എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് തിങ്കളാഴ്ച്ച ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കും
- Published by:user_57
- news18-malayalam
Last Updated:
കേസ് എടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യപേക്ഷയുമായി സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു
കൊച്ചി: കെ.ടി. ജലീൽ എം.എൽ.എയുടെ (K.T. Jaleel MLA) പരാതി പ്രകാരം കന്‍റോണ്‍മെന്‍റ് പൊലീസ് ചാർജ് ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് (Swapna Suresh) തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. രഹസ്യ മൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിലെടുത്ത കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്ന സുരേഷ് കോടതിയിൽ ഹർജി നൽകാൻ ഒരുങ്ങുന്നത്. സ്വപ്നയും പി.സി. ജോർജും ചേർന്ന് ഗൂഡാലോചന നടത്തി, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നായിരുന്നു ജലീലിന്‍റെ പരാതി. ആദ്യം പരാതിയിൽ കേസെടുക്കാൻ കഴിയുമോ എന്ന് പൊലീസ് സംശയിച്ചു. പിന്നീട് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് 120 ബി, 153 വകുപ്പുകൾ പ്രകാരം കേസ് എടുത്തിരിക്കുന്നത്.
കേസ് എടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യപേക്ഷയുമായി സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച വേളയിൽ സ്വപ്നയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയിൽ സ്വീകരിച്ചത്. ഈ വാദം അംഗീകരിച്ച് ഹൈക്കോടതി സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയിരുന്നു.
കേസിൽ അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ലെന്നും ഹർജിയ്ക്ക് പിറകിൽ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കെ.ടി. ജലീലിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന്‍റെ അറസ്റ്റ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്നയും സരിത്തും ഹൈക്കോടതിയെ സമീപിച്ചത്.
advertisement
ഇതിനിടിയിൽ സ്വപ്ന സുരേഷും, സുഹൃത്തായ ഷാജ് കിരണും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്ത് വിടാനുള്ള ഒരുക്കത്തിലാണ് സ്വപ്ന. സർക്കാരിൻ്റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്താണ് ഷാജ് കിരൺ. ഇരുവരും ഓഫീസിൽ വെച്ച് നടത്തിയ സംസാരവും, ഫോൺ സംഭാഷണവും റെക്കോർഡ് ചെയ്തിരുന്നതായിട്ടാണ് സ്വപ്നയുടെ വാദം. വൈകിട്ട് മൂന്ന് മണിക്ക് പാലക്കാട് നിന്നുമാണ് ശബ്ദരേഖ പുറത്തുവിടുവാൻ ഒരുങ്ങുന്നത്.
മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. ഇത് തെളിയിക്കാൻ ആവശ്യമായ ശബ്ദരേഖ കയ്യിൽ ഉണ്ടെന്നും അത് ഇന്ന് പുറത്തുവിടുമെന്നും സ്വപ്ന ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിയെയോ സി.പി.എം. സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള മറ്റ് നേതാക്കളെ പരിചയമില്ലെന്ന് ഷാജ് കിരൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുഹൃത്ത് എന്ന നിലയിലാണ് സ്വപ്നയുമായി സംസാരിച്ചതെന്നും സ്വപ്ന വിളിച്ചതനുസരിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാട് പോയി അവരെ കണ്ടതെന്നുമാണ് ഷാജ് കിരണിന്റെ വാദം.
advertisement
സ്വപ്ന ഓഡിയോ പുറത്ത് വിട്ടശേഷം തൻ്റെ കൈയ്യിലുള്ള ചില തെളിവുകളും പുറത്ത് വിടുമെന്നാണ് ഷാജ് കിരൺ പറയുന്നത്. വേണ്ടിവന്നാൽ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായി തൻ്റെ കൈവശമുള്ള തെളിവുകൾ നേരിട്ട് ഹാജരാക്കുമെന്ന നിലപാടിലാണ് ഷാജ് കിരൺ. സ്വപ്നയുടെ കൈവശമുള്ള തെളിവുകൾ പുറത്തുവന്ന ശേഷമായിരിക്കും ഷാജ് കിരണിൻ്റെ പുതിയ നീക്കം.
Summary: Swapna Suresh to file petition seeking cancellation of FIR
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 10, 2022 12:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് തിങ്കളാഴ്ച്ച ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കും