അട്ടപ്പാടിയിൽ ഗർഭിണിയെ തുണിയിൽ കെട്ടി ചുമന്നത് മൂന്നര കിലോമീറ്ററോ 300 മീറ്ററോ? മന്ത്രി പറഞ്ഞത് ശരിയോ?
- Published by:Anuraj GR
- news18-malayalam
Last Updated:
മന്ത്രി ഊരിലേക്ക് വന്ന് യാഥാർത്ഥ്യം നേരിട്ട് മനസ്സിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു
പാലക്കാട്: അട്ടപ്പാടിയിൽ പ്രസവവേദന വന്ന യുവതിയെ ആംബുലൻസിൽ കയറ്റാൻ മൂന്നര കിലോമീറ്ററോളം ദൂരം തുണിയിൽ കെട്ടി ചുമന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന വാർത്ത. എന്നാൽ ഇത് നുണയാണെന്നും ആകെ 300 മീറ്റർ മാത്രമാണ് നടന്നതെന്നും പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഇതിൽ വസ്തുത എന്താണെന്ന് പരിശോധിക്കാം.
ശനിയാഴ്ച രാത്രി 12.45 നാണ് കടുകുമണ്ണ ആദിവാസി ഊരിലെ സുമതിക്ക് പ്രസവ വേദന വന്നത്. തുടർന്ന് ഇവരെ ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് മുരുകനും ഊരുകാരും ശ്രമം ആരംഭിച്ചു. ട്രൈബൽ പ്രൊമോട്ടർ ജ്യോതി ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് പ്രിയയെ വിവരം അറിയിച്ചു. 24 മണിക്കൂറും സേവനം ഉറപ്പു നൽകിയിരുന്ന പട്ടികവർഗ ക്ഷേമ വകുപ്പിൻ്റെ ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് 108 ആംബുലൻസ് വിളിച്ചു. 2.45നാണ് ആനവായ് ഫോറസ്റ്റ് ഔട്ട് പോസ്റ്റ് വരെ ആംബുലൻസ് എത്തിയത്. ഇവിടെ നിന്നും രണ്ടര കിലോമീറ്ററോളം ദൂരമുണ്ട് കടുകുമണ്ണ ഊരിലേക്ക്.
advertisement
മന്ത്രിയുടെ വാദം തെറ്റെന്ന് സുമതിയുടെ ഭർത്താവ് മുരുകൻ
300 മീറ്റർ മാത്രമാണ് സുമതിയെ തുണിയിൽ കെട്ടി ചുമന്നത് എന്ന മന്ത്രി കെ രാധാകൃഷ്ണൻ്റെ വാദം തെറ്റാണെന്ന് സുമതിയുടെ ഭർത്താവ് മുരുകൻ പറയുന്നു. ആനവായ് ഫോറസ്റ്റ് ക്യാമ്പ് ഷെഡ് (ഔട്ട് പോസ്റ്റ് ) വരെ മാത്രമാണ് ആംബുലൻസ് വന്നത്. ട്രൈബൽ ഡിപ്പാർട്മെൻ്റിൻ്റെ വാഹനം വിളിച്ചിട്ട് കിട്ടിയില്ലെന്നും മുരുകൻ പറയുന്നു. മഴ ഉണ്ടായിരുന്നതിനാൽ ഊരിന് താഴെയുള്ള പുഴ വരെ വണ്ടിക്ക് വരാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. ഏകദേശം രണ്ടു കിലോമീറ്ററിലേറെ ദൂരമുണ്ട്. അല്ലാതെ മന്ത്രി പറഞ്ഞ പോലെ 300 മീറ്റർ മാത്രമല്ല നടന്നതെന്നും മുരുകൻ വ്യക്തമാക്കി. 300 മീറ്റർ മാത്രം നടന്നാൽ മതിയെങ്കിൽ സുമതിയെ തുണിയിൽ കെട്ടി ചുമക്കേണ്ട കാര്യമില്ലെന്നും മുരുകൻ പറയുന്നു.
advertisement
മന്ത്രിയുടെ നിലപാടിനെതിരെ വി കെ ശ്രീകണ്ഠൻ എം പി യും രംഗത്ത് വന്നു. ആനവായ് ഊരിൽ നിന്നും കടുകുമണ്ണയിലേക്ക് മൂന്നര കിലോമീറ്ററോളം ദൂരമുണ്ടെന്ന് എം പി പറഞ്ഞു. മുൻപ് ഒന്നര മണിക്കൂറോളം നടന്നാണ് താൻ അവിടെ എത്തിയത്. പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കാതെ ദുരിതാവസ്ഥ പുറത്ത് കൊണ്ടു വന്നവരെ മന്ത്രി കളിയാക്കുകയാണ് ചെയ്യുന്നതെന്നും എം പി വ്യക്തമാക്കി.
advertisement
മന്ത്രി ഊരിലേക്ക് വന്ന് യാഥാർത്ഥ്യം നേരിട്ട് മനസ്സിലാക്കണമെന്ന് പുതൂർ പഞ്ചായത്ത് വാർഡ് മെമ്പർ ശെന്തിലും പറഞ്ഞു.
യാത്രാദുരിതം ഏറെയുള്ള കടുകുമണ്ണയിൽ സംഭവ ദിവസം ആനവായ് ഫോറസ്റ്റ് ഔട്ട് പോസ്റ്റ് വരെ മാത്രമേ ആംബുലൻസ് എത്തിയിരുന്നുള്ളു. എന്നാൽ മന്ത്രിയെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന.
മുൻപ് അട്ടപ്പാടി മുരഗള ആദിവാസി ഊരിലേക്ക് കുഞ്ഞിൻ്റെ മൃതദേഹവുമായി അച്ചൻ നടന്നു പോയ സംഭവം ഏറെ ചർച്ചയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 12, 2022 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അട്ടപ്പാടിയിൽ ഗർഭിണിയെ തുണിയിൽ കെട്ടി ചുമന്നത് മൂന്നര കിലോമീറ്ററോ 300 മീറ്ററോ? മന്ത്രി പറഞ്ഞത് ശരിയോ?