PFI Ban| പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ കസ്റ്റഡിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ നിന്നാണ് എൻഐഎയും കേരള പൊലീസും അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്
കൊല്ലം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ കസ്റ്റഡിയിൽ. കൊല്ലം കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ നിന്നാണ് എൻഐഎയും കേരള പൊലീസും അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ജില്ലക്കു പുറത്തായിരുന്ന സത്താർ ഇന്ന് രാവിലെയാണ് കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ മടങ്ങിയെത്തിയത്.
രാവിലെ പോപ്പുലർ ഫ്രണ്ട് നിരോധത്തെ കുറിച്ച് പ്രതികരിച്ച അബ്ദുൽ സത്താർ, കേന്ദ്ര സർക്കാർ നടപടിയെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയിരുന്നു. നിയമനടപടികൾ സ്വീകരിക്കാനായി ഉടൻ തന്നെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. അധികൃതർ നടത്തിയ റെയ്ഡിൽ പൂർണമായി സഹകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് സത്താറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
രാജ്യത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യുടെ പ്രവർത്തനം നിരോധിച്ചുള്ള വിജ്ഞാപനം ഇന്ന് രാവിലെയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. അഞ്ച് വർഷത്തേക്കാണ് സംഘടനക്ക് നിരോധനം ഏർപ്പെടുത്തിയത്.
advertisement
റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എ.ഐ.ഐ.സി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ.സി.എച്ച്.ആർ.ഒ), നാഷനൽ വുമൻസ് ഫ്രണ്ട് , ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, കേരള എന്നീ പോപുലർ ഫ്രണ്ടിന്‍റെ എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാക്കിയിട്ടുണ്ട്.
രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും സംഘടന ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുലർച്ചെ പുറത്തിറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭീകരപ്രവർത്തനത്തിൽ നേരിട്ട് ബന്ധം, ഫണ്ട് സ്വരൂപണം, ആയുധ പരിശീലനം, ന്യൂനപക്ഷ വിഭാഗത്തെ ചെറുപ്പക്കാരെ തീവ്രവാദ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് നിരോധനത്തിനായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്.
advertisement
2006 നവംബർ 22നാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സ്ഥാപിച്ചത്. കേരളത്തിലെ എൻഡിഎഫ്, കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി, തമിഴ്നാട്ടിലെ മനിത നീതി പാസറൈ എന്നീ സംഘടനകൾ ചേർന്ന് രൂപം കൊടുത്ത ദേശീയ സംഘടനയാണ് പിഎഫ്ഐ. ആന്ധ്രപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി, പശ്ചിമ ബംഗാളിലെ നാഗരിക് അധികാർ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ് സോഷ്യൽ ഫോറം എന്നിവയും പോപുലർ ഫ്രണ്ടിലെ അംഗ സംഘടനകളാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 28, 2022 1:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PFI Ban| പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ കസ്റ്റഡിയിൽ