ററിലേക്ക് വിളിപ്പിച്ചിരുന്നുവെന്ന് എം.എസ്.എഫ്. മുന്‍ ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അവിടെ വെച്ച് നജ്മക്കെതിരെ മോശം പരാമര്‍ശം നടത്തിയതായി നവാസ് സമ്മതിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജുലൈ 12ന് ലീഗ് സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും ഫാത്തിമ തഹ്ലിയയുടെ മൊഴിയില്‍ പറയുന്നു.

    മൊഴിയുടെ അടിസ്ഥാനത്തില്‍ പി.കെ. നവാസിനെതിരെ സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപം സെക്ഷന്‍ 355 പ്രകാരം എടുത്ത കേസില്‍ കോടതി നടപടികള്‍ പുരോഗമിക്കുകയാണ്. ഇതേ കേസില്‍ നവാസിനെതിരെ മൊഴി നല്‍കിയതിനാണ് എം.എസ്.എഫ് പ്രസിഡണ്ടായിരുന്ന ലത്തീഫ് തുറയൂറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

    First published:

    Tags: Haritha leaders, MSF, MSF state office bearers