മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണിയുടെ വാക്കുകൾ കടമെടുത്താൽ കേരളത്തിലെ 'മറ്റൊരു രാഷ്ട്രീയക്കാരനും സഞ്ചരിക്കാത്ത വഴിയിലൂടെ'യാണ് അരുവാനപ്പള്ളി പുതിയപുരക്കൽ അബ്ദുള്ളക്കുട്ടി എന്ന എ പി അബ്ദുള്ളക്കുട്ടിയുടെ യാത്ര. ഇടതു ചേരിയിൽ നിന്ന് വലതിലേക്കും തിരിച്ചും യാത്ര ചെയ്തവർ ഏറെയുണ്ടാകാം. എന്നാൽ മൂന്നു മുന്നണികളിലും ഇങ്ങനെ നിറഞ്ഞു നിന്ന മറ്റൊരു നേതാവ് കേരളത്തിൽ ഉണ്ടാവില്ല. ബിജെപിയിൽ ചേർന്ന് നാലുമാസം തികയും മുമ്പേ സംസ്ഥാന വൈസ് പ്രസിഡന്റായതിന് അല്പം സ്പീഡ് കൂടുതലാണെങ്കിലും നരേന്ദ്ര മോദിയെ പുകഴ്തിയതിന് സിപിഎം പുറത്താക്കിയ സഖാവ് ബിജെപിയിൽ ചേരാൻ അല്പം സമയമെടുത്തു എന്നു പറയാം.
വലതുപക്ഷത്തു നിന്നു വന്ന ഇടതു താരം
വടക്കൻ മലബാറിലെ അന്നത്തെ ഏതു ചെറുപ്പക്കാരനെയും പോലെ ഗൾഫിലേക്ക് പോകാൻ ഐ.ടി.ഐയിൽ ചേർന്നതാണ് കണ്ണൂർ നാറാത്ത് സ്വദേശിയായ അബ്ദുള്ളക്കുട്ടിയുടെ ജീവിതത്തിലെ വഴിത്തിരിവ്. അതുവരെ വലതുപക്ഷ ചിന്താഗതിക്കാരനായിരുന്നു. അവിടെ വെച്ച് എസ്.എഫ്.ഐയിൽ ചേർന്നു. പ്രൊഫഷണൽ വിദ്യാഭ്യാസം സ്വകാര്യവത്കരിക്കുന്നതിനെതിരായി എസ്.എഫ്.ഐ. നടത്തിയ സമരത്തെ തുടർന്ന് ഒരുമാസം ജയിലിൽ.. ഐ ടി ഐ പഠനം മുടങ്ങിയെങ്കിലും മലയാളത്തിലും നിയമത്തിലും ബിരുദമെടുത്തു. കോഴിക്കോട് സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി. എസ്.എഫ്.ഐ.യുടെ സംസ്ഥാന അധ്യക്ഷനായി.
വാർത്തയിലേക്കുള്ള പൊടിക്കൈകൾ
ഏതു തരത്തിലും വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ താല്പര്യമുള്ള നേതാവാണ് അബ്ദുള്ളക്കുട്ടി.എസ് എഫ് ഐ ജില്ലാ ഭാരവാഹിയായിരിക്കെ നടന്ന ഒരു സംഭവം തെളിവാണ്. എസ് എഫ് ഐ എന്നെഴുതിയ ചുവന്ന ബലൂണുകൾ ആകാശത്തേക്ക് പറത്തി വിട്ടത് വലിയ വാർത്തയാകുമെന്ന് അബ്ദുള്ളക്കുട്ടി കരുതി. എന്നാൽ മാധ്യമങ്ങൾ അത് ശ്രദ്ധിച്ചു പോലും ഇല്ല. അവരോട് കാര്യം തിരക്കിയപ്പോൾ അതൊരു സംഭവമേ അല്ല എന്നായിരുന്നു മറുപടി. ഇതിന് അബ്ദുള്ളക്കുട്ടി നൽകിയ മറുപടി , അങ്ങിനെയെങ്കിൽ ബലൂണുകൾ പറത്തി വിട്ട് എസ് എഫ് ഐ സമ്മേളനത്തിൽ ധൂർത്ത് എന്ന് വാർത്ത നൽകി കൂടെയെന്നായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഒരു സമകാലീനൻ ഓർമ്മിക്കുന്നു.
BJP നൽകിയ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റും; മഞ്ചേശ്വരത്ത് ബിജെപി ജയിക്കുമെന്നും എ.പി അബ്ദുള്ളക്കുട്ടി
അദ്‌ഭുതക്കുട്ടിയായി കളം പിടിച്ച കാലം
കാര്യം ചെങ്കോട്ടയെന്നൊക്കെ ജില്ലയെ വിളിക്കുമെങ്കിലും കണ്ണൂർ ലോക്സഭാ മണ്ഡലം ബാലികേറാമലയായി നിന്നത് സിപിഎമ്മിന് ക്ഷീണമായിരുന്നു. അങ്ങനെ അന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവും എസ് എഫ് ഐ സംസ്ഥാന അധ്യക്ഷനുമായിരുന്ന അബ്ദുള്ളക്കുട്ടിയെ പാർട്ടി 1999 ൽ പടയ്ക്കിറക്കി. അഞ്ചു പരാജയങ്ങൾക്കു ശേഷം തലകുനിച്ചു നിന്ന പാർട്ടിയുടെ അഭിമാനം ഉയർത്തി അന്നത്തെ ഗ്ലാമർ താരം ഡൽഹിയിലേക്കുള്ള അദ്‌ഭുതക്കുട്ടിയായത് 10247 വോട്ടിന്. അഞ്ചു വർഷങ്ങൾക്കു ശേഷം ഇടതു തരംഗത്തിൽ ഭൂരിപക്ഷം 83849 ആയി. ഈ ഭൂരിപക്ഷത്തിന്റെ റെക്കോഡ് 2019 വരെ നിലനിന്നു.
സഖാവിൽ നിന്ന് സംഘിയിലേക്ക്
2009 ജനുവരിയിൽ സിപിഎം എംപി ആയിരിക്കെ ദുബായിൽ വെച്ചായിരുന്നു ആദ്യം നരേന്ദ്ര മോദിയെ പുകഴ്ത്തിയത്. ഒരു ടെലിവിഷൻ ചാനലിലെ അഭിമുഖത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി മോദിയുടെ വിജയം വികസനനയത്തിനുള്ള അംഗീകാരമാണെന്നും അതു മാതൃകയാക്കണമെന്നും പറഞ്ഞതിനെത്തുടർന്ന് മാർച്ചിൽ പാർട്ടി പുറത്താക്കി. അടുത്ത മാസം കോൺഗ്രസിലെത്തി. നവംബറിൽ നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് വിജയിച്ചു.
"നിങ്ങളെന്നെ കോൺഗ്രസാക്കി'
കോൺഗ്രസിൽ പത്തു കൊല്ലം കഴിഞ്ഞപ്പോൾ വീണ്ടും മോദിയെ പ്രശംസിച്ചു. രണ്ടാം തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ചു കൊണ്ടായിരുന്നു ഇത്. രണ്ടു തവണ കണ്ണൂർ മണ്ഡലത്തിൽ അബ്ദുല്ലകുട്ടിയോട് നിലം പരിശായ കെപി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉടൻ തന്നെ പുറത്താക്കൽ തീരുമാനമെടുത്തു. അങ്ങനെ പത്തൊമ്പത് അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന ആത്മകഥ 'നിങ്ങളെന്നെ കോൺഗ്രസാക്കി'യുടെ അവസാന രംഗമായി. കേരളം ഒരു നിക്ഷേപകസൗഹൃദസംസ്ഥാനമല്ലെന്നും അടിക്കടി ഉണ്ടാവുന്ന ഹർത്താലുകളും ബന്ദുകളുമാണ് കാരണം എന്നും പ്രസംഗിച്ചതും വിവാദമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.