Syro Malabar Church | സിറോ മലബാർ സഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ കൂടി
- Published by:user_57
- news18-malayalam
Last Updated:
മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്സ് താരാമംഗലത്തിനെയും, ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചത്
കൊച്ചി: സിറോ മലബാർ സഭയിൽ (Syro Malabar Church) മൂന്ന് പുതിയ സഹായമെത്രാന്മാർ (auxiliary bishop) കൂടി നിയമിതരായി. മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്സ് താരാമംഗലത്തിനെയും, ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചത്. സീറോ മലബാർ സഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനത്തിലാണ് ഇവരെ മെത്രാന്മാരായി സിനഡ് പിതാക്കന്മാർ തെരഞ്ഞെടുത്തത്.
തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപായി ഇവരെ മെത്രാന്മാരായി നിയമിക്കുന്നതിനുള്ള മാർപ്പാപ്പയുടെ സമ്മതം വത്തിക്കാൻ സ്ഥാനപതിവഴി ലഭിച്ചിരുന്നു.
മെത്രാൻ സിനഡിന്റെ സമാപനദിവസമായ ആഗസ്റ്റ് 25ാം തീയതി സിനഡ് പിതാക്കന്മാരുടെ സാനിധ്യത്തിൽ നടന്ന ചടങ്ങിൽവെച്ച് നിയുക്ത മെത്രാന്മാരുടെ പ്രഖ്യാപനം നടന്നു. ജർമ്മനിയിലായിരിക്കുന്ന മാനന്തവാടി രൂപതയുടെ നിയുക്ത സഹായമെത്രാൻ ഫാ. അലക്സ് താരാമംഗലം തദവസരത്തിൽ സന്നിഹിതനായിരുന്നില്ല.
ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി നിയുക്തരായിരിക്കുന്ന ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. തോമസ് പാടിയത്ത് എന്നിവരെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ റാഫേൽ തട്ടിലും ചേർന്ന് സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. നിയുക്ത മെത്രാന്മാരുടെ മെത്രാഭിഷേകത്തിന്റെ തീയതി പിന്നീട് നിശ്ചയിക്കുന്നതാണ്. ഇതോടെ സീറോമലബാർ സഭയിൽ ശുശ്രൂഷ ചെയ്യുന്നവരും വിരമിച്ചവരുമായി മെത്രാന്മാരുടെ എണ്ണം 65 ആയി.
advertisement
മാനന്തവാടി രൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്ന ഫാ. അലക്സ് താരാമംഗലം തലശ്ശേരി അതിരൂപതാംഗമാണ്. 1958ൽ ജനിച്ച അദ്ദേഹം 1973 ൽ തലശ്ശേരി മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ച് 1983 ജനുവരി ഒന്നിന് വൈദികനായി. തലശ്ശേരി അതിരൂപതയിലെ വിവിധ ഇടവകകളിൽ ശുശ്രൂഷചെയ്ത ഫാ. അലക്സ് റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. വിവിധ മേഖലകളിലെ അജപാലനശുശ്രൂഷകൾക്കുപുറമേ അദ്ദേഹം കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ അധ്യാപകൻ, വൈസ് റെക്ടർ, റെക്ടർ എന്നീ നിലകളിലും സേവനം ചെയ്തു. 2016 മുതൽ 2022 വരെ തലശ്ശേരി അതിരൂപതയുടെ സിഞ്ചെല്ലൂസ് ആയിരുന്നു.
advertisement
അതിരൂപതയിലെ മാടത്തിൽ ഇടവകയുടെ വികാരിയായി സേവനം ചെയ്യുമ്പോഴാണ് പുതിയ നിയമനം അദ്ദേഹത്തെ തേടിയെത്തുന്നത്. തത്വശാസ്ത്ര സംബന്ധമായ പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള നിയുക്ത മെത്രാന് ഇറ്റാലിയൻ, ജർമ്മൻ എന്നീ ഭാഷകളിലും പ്രാവീണ്യമുണ്ട്.
ഷംഷാബാദ് രൂപതയുടെ ഒന്നാമത്തെ സഹായമെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്ന പാലാ രൂപതാംഗമായ ഫാ. ജോസഫ് കൊല്ലംപറമ്പിൽ 1955 ൽ ജനിച്ചു. പാലാ രൂപതയുടെ മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ച അദ്ദേഹം 1981 ഡിസംബർ 18ന് വൈദികനായി അഭിഷിക്തനായി. പാലാ രൂപതയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്ത ഫാ. കൊല്ലംപറമ്പിൽ പാലാ സെന്റ് തോമസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
advertisement
പാലാ സെന്റ് തോമസ് കോളേജിൽ ലെക്ചററായും, ബർസറായും, ഹോസ്റ്റലിന്റെ വാർഡനായും സേവനം ചെയ്തു. 2003 മുതൽ 2011 വരെ അരുവിത്തുറ സെന്റ് ജോർജ് കോളേജിന്റെ പ്രിൻസിപ്പാളായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ സെനറ്റ് മെമ്പർ, സിൻഡിക്കേറ്റ് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാലാ രൂപതയുടെ വിവിധ കാനോനിക സമിതികളിൽ അംഗമായിരുന്ന അദ്ദേഹം രൂപതയുടെ സിഞ്ചെല്ലൂസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഷംഷാബാദ് രൂപതയിൽ ഗുജറാത്ത് മിഷൻ പ്രദേശത്തിനുവേണ്ടിയിട്ടുള്ള സിഞ്ചെല്ലൂസായി പ്രവർത്തിക്കുന്നു.
ഷംഷാബാദ് രൂപതയുടെ രണ്ടാമത്തെ സഹായമെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്ന ഫാ. തോമസ് പാടിയത്ത് ചങ്ങനാശ്ശേരി അതിരൂപതാംഗമാണ്. 1969ൽ ജനിച്ച അദ്ദേഹം സ്കൂൾ പഠനത്തിനുശേഷം 1984 ൽ വൈദികപരിശീലനത്തിനായി ചങ്ങനാശ്ശേരി അതിരൂപതാ മൈനർ സെമിനാരിയിൽ പ്രവേശിച്ചു. 1994 ഡിസംബർ 29ാം തീയതി വൈദികനായി അഭിഷിക്തനായി. അതിരമ്പുഴ പള്ളിയിൽ അസി. വികാരിയായും അഭിവന്ദ്യ ജോസഫ് പൗവ്വത്തിൽ പിതാവിന്റെ സെക്രട്ടറിയായും സേവനം ചെയ്ത ഫാ. പാടിയത്ത് ബെൽജിയത്തെ ലുവൈൻ സർവ്വകലാശാലയിൽനിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും ദൈവശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും നേടി. കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ ഉൾപ്പെടെ വിവിധ മേജർ സെമിനാരികളിലും സ്ഥാപനങ്ങളിലും പഠിപ്പിച്ചിട്ടുണ്ട്.
advertisement
ഇംഗ്ലീഷിന് പുറമേ ജർമ്മൻ ഭാഷയിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലെ സിഞ്ചെല്ലൂസായി സേവനം ചെയ്യുമ്പോഴാണ് പുതിയ കർമമേഖലയിലേക്ക് നിയോഗിക്കപ്പെടുന്നത്.
പാലാ രൂപതയുടെ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ 2022 ആഗസ്റ്റ് 16ന് സമർപ്പിച്ച രാജി പെർമനന്റ് സിനഡിന്റെ അനുവാദപ്രകാരം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്വീകരിച്ചു. 2017 മുതൽ ആശ്രമജീവിതത്തിലേക്കുള്ള ആഭിമുഖ്യം മാർ ജേക്കബ് മുരിക്കൻ പ്രകടമാക്കിയിരുന്നെങ്കിലും പരി. സിംഹാസനത്തിന്റെ നിർദ്ദേശം കൂടി കണക്കിലെടുത്ത് പിതാവിനോട് മെത്രാൻ ശുശ്രൂഷയിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു.
advertisement
എന്നാൽ, സഹായമെത്രാൻ സ്ഥാനത്തുനിന്നുമാറി ആശ്രമജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തന്റെ തീരുമാനം അറിയിച്ചുകൊണ്ട് ബിഷപ്പ് മുരിക്കൻ കാനൻ നിയമപ്രകാരം മേജർ ആർച്ച്ബിഷപ്പിന് രാജി സമർപ്പിക്കുകയായിരുന്നു. ബിഷപ്പ് മുരിക്കന്റെ രാജി സ്വീകരിച്ചുകൊണ്ടുള്ള തീരുമാനം മേജർ ആർച്ച്ബിഷപ് അറിയിക്കുകയും ആഗസ്റ്റ് 25ന് രാജി പ്രാബല്യത്തിൽ വരുമെന്ന് വത്തിക്കാൻ അറിയിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 25, 2022 4:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Syro Malabar Church | സിറോ മലബാർ സഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ കൂടി