കൊല്ലം: സിൽവർലൈൻ (Silverline) സര്‍വേയ്‌ക്കെതിരേ കൊല്ലം (Kollam) തഴുത്തലയില്‍ പ്രതിഷേധം. പ്രദേശത്ത് ഇന്നുരാവിലെ കല്ലിടുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകയാണ്. ബിജെപി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി. കല്ലിടല്‍ നടപടി തുടങ്ങുന്നതിന് മുമ്പായി അജയ് കുമാര്‍ എന്ന പ്രദേശവാസി വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഉടന്‍തന്നെ വീട്ടുകാരും നാട്ടുകാരും ഇടപെട്ട് സിലിണ്ടര്‍ പൂട്ടി ഇയാളെ പിന്തിരിപ്പിച്ചു.
ഇതോടെ വീട്ടിന് മുന്നിലെ മരത്തില്‍ കയര്‍ കെട്ടിയും അജയ് കുമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. വീടിന്റെ ഭിത്തിയില്‍ ജില്ലാ ജഡ്ജിക്ക് തന്റെ മരണമൊഴിയെന്ന പേരില്‍ ആത്മഹത്യാ കുറിപ്പും എഴുതി ഒട്ടിച്ചിട്ടുണ്ട്. തഴുത്തലയില്‍ കഴിഞ്ഞ തവണ ഉദ്യോഗസ്ഥര്‍ കല്ലിടാനെത്തിയപ്പോഴും ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. സര്‍വേ നടത്താന്‍ എത്തുന്ന ഉദ്യോഗസ്ഥരെ കല്ലിടാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തേക്ക് കെ റെയില്‍ കല്ലുമായി എത്തിയ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിട്ടിരിക്കുകയാണ്. വാഹനം കടത്തിവിടില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്
സുപ്രീംകോടതിയുടെ അനുകൂല വിധിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും സര്‍വേ നടപടികള്‍ പുനരാരംഭിക്കുന്നത്.
പിണറായിയെ വിശ്വാസമുണ്ടോ?; നാലിരട്ടി കിട്ടും അമ്മാമ്മേ; കോണ്‍ഗ്രസ് പിഴുതെടുത്ത കുറ്റി തിരികെ ഇട്ട് മന്ത്രി സജി ചെറിയാന്‍‘ഞാൻ എവിടെ പോകണം? അമ്മാമ്മ എങ്ങും പോകണ്ട. ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ അമ്മാമ്മ ഇവിടെ താമസിക്കും. ഇല്ലേ അങ്ങോട്ട് മാറി വീട് വച്ച് താമസിക്കും. ഈ സർക്കാരിനെ വിശ്വാസമുണ്ടോ? പിണറായിയെ വിശ്വാസമുണ്ടോ?. പൈസ കിട്ടിയിരിക്കും. കണ്ടോ ഈ അമ്മാമ്മയാണ് ചെന്നിത്തലയുടെ മുന്നിൽ കരഞ്ഞത്. ഇതെല്ലാം രാഷ്ട്രീയമാണ്. നാലിരട്ടി വില തരും. സെന്റിന് ഒരു ലക്ഷമാണെങ്കിൽ നാല് ലക്ഷം തരും.’ കെറെയിൽ സില്‍വര്‍ലൈന്‍ പദ്ധതി കടന്നുപോകുന്ന ചെങ്ങന്നൂര്‍ (Chengannur) കൊഴുവല്ലൂർ തൈവിളമോടിയിൽ തങ്കമ്മയുടെ വീട് സന്ദര്‍ശിച്ചു കൊണ്ട് മന്ത്രി സജി ചെറിയാന്‍ പറഞ്ഞ വാക്കുകളാണിത്.
സന്ദര്‍ശനത്തിന് പിന്നാലെ ഇന്നലെ പ്രതിഷേധക്കാർ ഊരിയെറിഞ്ഞ കെറെയിൽ സര്‍വേ കുറ്റി തങ്കമ്മയുടെ മുന്നിൽ വച്ച് തന്നെ വീണ്ടും കുഴിച്ചിട്ടാണ് മന്ത്രി മടങ്ങിയത്. സന്ദര്‍ശനത്തിന്‍റെ വീഡിയോ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ഏത് വികസന പദ്ധതി വരുമ്പോഴും പദ്ധതി പ്രദേശത്തെ ജനങ്ങൾക്ക് ആശങ്ക സ്വാഭാവികമാണ്. അത് വസ്തുതകൾ പറഞ്ഞുകൊണ്ട് പരിഹരിച്ചു മുന്നോട്ട് പോകുകയാണ് വേണ്ടത്. എന്നാൽ വൈകാരികതയെ മുതലെടുത്തു കൊണ്ട് തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണ് കോൺഗ്രസും ബി.ജെ.പി യും മറ്റ് തട്ടിക്കൂട്ട് സംഘടനകളും ചെയ്യുന്നത്. പദ്ധതിയോടുള്ള എതിർപ്പല്ല, ഇടതുപക്ഷ വിരോധം മാത്രമാണ് ഇവർക്കുള്ളതെന്നും മന്ത്രി പറഞ്ഞു.
സർക്കാർ കൂടെയുണ്ടെന്നും കെ റെയിലിന് വേണ്ടി മാറേണ്ടി വന്നാൽ മാന്യമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തിയിട്ടേ മാറേണ്ടി വരികയുള്ളൂ എന്നും തങ്കമ്മയ്ക്ക് മന്ത്രി ഉറപ്പുനൽകി. തെറ്റിദ്ധാരണകൾ അകലുമ്പോൾ ആളുകൾ പദ്ധതിയെ എതിർക്കുന്നില്ല എന്നാണ് ഗൃഹസന്ദർശനത്തിൽ നിന്നുള്ള അനുഭവം. കോൺഗ്രസ് സംഘം പിഴുത കുറ്റി തങ്കമ്മയുടെ സമ്മതത്തോടെ തന്നെ അവിടെ വീണ്ടും നാട്ടിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ചെങ്ങന്നൂരില്‍ കെറെയില്‍ പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളെ നേരില്‍ കണ്ട് ജനങ്ങളുടെ പിന്തുണ നേടുന്നതിനായാണ് മന്ത്രി സ്ഥലത്തെ വീടുകളില്‍ സന്ദര്‍ശനം നടത്തിയത്. മുന്‍പ് കെറെയില്‍ സമരം നടത്തുന്നവര്‍ തീവ്രവാദികളാണെന്ന മന്ത്രിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.