ഇടതു സർക്കാർ ബന്ധം; 'സമസ്ത'യിലെ ഭിന്നത പരസ്യമായി; പൊതുവേദിയില്‍ മുശാവറ അംഗങ്ങളുടെ വിമര്‍ശനവും മറുപടിയും
- Published by:Arun krishna
- news18-malayalam
Last Updated:
വഖഫ് നിയമനത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തിയതിനെ സ്വാഗതം ചെയ്ത ജിഫ്രി തങ്ങളുടെ നടപടി ശരിയായില്ലെന്ന് ബഹാവുദ്ദീന്‍ നദ് വി, ചില വിഷങ്ങളില്‍ ഭരിക്കുന്നവര്‍ക്കൊപ്പം സഹകരിക്കേണ്ടിവരുമെന്നും അത് സമുദായത്തിന്‍റെ ഗുണത്തിനാണെന്നും ഉമർ ഫൈസി മുക്കത്തിന്റെ മറുപടി
എല്‍ഡിഎഫ് സര്‍ക്കാരുമായുള്ള ബന്ധത്തില്‍ സമസ്തയിലെ തര്‍ക്കം പരസ്യമാവുന്നു. വഖഫ് നിയമന വിവാദത്തില്‍ സര്‍ക്കാരിന്‍റെ പിന്മാറ്റത്തെ സ്വാഗതം ചെയ്ത സമസ്ത നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി മുശാവറ അംഗം ബഹാവുദ്ദീന്‍ നദ് വി രംഗത്തെത്തി. എന്നാല്‍ സമസ്തയ്ക്ക് രാഷ്ട്രീയമില്ലെന്നും ചില കാര്യങ്ങളില്‍ സര്‍ക്കാരുമായി ചേര്‍ന്നു നില്‍ക്കാമെന്നും ഇതേ വേദിയില്‍ തന്നെ സമസ്ത ജോയിന്‍റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കം മറുപടി നല്‍കി.
ഹക്കിം ഫൈസി അദൃശേരിയെ പുറത്താക്കിയതിനെത്തുടര്‍ന്നുള്ള വിവാദങ്ങളിലടക്കം നിലപാട് വിശദീകരിക്കാനായിരുന്നു കോഴിക്കോട് ഫറോക്കില്‍ സമസ്ത വിദ്യാര്‍ഥി വിഭാഗം എസ് കെ എസ് എസ് എഫിന്‍റെ സമ്മേളനം. എന്നാല്‍ എന്തുകൊണ്ട് സമസ്ത എല്‍ ഡി എഫ് സര്‍ക്കാരിനോട് അടുക്കരുതെന്ന് വിശദീകരിക്കുകയായിരുന്നു ഉദ്ഘാടന പ്രസംഗത്തിലുടനീളം മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വി. സ്വതന്ത്രമായ നിലപാടുള്ള സംഘടനയായി സമസ്തയെ മാറ്റാനുള്ള ജിഫ്രി മുത്തുക്കോയ തങ്ങളെ ലക്ഷ്യം വെക്കുന്നതായിരുന്നു ബഹാവുദ്ദീന്‍ നദ്വിയുടെ പരാമര്‍ശങ്ങള്‍.
മുസ്ലീംങ്ങളെ ബാധിക്കുന്ന വിഷയമായിരുന്നു വഖഫ് ബോർഡിലേക്കുള്ള പി.എസ്.സി നിയമനം. മുസ്‌ലിം സമുദായത്തിന്റെ, പ്രത്യേകിച്ചും സമസ്തയുടെയും അനുയായികളുടെയും പണവും അധ്വാനവും ഇന്ധനവും സമയവും അതിനു വേണ്ടി തുലച്ചു. അവസാനം നിയമം മാറ്റി പഴയതു പോലെ തുടരുമെന്ന് പറഞ്ഞു. അപ്പോൾ സ്വാഗതം ചെയ്യാൻ എല്ലാവരും മുന്നോട്ടുവന്നുവെന്നും ബഹാവുദ്ദീന്‍ നദ്‌വി കുറ്റപ്പെടുത്തി.
advertisement
വഖഫ് നിയമഭേദഗതി പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെയും നദ്വിയുടെ വിമര്‍ശനം നീണ്ടു. ബാഗ് തട്ടിപ്പറിച്ചയാൾ നിർബന്ധിതാവസ്ഥയിൽ തിരിച്ചുകൊടുത്താൽ സ്വാഗതം ചെയ്യുന്നതു പോലെയാണ് വഖഫ് വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് സ്വാഗതം ചെയ്യുന്നതെന്ന് ബഹാവുദ്ദീന്‍ നദ്‌വി പറഞ്ഞു. സമസ്തയുടെ പൂർവിക പണ്ഡിതന്മാരിൽ ആരും ഈ പണി ചെയ്തിട്ടില്ല. അതു സമുദായത്തിനു വേറെ സന്ദേശമാണ് നൽകുന്നത്. തെറ്റിദ്ധാരണകൾ ഉണ്ടാകുന്ന കാര്യങ്ങൾ ഉണ്ടാകുമ്പോൾ തിരുത്തണമെന്നാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളതെന്നും ബഹാവുദ്ദീന്‍ നദ് വി കൂട്ടിച്ചേർത്തു. സമുദായത്തിന്‍റെ ഒന്നാമത്തെ ശത്രു കമ്യൂണിസമാണെന്ന് ബഹാവുദ്ദീന്‍ നദ് വി വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പതാക കത്തിച്ച പാരമ്പര്യമാണ് സമസ്തയ്ക്കുള്ളതെന്നും എല്‍ ഡി എഫുമായി ഒരു തരത്തിലും അടുക്കാന്‍ കഴിയില്ലെന്നും ബഹാവുദ്ദിന്‍ പറഞ്ഞു.
advertisement
എന്നാല്‍ പൊതുവേദിയില്‍ നദ്വി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ഔദ്യോഗിക പക്ഷം അതേവേദിയില്‍ തന്നെ മറുപടി നല്‍കി. ബഹാവുദ്ദീന്‍ നദ്വിയുടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായാണ് തൊട്ടുപിന്നാലെ സമസ്ത ജോയിന്‍റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കം സംസാരിച്ചത്. വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റേണ്ടി വന്നത് സമസ്തയുടെ ഇടപെടലിനെത്തുടര്‍ന്നാണെന്നും അത്തരം ഇടപെടലുകളില്‍ തെറ്റില്ലെന്നും ഉമര്‍ ഫൈസി പറഞ്ഞു.
ഇടത്തോട്ട് ചെരിഞ്ഞു എന്നു പറയുന്നവരുണ്ട്. അത് മനഃപൂർവം കെട്ടിയുണ്ടാക്കുന്നതാണ്. വഖഫിന്റെ വിഷയത്തിൽ സംഭവിച്ചത് ഉദാഹരണമാണ്.
രാജ്യത്ത് സർക്കാർ ഒരു നിയമം കൊണ്ടുവന്നാൽ ഇവിടത്തെ നിയമവ്യവസ്ഥ അനുസരിച്ച് അതിനെ നേരിടണം. ജിഫ്രി തങ്ങൾ കേരളം ഭരിക്കുന്ന സർക്കാരിനോട് നേരിട്ടുപറഞ്ഞു. നിവേദകസംഘത്തെ അയച്ചു. അതിന്റെ ഫലമായി താൽക്കാലികാശ്വാസം ലഭിച്ചു. അത്തരത്തിൽ സഹകരിച്ചു മുന്നോട്ടുപോകുന്നുണ്ട്. ചില വിഷങ്ങളില്‍ ഭരിക്കുന്നവര്‍ക്കൊപ്പം സഹകരിക്കേണ്ടിവരും. അത് സമുദായത്തിന്‍റെ ഗുണത്തിന് വേണ്ടിയാണെന്നും ഉമർ ഫൈസി വ്യക്തമാക്കി.
advertisement
സമുദായത്തിന്‍റെ ഒന്നാമത്തെ ശത്രു കമ്യൂണിസമാണെന്ന നദ്വിയുടെ വാദത്തെ ഉമര്‍ ഫൈസി തിരുത്തി. ഒന്നാമത്തെ ശത്രു വഹാബിസവും മൌദൂദിസവുമാണെന്നും സമസ്തയുണ്ടായതു തന്നെ ഈ ആശയങ്ങളെ എതിര്‍ക്കാനാണെന്നും ഉമര്‍ ഫൈസി പറഞ്ഞു. സംഘപരിവാറിനെ എതിര്‍ക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരിനൊപ്പം നില്‍ക്കാമെന്നും ഉമര്‍ ഫൈസി പറഞ്ഞു. സി എ എ സമര കാലത്ത് സമസ്ത അത്തരം നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും സര്‍ക്കാരുകള്‍ സംഘപരിവാര്‍ നയങ്ങളെ പ്രതിരോധിക്കുന്നുണ്ട്. അതുകൊണ്ട് അത്തരം വിഷയങ്ങളില്‍ ഭരിക്കുന്നവരെ പിന്തുണക്കേണ്ടി വരുമെന്നും ഉമര്‍ ഫൈസി വ്യക്തമാക്കി.
advertisement
സമസ്ത എല്‍ ഡി എഫിനോട് അടുക്കുന്നുവെന്ന മുസ്ലിം ലീഗ് കേന്ദ്രങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങളെ പരിഹാസത്തോടെയാണ് ഉമര്‍ ഫൈസി നേരിട്ടത്. ഭരിക്കുന്നവരുമായി ചര്‍ച്ചകള്‍ നടത്തുന്നത് സമുദായത്തിന് വേണ്ടി കാര്യങ്ങള്‍ നേടാനാണ്. കേരളം ഭരിക്കുന്ന സർക്കാർ എല്‍ ഡി എഫ് ആയതുകൊണ്ട് അവരിൽനിന്ന് കിട്ടേണ്ട കാര്യങ്ങള്‍ക്ക് ചില മാർഗങ്ങൾ സ്വീകരിക്കും. അപ്പോൾ സഖാവ് ഉമർ ഫൈസി എന്നു പറയരുത്. ഇപ്പോൾ അങ്ങനെ പറയുന്നവരും അവരുടെ കൂടെ പോകാൻ നിൽക്കുകയാണെന്നും ഉമര്‍ ഫൈസി പരിഹസിച്ചു. സമസ്തയെ രാഷ്ട്രീയക്കാരുടെ പിറകിൽ കൊണ്ടുപോയി കെട്ടരുതെന്നും ഉമർ ഫൈസി പറഞ്ഞു.
advertisement
രാഷ്ട്രീയക്കാരുടെയും മുകളിൽനിന്ന്, രാഷ്ട്രീയക്കാരെ ഉപദേശിക്കാനും അവർക്ക് മാർഗം കാണിച്ചുകൊടുക്കാനുമുള്ള സംഘടനയാണ് സമസ്ത. ആരും സമസ്തയെക്കാളും വലുതാകാൻ ശ്രമിക്കേണ്ട. സമസ്തയ്ക്ക് ഒരു രാഷ്ട്രീയവുമില്ല. ഇസ്‌ലാമും സുന്നത്ത് ജമാഅത്തും മാത്രമേയുള്ളൂ. സുന്നത്ത് ജമാഅത്തിന് കേടുവരുന്ന മേഖലയിൽ അതിനെ പ്രതിരോധിക്കാനും ശക്തിപ്പെടുത്താനും വേണ്ടത് ഊർജസ്വലതയോടെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരും സമസ്തയേക്കാള്‍ വലുതാവാന്‍ നില്‍ക്കേണ്ടെന്ന താക്കീതോടെയാണ് ഉമര്‍ ഫൈസി പ്രസംഗം അവസാനിപ്പിച്ചത്. സര്‍ക്കാരുമായി സമസ്ത നേരിട്ടു നടത്തുന്ന ചര്‍ച്ചകള്‍ സംഘടനയ്ക്കുള്ളിലെ മുസ്ലിം ലീഗ് അനുയായികളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് പൊതുവേദിയിലെ വിമര്‍ശനം. മുശാവറ അംഗം ബഹാവുദ്ദിന്‍ നദ്വിക്ക് അതേവേദിയില്‍ വെച്ചുതന്നെ രൂക്ഷമായ ഭാഷയില്‍ ഉമര്‍ ഫൈസി നല്‍കിയ മറുപടി ഭിന്നിപ്പ് എത്രത്തോളം ആഴത്തിലാണെന്നതിന്‍റെ തെളിവാണ്. പാഠ്യപദ്ധതി പരിഷ്‌ക്കരണം, അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയെ സമസ്തയിൽനിന്ന് പുറത്താക്കിയ നടപടി അടക്കമുള്ള പുതിയ വിവാദങ്ങളിൽ നിലപാട് വിശദീകരിക്കാനായിരുന്നു എസ്.കെ.എസ്.എസ്.എഫിന്റെ പൊതുയോഗം. സമ്മേളനത്തിൽ സി.ഐ.സിക്കും ഹക്കീം ഫൈസിക്കുമെതിരെയാണ് പ്രധാന വിമർശമുയർന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 19, 2022 4:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടതു സർക്കാർ ബന്ധം; 'സമസ്ത'യിലെ ഭിന്നത പരസ്യമായി; പൊതുവേദിയില്‍ മുശാവറ അംഗങ്ങളുടെ വിമര്‍ശനവും മറുപടിയും