പ്ലാസ്റ്റിക്കിനോട് 'കടക്ക് പുറത്ത്' പറഞ്ഞു സർക്കാർ; നിരോധനം ജനുവരി ഒന്നു മുതൽ
Last Updated:
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനാണ് നിരോധനം
തിരുവനന്തപുരം: ഫ്ളെക്സ് നിരോധനത്തിനു പിന്നാലേ പ്ലാസ്റ്റിക് നിരോധനവുമായി സംസ്ഥാന സർക്കാർ. ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നിരോധിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഉപയോഗ ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക- ആരോഗ്യപ്രശ്നമായി വളര്‍ന്ന സാഹചര്യത്തിലാണ് നിരോധനം. നിരോധനം ബാധമാകുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഇവ-
- പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ)
- ടേബിളില്‍ വിരിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്സ്
- കൂളിംഗ് ഫിലിം
- പ്ലേറ്റുകള്‍, കപ്പുകള്‍, തെര്‍മോക്കോള്‍, സ്റ്റൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കള്‍
- ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്ട്രോകള്‍, ഡിഷുകള്‍, സ്റ്റിറര്‍
- പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, ബൗള്‍
- നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് ഫ്ളാഗുകള്‍, പ്ലാസ്റ്റിക് ബണ്ടിംഗ്,
- പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍
- കുടിക്കാനുള്ള പെറ്റ് ബോട്ടിലുകള്‍ (300 മില്ലിക്ക് താഴെ)
- പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ്, പി.വി.സി ഫ്ളക്സ് മെറ്റീരിയല്‍സ്, പ്ലാസ്റ്റിക് പാക്കറ്റ്സ്
advertisement
പിഴ ഇങ്ങനെ-
നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. കലക്ടര്‍മാര്‍ക്കും സബ്ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്കും മലിനീകരണ നിയന്ത്ര ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാന്‍ അധികാരമുണ്ട്. നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിര്‍മാതാക്കള്‍ മൊത്തവിതരണക്കാര്‍ ചെറുകിടവില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. രണ്ടാമതും നിയമം ലംഘിക്കുകയാണെങ്കില്‍ 25,000 രൂപയാണ് പിഴ. തുടര്‍ന്നും നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴയീടാക്കുന്നതും സ്ഥാപനത്തിന്‍റെ പ്രവര്‍ത്താനുമതി റദ്ദാക്കുന്നതുമാണ്. തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും ഇതിന് അധികാരം നല്‍കിയിട്ടുണ്ട്.
advertisement
എക്സറ്റന്‍റഡ് പ്രൊഡ്യൂസേര്‍സ് റെസ്പോണ്‍സിബിലിറ്റി പ്ലാന്‍ പ്രകാരം വില്‍പ്പന നടത്തുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉപഭോക്താക്കളില്‍ നിന്ന് തിരിച്ചുവാങ്ങി പണം നല്‍കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍, കേരഫെഡ്, മില്‍മ, കേരള വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഖരമാലിന്യ മാനേജ്മെന്‍റ് ചട്ട പ്രകാരം വ്യവസായ പാര്‍ക്കുകളിലെ 5 ശതമാനം ഭൂമി മാലിന്യ സംസ്കരണത്തിനും പുനഃചംക്രമണത്തിനുമായി മാറ്റിവെക്കണം. ഇത് കര്‍ശനമായി നടപ്പാക്കാനും തീരുമാനിച്ചു.
ബദൽ ഉൽപന്നങ്ങൾ-
പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദ ബാഗുകള്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകളെ വ്യവസായ വകുപ്പ് പ്രോത്സാഹിപ്പിക്കും. കയറ്റുമതിക്കായി നിര്‍മിച്ചിട്ടുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യപരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്കില്‍ നിന്നും നിര്‍മ്മിച്ച വസ്തുക്കള്‍ (ഐ.എസ് അല്ലെങ്കില്‍ ഐ.എസ്.ഒ 17088: 2008 ലേബല്‍ പതിച്ചത്). എന്നിവ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സാങ്കേതിക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഫ്ളക്സ് ബോര്‍ഡുകളുടെ ഉപയോഗം സംസ്ഥാനത്ത് നരത്തെ തന്നെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും നിരോധനം മൂലം പ്ലാസ്റ്റിക് ഉപയോഗത്തില്‍ ഏകദേശം 70 ശതമാനം കുറവുണ്ടായി എന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 21, 2019 6:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്ലാസ്റ്റിക്കിനോട് 'കടക്ക് പുറത്ത്' പറഞ്ഞു സർക്കാർ; നിരോധനം ജനുവരി ഒന്നു മുതൽ


