'എക്‌സൈസ് മന്ത്രിയുടെത് കുറ്റസമ്മതം', അഴിമതി ആരോപണം ആവർത്തിച്ച് ചെന്നിത്തല
Last Updated:
തിരുവനന്തപുരം: ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതിനെപ്പറ്റിയുള്ള എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ വാർത്താസമ്മേളനം അദ്ദേഹത്തിന്റെ കുറ്റസമ്മതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്രത്തില്‍ പരസ്യപ്പെടുത്തിയിട്ടാണോ ഇതൊക്കെ ചെയ്യേണ്ടതെന്നാണ് മന്ത്രി ചോദിക്കുന്നത്. അത് തന്നെയാണ് താനും പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അപേക്ഷ ക്ഷണിക്കാതെയും താത്പര്യ പത്രം സ്വീകരിക്കാതെയും ഇഷ്ടക്കാര്‍ക്ക് രഹസ്യമായി നല്‍കി എന്നാണ് തന്റെ ആരോപണം. മന്ത്രി അത് സമ്മതിച്ചിരിക്കുകയാണ്. 1996 ല്‍ ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു എന്ന കാര്യം മന്ത്രി മറന്നു പോയോ? അന്ന് അപേക്ഷകളുടെ എണ്ണം കൂടിയത് മൂലം ഷോര്‍ട്ടി ലിസ്റ്റ് ചെയ്യാനായി സെക്രട്ടറി തല കമ്മിറ്റിയെ രൂപീകരിച്ചത് ഓർമയില്ലേ? ഈ കമ്മിറ്റിയാണ് ഇനി പുതിയ ഡിസ്റ്റിലറികള്‍ വേണ്ടെന്ന ഉത്തരവിറക്കിയത്.
advertisement
ഇതൊന്നും പരസ്യമായി ചെയ്യാനാവില്ലെന്ന മന്ത്രിയുടെ നിലപാട് ശരിയാണ്. പരസ്യമായി ചെയ്യാന്‍ കഴിയുന്ന കാര്യമല്ല അഴിമതിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. താൻ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും മന്ത്രി മറുപടി നല്‍കിയിട്ടില്ല. പകരം ഉരുണ്ടു കളിക്കുകയാണ് ചെയ്തത്. 99 മുതലുള്ള നയത്തില്‍ മാറ്റം വരുത്തിയപ്പോള്‍ അത് എന്തിന് രഹസ്യമാക്കി വച്ചു എന്നതിന് മന്ത്രിക്ക് മറുപടി ഇല്ല.
99 ലെ ഉത്തരവ് എക്‌സിക്യൂട്ടീവ് ഉത്തരവ് മാത്രമാണെന്നും അതിനാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ തീരുമാനമെടുക്കാന്‍ ചട്ടഭേദഗതിയോ നിയമ ഭേദഗതിയോ വേണ്ടെന്ന് മന്ത്രി പറയുന്നു. അങ്ങനെയെങ്കില്‍ എന്തു കൊണ്ട് 99ന് ശേഷം മാറി മാറി വന്ന ഇടതു മുന്നണിയുടെ ഉള്‍പ്പടെയുള്ള സര്‍ക്കാരുകള്‍ അത് മറി കടന്ന് പുതിയ ഡിസ്റ്റിലറികള്‍ക്ക് അനുവാദം നല്‍കിയില്ല.
advertisement
മാത്രമല്ല ഇപ്പോള്‍ പുറപ്പെടുവിച്ച ഉത്തരവുകളിലെല്ലാം 99 ലെ ഉത്തരവ് ക്വാട്ട് ചെയ്തിട്ടുമുണ്ട്. 99ലെ ഉത്തരവ് ബ്രൂവറിക്ക് ബാധകമല്ലെന്നാണ് മന്ത്രി പറയുന്നത്. എങ്കില്‍ എന്തിനാണ് ബ്രുവറി അനുവദിച്ചു കൊണ്ടുള്ള ഉത്തരവുകളില്‍ 99ലെ അതേ ഉത്തരവ് പരാമര്‍ശിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.
ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ എന്തു കൊണ്ട് ചര്‍ച്ച ചെയ്തില്ല എന്ന ചോദ്യത്തിനും മന്ത്രി മറുപടി നല്‍കുന്നില്ല. ഇതിന്റെ ആവശ്യമില്ലെന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നു. ഈ മറുപടി സി.പി.ഐയ്ക്കും മറ്റ് ഘടക കക്ഷികള്‍ക്കും സ്വീകാര്യമാണോയെന്നും ചെന്നിത്തല ചോദിച്ചു. സര്‍ക്കാരിന് കിട്ടിയ അപേക്ഷകളില്‍മേലാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറയുന്നു. ഈ നാല് പേര്‍ മാത്രം ഇവ അനുവദിക്കാന്‍ പോവുകയാണെന്ന് എങ്ങനെയാണ് അറിഞ്ഞത്?
advertisement
ഇഷ്ടക്കാരില്‍ നിന്ന് അപേക്ഷ എഴുതി വാങ്ങി അനുവദിക്കുകയല്ലേ ചെയതത്. പുതിയ ബ്രുവറിക്കും ഡിസ്റ്റിലറിക്കും തത്വത്തില്‍ അംഗീകാരം നല്‍കയതേ ഉള്ളൂ എന്നും ലൈസന്‍സ് നല്‍കിയില്ലെന്നും മന്ത്രി പറയുന്നു. ഇവര്‍ക്ക് ലൈസന്‍സ് നല്‍കാന്‍ അനുമതി നല്‍കിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സര്‍ക്കാറിന്റെ അനുമതിയില്ലാതെ എക്‌സൈസ് കമ്മീഷണര്‍ക്ക് സ്വന്തമായി ലൈസന്‍സ് നല്‍കാന്‍ കഴിയുമോ?
ലൈസന്‍സ് നല്‍കുന്നത് വെറും സാങ്കേതിക കാര്യം മാത്രമാണ്.
കേരളത്തിനാവശ്യമായ വിദേശ മദ്യത്തിന്റെ 8% വും ബീയറിന്റെ 40% വും പുറത്തു നിന്നാണ് വാങ്ങുന്നതെന്നും അത് ഇവിടെ തന്നെ ഉല്പാദിപ്പിച്ചാല്‍ നികുതി വരുമാന വര്‍ദ്ധനവും തൊഴിലവസങ്ങളിലെ വര്‍ദ്ധനവും ഉണ്ടാവുമെന്ന് മന്ത്രി പറയുന്നു. അത് ശരിയാണ്. തര്‍ക്കമില്ല. പക്ഷേ അതിന് രഹസ്യമായി അനുവദിക്കണോ? അത് പരസ്യമായി ചര്‍ച്ച ചെയ്ത് മന്ത്രി സഭയില്‍ വച്ച് അനുവദിക്കുന്നതിന് എന്തായിരുന്നു തടസ്സം? അഴിമതി നടത്താന്‍ വേണ്ടിയല്ലേ ഘടക കക്ഷികളെപ്പോലും അറിയിക്കാതെ രഹസ്യമായി ചെയ്തത്?
advertisement
മദ്യനയത്തിന് അനുസൃതമായാണ് അനുമതി നല്‍കിയതെന്ന് മന്ത്രി പറയുന്നു. പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും തുടങ്ങാന്‍ അനുമതി നല്‍കുമെന്ന് മദ്യനയത്തില്‍ എവിടെയാണ് പറയുന്നത്. എങ്കില്‍ ആ മദ്യനയം പരസ്യമാക്കാമോ?
ഇടതു മുന്നണിയുടെ പ്രകടന പത്രികയില്‍ എവിടെയാണ് സംസ്ഥാനത്ത് പുതുതായി ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാമെന്ന് പറയുന്നതെന്നും ചെന്നിത്തല ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2018 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എക്‌സൈസ് മന്ത്രിയുടെത് കുറ്റസമ്മതം', അഴിമതി ആരോപണം ആവർത്തിച്ച് ചെന്നിത്തല