• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ബിഷപ്പ് ആൻറണി കരിയിൽ രാജിവെച്ചത് വത്തിക്കാൻ്റെ ഉത്തരവുകൾ ലംഘിച്ചതിനാൽ'; സഭാ തർക്കത്തിൽ വിശദീകരണവുമായി സിറോ മലബാർ സഭ

'ബിഷപ്പ് ആൻറണി കരിയിൽ രാജിവെച്ചത് വത്തിക്കാൻ്റെ ഉത്തരവുകൾ ലംഘിച്ചതിനാൽ'; സഭാ തർക്കത്തിൽ വിശദീകരണവുമായി സിറോ മലബാർ സഭ

സഭയുടെ കീഴ് വഴക്കം അനുസരിച്ചുള്ള നടപടി മാത്രമായിരുന്നു കരിയിലിൻറെ രാജിയെന്ന് സഭയുടെ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു

അങ്കമാലി അതിരൂപത

അങ്കമാലി അതിരൂപത

 • Share this:
  കൊച്ചി: സഭാ തർക്കത്തിൽ വിശദീകരണവുമായി സിറോ മലബാർ സഭ രംഗത്ത്. ബിഷപ്പ് ആൻറണി കരിയിൽ രാജിവെച്ചത് വത്തിക്കാൻ്റെ ഉത്തരവുകൾ ലംഘിച്ചതിനാലാണെന്നും കുർബാന ഏകീകരണത്തിൽ കരിയിൽ ഗുരുതര ലംഘനം നടത്തിയെന്നും സഭയുടെ ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു. സഭ ഭൂമി വില്പനയിൽ കർദിനാളിനെ കുറ്റക്കാരനാക്കാൻ ചിലർ ശ്രമിക്കുകയാണെന്നും സഭ നേതൃത്വം വിശദീകരിക്കുന്നു.

  സഭാ നേതൃത്വത്തിനെതിരെ വിമത വിഭാഗം ഇന്ന് കൊച്ചിയിൽ റാലി നടത്തുന്ന സാഹചര്യത്തിലാണ് സഭയുടെ വിശദീകരണ കുറിപ്പ് വന്നിരിക്കുന്നത്. ബിഷപ്പ് ആൻറണി കരിയിൽ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി സ്ഥാനം രാജിവച്ചത് സ്വാഭാവിക നടപടി മാത്രമാണെന്ന് സഭ പറയുന്നു. കുർബാന ഏകീകരണ വിഷയത്തിൽ മാർപാപ്പയുടെ നേരിട്ടുള്ള നിർദ്ദേശങ്ങൾ പലതവണ കരിയിൽ ലംഘിച്ചു. സിനഡിൻ്റെ തീരുമാനങ്ങളും പലപ്പോഴും വളച്ചൊടിച്ചു . ഇത് സഭ നേതൃത്വത്തിലും വിശ്വാസികൾക്ക് ഇടയിലും തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്.

  സഭയുടെ കീഴ് വഴക്കം അനുസരിച്ചുള്ള നടപടി മാത്രമായിരുന്നു കരിയിലിൻറെ രാജിയെന്ന് സഭയുടെ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു.സഭയുടെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചിലർ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് . കർദിനാളിനെ ഒറ്റപ്പെടുത്താൻ മാത്രമാണ് ഇവരുടെ ശ്രമം. ഒരു വിഭാഗം വൈദികരുടെ പിന്തുണയും ഈ ശ്രമത്തിനുണ്ട്. കർദിനാളിനെ കുരുക്കാൻ ഉദ്ദേശിച്ച വ്യാജരേഖ കേസിൽ സഭ നൽകിയ പരാതിയിൽ മൂന്നു വൈദികർ പ്രതികളായി എന്നതും വിശദീകരണക്കുറിപ്പ് സാന്ദർഭികമായി ഓർമിപ്പിക്കുന്നുണ്ട്.

  സഭയുടെ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ ഉണ്ടാകുമെന്ന   മുന്നറിയിപ്പും മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലറായ ഫാദർ വിൻസർ ചെറുവത്തൂർ പുറത്തിറക്കിയ വിശദീകരണത്തിലുണ്ട്. അതേ സമയം വിമത വിഭാഗം വിശ്വാസ സംരക്ഷണ റാലിയുമായി മുന്നോട്ട് പോവുകയാണ്. പുതിയ അഡ്മിനിസ്ട്രേറ്റർ നിയമനത്തിനും ജനാഭിമുഖ കുർബാന വിഷയത്തിലുമുള്ള  സിനഡ് തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് റാലിയും വിശ്വാസ സംരക്ഷണം സംഗമവും സംഘടിപ്പിച്ചിരിക്കുന്നത്.

  അതിരൂപത സംരക്ഷണ സമിതി, അല്മായ മുന്നേറ്റം, ദൈവജനക്കൂട്ടായ്മ, ബസിലിക്ക കൂട്ടായ്മ, കെസി.വൈ.എം. സി.എല്‍.സി, സി.എം.എല്‍, വിന്‍സെന്‍റ് ഡി പോള്‍ തുടങ്ങീയ  സംഘടനകളും പ്രതിഷേധ സംഗമത്തിന്  പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച കലൂര്‍ സ്റ്റേഡിയത്തിൽ ചേരുന്ന സംഗമത്തിൽ വൈദികര്‍ അടക്കമുള്ളവർ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

  അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തുക, ഭൂമിയിടപാടു പ്രശ്നങ്ങളില്‍ അതിരൂപതയ്ക്കു നഷ്ടപ്പെട്ട തുക റെസ്റ്റിറ്റ്യൂഷന്‍ പ്രക്രിയയുടെ ഭാഗമായി തിരിച്ചു നല്കുക, കാരണം കാണിക്കല്‍ നോട്ടീസു പോലും നല്കാതെ രാജി വെപ്പിക്കുകയും ഊരുവിലക്കേര്‍പ്പെടുത്തുകയും ചെയ്ത ആര്‍ച്ച് ബിഷപ് ആന്‍റണി കരിയിലിനോട് സിനഡ് നീതി പുലര്‍ത്തുക, തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉയർത്തുന്നത്. വത്തിക്കാനും സഭാ നേതൃത്വവും  പൂർണ്ണമായും തങ്ങളെ അവഗണിക്കുകയാണെന്നും വിമത വിഭാഗം നേതാക്കൾ പറയുന്നു.
  Published by:Arun krishna
  First published: