കോൺഗ്രസിൽ റീൽസ് V/S റിയൽസ്; പോരാട്ടം സോഷ്യൽമീഡിയയിലൂടെ നേതാവാകുന്നവരും ഗ്രൗണ്ടിൽ ഇറങ്ങുന്നവരും തമ്മിൽ

Last Updated:

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ സോഷ്യൽ മീഡിയ റീൽസ് വഴിയുള്ള പ്രചാരണത്തിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തു വന്നത്

News18
News18
പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനെ മുൻ നിർത്തി കോൺഗ്രസില്‍ പുതിയൊരു പടയൊരുക്കം. സോഷ്യൽ മീഡിയയിൽ റീൽസ് ഇട്ട് ചുളുവിൽ നേതാക്കളാകുന്ന പുതിയ ശൈലിക്ക് എതിരെയുള്ള അമർഷമാണ് പഴയ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയോടെ നടക്കുന്ന വിശാലസഖ്യനീക്കത്തിന് പിന്നിലെന്നാണ് സൂചന. പുതുപ്പള്ളിയിൽ വെള്ളിയാഴ്ച നടക്കുന്ന ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക സംഗമം വിശാലസഖ്യത്തിന്റെ കരുത്ത് തെളിയിക്കുന്ന വേദിയായി മാറും എന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
റീൽസ്
റിയൽസ്
മറ്റു നേതാക്കളെ അത്ര മതിക്കാതെ പ്രതിപക്ഷ നേതാവ് വീഡി സതീശൻ, ഷാഫി പറമ്പിൽ എംപി, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എന്നിവരുടെ പാർട്ടിയിലെ മേൽക്കോയ്മയ്ക്ക് എതിരെയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ അനാഥമായ എ ഗ്രൂപ്പിലെ പഴയ നേതാക്കളും ഐ ഗ്രൂപ്പിലെ അസംതൃപ്തരും ഒരുമിച്ച് വരുന്നത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ സോഷ്യൽ മീഡിയ റീൽസ് വഴിയുള്ള പ്രചാരണത്തിന് എതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തു വന്നത്. സമീപകാലത്ത് നേരിട്ടുള്ള (റിയൽ) പലതരത്തിലെ ഇടപെടലുകളിലൂടെ ഗ്രാഫുയർത്തിയ ചാണ്ടി ഉമ്മനെ ആയുധമാക്കി യൂത്ത് കോണ്‍ഗ്രസിലെ ഷാഫി-രാഹുൽ ടീമിനും ഇവർക്ക് പൂർണ പിന്തുണ നൽകുന്ന വീ ഡി സതീശനും മറുപടി നൽകുന്നതും ഇവരുടെ ലക്ഷ്യമാണ്.യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അനിഷ്ടം ചാണ്ടി ഉമ്മൻ പരസ്യമാക്കിയിരുന്നു.
advertisement
ക്യാപ്റ്റനും മേജറും കുഴിബോംബുകളും
രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ മൗനാനുവാദം പുതിയ നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന. കെ സി വേണുഗോപാൽ വിഭാഗത്തിന്റെ പിന്തുണയോടെയാണ് വീഡി -ഷാഫി - മാങ്കൂട്ടം ത്രയത്തിന്റെ പാർട്ടിയിലെ അപ്രമാദിത്യത്തിനെതിരെ ഗ്രൂപ്പ് വൈരം മറന്ന് ഒന്നിക്കുന്നത് എന്നാണ് സൂചന.
പി. സി വിഷ്ണുനാഥ് , സനീഷ് കുമാർ ജോസഫ് എന്നിവർക്കൊപ്പം ടി. സിദ്ദിഖ്, സി ആർ മഹേഷ്, മാത്യു കുഴൽനാടൻ,തുടങ്ങിയ എംഎൽഎമാരും വിശാല സഖ്യത്തിൽ സജീവമായേക്കും എന്നാണ് സൂചന. ഉമ്മൻചാണ്ടിയുടെ വിശ്വസ്തരായിരുന്ന കെ സി ജോസഫ്, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവരും എ ഗ്രൂപ്പിൽ വീണ്ടും സജീവമാകുകയാണ്. മുതിർന്ന നേതാക്കളായ കെ സുധാകരൻ, കെ മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ,വി എം സുധീരൻ തുടങ്ങിയവരുടെ പിന്തുണയും ചാണ്ടി ഉമ്മനെ മുൻനിർത്തിയുള്ള പുതിയ സഖ്യത്തിനുണ്ടെന്നാണ് സൂചന.
advertisement
ഖാദിയുടെ പ്രകോപനം
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലെ റീൽസ് വിവാദത്തിന് പിന്നാലെ കോൺഗ്രസിന്റെ മുഖമുദ്രയായ ഖാദിയോട് അലർജിയുള്ളവർക്കെതിരെ അജയ് തറയൽ നടത്തിയ പരാമർശത്തിനെതിരായ ഒരു വിഭാഗത്തിന്റെ അമർഷവും, പി ജെ കുര്യൻ യൂത്ത് കോൺഗ്രസിനെതിരെ നടത്തിയ വിമർശനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ രൂക്ഷ പ്രതികരണവുമാണ് മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചത്.
ഗ്രൗണ്ടിലാണ് വർക്ക് ചെയ്യേണ്ടതെന്നും തന്റെ മണ്ഡലത്തിൽ പോലും യുവ നേതാക്കളെ കാണാനില്ലെന്നുമായിരുന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പി.ജെ. കുര്യന്റെ പ്രസ്‌താവന.
ഇതിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തു വന്നപ്പോൾ ടിവിയിൽ കാണുന്ന യൂത്ത് കോൺഗ്രസുകാരെ തന്റെ പഞ്ചായത്തിൽ കണ്ടിട്ടില്ല എന്നും എല്ലാ പഞ്ചായത്തുകളിലും യൂത്ത് കോൺഗ്രസ് കമ്മിറ്റി ഉണ്ടാകണമെന്ന് പറഞ്ഞതിൽ എവിടെയാണ് ദോഷം എന്ന് അറിയില്ലെന്നും നിലമ്പൂരിൽ ചാണ്ടി ഉമ്മൻ വീടുകൾ കയറി പ്രചാരണം നടത്തിയത് നല്ല മാതൃകയാണ് എന്നും പി.ജെ. കുര്യൻ പറഞ്ഞു.
advertisement
ചാണ്ടിയുടെ വരവ്
ശ്രീനാരായണ ഗുരു സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദി പ്രമാണിച്ച് ശിവഗിരിമഠത്തിന്റെ നേതൃത്വത്തില്‍ വത്തിക്കാനില്‍ സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന് ചാണ്ടി ഉമ്മൻ വലിയ പിന്തുണ നൽകിയെന്ന് ശിവഗിരി മഠം വ്യക്തമാക്കിയിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് സമ്മേളനത്തെ അഭിസംബോധന ചെയ്തത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൂവായിരത്തിലേറെ വീടുകളിലാണ് ചാണ്ടി ഉമ്മൻ നേരിട്ട് സന്ദർശനം നടത്തിയത്. ഇതാണ് റീൽസ് നേതാക്കൾക്ക് എതിരെ അമർഷം കൂടാൻ ഒരു കാരണം.
തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നതിനെ തുടർന്ന് വന്ന സമരമുഖത്തും സർക്കാരിനെ വെല്ലുവിളിച്ച് താരമായത് ചാണ്ടി തന്നെ. പിന്നാലെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതിന് കേരളാ ഗവർണറെ നേരിൽ കണ്ട് കാന്തപുരം അബൂബക്കർ മുസ്‍ലിയാരെ ഇടപെടുത്തി യമനിൽ നടത്തിയ ഇടപെടൽ ഫലം കാണുക കൂടി ചെയ്തതോടെയാണ് ചാണ്ടിക്ക് കയ്യടിച്ച് പിജെ കുര്യനും, ടി സിദ്ധിക്കും, അജയ് തറയിലും ഉൾപ്പെടെയുള്ള നേതാക്കൾ പിന്തുണ പരസ്യമാക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോൺഗ്രസിൽ റീൽസ് V/S റിയൽസ്; പോരാട്ടം സോഷ്യൽമീഡിയയിലൂടെ നേതാവാകുന്നവരും ഗ്രൗണ്ടിൽ ഇറങ്ങുന്നവരും തമ്മിൽ
Next Article
advertisement
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ; വിക്കറ്റ് വേട്ടയിലൂടെ പർപ്പിൾ ക്യാപ് സ്വന്തമാക്കി കാലിക്കറ്റിന്റെ അഖിൽ സ്കറിയ
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ; വിക്കറ്റ് വേട്ടയിലൂടെ പർപ്പിൾ ക്യാപ് സ്വന്തമാക്കി കാലിക്കറ്റിന്റെ അഖിൽ സ്കറിയ
  • അഖിൽ സ്കറിയ 11 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകൾ

  • തുടർച്ചയായി രണ്ടാം തവണയാണ് കെ.സി.എൽ പർപ്പിൾ ക്യാപ്പ് നേട്ടം

  • കെ.സി.എൽ. 50 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ബൗളർ

View All
advertisement