മാർക്ക് ദാന വിവാദം: മന്ത്രി കെ ടി ജലീലിന്റെ വെല്ലുവിളി ഏറ്റെടുത്ത് രമേശ് ചെന്നിത്തല

എം ജി സർവകലാശാലാ മാർക്ക് ദാന വിവാദത്തിൽ തെളിവുകളെങ്കിൽ ഗവർണറെ സമീപിക്കട്ടെ എന്ന മന്ത്രി കെ ടി ജലീലിന്റെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷം

News18 Malayalam | news18-malayalam
Updated: October 16, 2019, 9:40 AM IST
മാർക്ക് ദാന വിവാദം: മന്ത്രി കെ ടി ജലീലിന്റെ വെല്ലുവിളി ഏറ്റെടുത്ത് രമേശ് ചെന്നിത്തല
News18
  • Share this:
തിരുവനന്തപുരം: എം ജി സർവകലാശാലാ മാർക്ക് ദാന വിവാദത്തിൽ തെളിവുകളെങ്കിൽ ഗവർണറെ സമീപിക്കട്ടെ എന്ന മന്ത്രി കെ ടി ജലീലിന്റെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണറെ കണ്ട് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടും. സർവകലാശാല പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നടപടിയാണ് ഇതെന്നും ചാൻസലർ എന്ന നിലയിൽ ഗവർണർ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആണ് ആവശ്യം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആണ് ആദ്യം ഈ ആരോപണം ഉന്നയിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിൽ അദാലത്ത് നടത്തി പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്ക് മാർക്ക് കൂട്ടി നൽകാൻ തീരുമാനമെടുത്തു എന്നതായിരുന്നു ആരോപണം. മാർക്ക് കൂട്ടി നൽകാൻ അദാലത്തിൽ തീരുമാനം ഉണ്ടായിട്ടില്ലെന്നും സിൻഡിക്കേറ്റ് ആണ് തീരുമാനം എടുത്തതെന്നുമായിരുന്നു മന്ത്രി കെ ടി ജലീലിന്റെയും സർവകലാശാല വൈസ് ചാൻസിലറുടെയും വിശദീകരണം.

Also read- 'പ്രാഞ്ചിയേട്ടൻ അവാർഡിന്റെ ഗന്ധമടിക്കുന്നു'; കെ എസ് ശബരീനാഥൻ എംഎൽഎ

മന്ത്രി വിളിച്ചുചേർത്ത അദാലത്തിൽ മാർക്ക് ദാനത്തിന് തീരുമാനം ഉണ്ടായെന്ന് എംജി സർവകലാശാല തന്നെ സമ്മതിക്കുന്ന വിവരാവകാശരേഖ പിന്നീട് പുറത്തുവന്നു. വൈസ് ചാൻസിലർ കൂടി പങ്കെടുത്താണ് അദാലത്ത് നടത്തിയതും തീരുമാനങ്ങളെടുത്തതും. അദാലത്തിൽ അക്കാദമിക വിഷയങ്ങൾ പരിഗണിക്കാനാവില്ല. ഇല്ലാത്ത അധികാരം ഉപയോഗിച്ച് മാർക്ക് കൂട്ടി നൽകാനുള്ള അദാലത്ത് തീരുമാനം നിയമവിരുദ്ധമാണ്. അദാലത്തിൽ മന്ത്രിയുടെ പ്രതിനിധിയായി പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
അദാലത്തിന്റെ തുടക്കത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴി മന്ത്രി നടത്തിയ പ്രസംഗത്തിൽ തന്റെ പ്രൈവറ്റ് സെക്രട്ടറി തന്റെ പ്രതിനിധിയായി പങ്കെടുക്കും എന്നും വ്യക്തമാക്കുന്നുണ്ട്.

സർവകലാശാല നിയമമനുസരിച്ച് പരീക്ഷാഫലം പ്രസിദ്ധീകരിച്ച ശേഷം പരീക്ഷ പേപ്പർ പുനർ പരിശോധനയിലൂടെ അല്ലാതെ മറ്റേതെങ്കിലും തരത്തിൽ മാർക്ക് കൂട്ടി നൽകാനാവില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. ഇവിടെ മുമ്പ് നൽകിയ മോഡറേഷന് പുറമേ സ്പെഷ്യൽ മോഡറേഷൻ നൽകാനാണ് അദാലത്ത് തീരുമാനിച്ചത്. ഒരു വിഷയത്തിന് മാത്രം തോറ്റ ബിടെക് വിദ്യാർഥികൾക്ക് ഒരു മാർക്ക് കൂടി നൽകി പരീക്ഷ വിജയിപ്പിക്കാനാണ് അദാലത്ത് തീരുമാനിച്ചത്. എന്നാൽ ഒരു മാർക്കിന് പകരം അഞ്ച് മാർക്ക് വരെ കൂട്ടി നൽകാനായിരുന്നു സിൻഡിക്കേറ്റ് തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിലാണ് ആണ് ഈ നിയമ ലംഘനം നടന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

സർവകലാശാല പരീക്ഷയുടെ വിശ്വാസ്യത തകർക്കുന്ന നീക്കമാണിത്. ഈ വിഷയത്തിൽ ചാൻസലറായ ഗവർണറുടെ ഇടപെടലാണ് പ്രതിപക്ഷ ആവശ്യം. ആരോപണമുയർന്ന ഘട്ടത്തിൽ പൂർണമായും തള്ളിയ വിദ്യാഭ്യാസമന്ത്രി പിന്നീട് വിവരാവകാശരേഖ പുറത്തുവന്നശേഷം തെളിവുണ്ടെങ്കിൽ പ്രതിപക്ഷം ഗവർണറെ സമീപിക്കട്ടെ എന്ന് വെല്ലുവിളിച്ചിരുന്നു.

First published: October 16, 2019, 9:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading