വയോധികരുടെ ശ്രദ്ധയ്ക്ക്; യാത്ര ചെയ്ത ശേഷം ഇറങ്ങിയ അതെ ബസ് ഇടിച്ച് തിങ്കളാഴ്ച മരിച്ചത് രണ്ടു പേർ
- Published by:Sneha Reghu
- news18-malayalam
Last Updated:
കോട്ടയത്തും കൊല്ലത്തുമാണ് സമാനമായ അപകടങ്ങൾ ഉണ്ടായത്
കോട്ടയം: യാത്ര ചെയ്ത് ഇറങ്ങിയ ബസ് ഇടിച്ചുണ്ടായ അപകടങ്ങളിൽ തിങ്കളാഴ്ച മരിച്ചത് രണ്ടു വയോധികർ. കോട്ടയത്തും കൊല്ലത്തുമാണ് ഒരേ ദിവസം സമാനമായ അപകടങ്ങൾ ഉണ്ടായത്. കോട്ടയം പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ വച്ചാണ് ബസ് ഇടിച്ചത്. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിന് സമീപത്തുള്ള കിഴക്കേകോഴിപ്ലാക്കൽ ചിന്നമ്മ ജോൺ (72) ആണ് മരിച്ചത്. രാവിലെ 10.45 ഓടെ ആയിരുന്നു അപകടം.
സ്റ്റാൻഡിൽ വന്നിറങ്ങിയ ചിന്നമ്മ ബസിന് മുന്നിലൂടെ കടക്കുന്നതിനിടെ മുന്നോട്ട് എടുത്ത അതേ ബസ് തട്ടി നിലത്ത് വീഴുകയായിരുന്നു. കാലിലൂടെ ബസ് കയറി ഇറങ്ങി തലക്കും കാലിനും ഗുരുതര പരുക്കേറ്റ ചിന്നമ്മയെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. പാലാ പിറവം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിനിടയാക്കിയത്. തലയടിച്ച് വീണുണ്ടായ ഗുരുതര പരുക്കാണ് മരണ കാരണമെന്നാണ് നിഗമനം.
കൊല്ലത്ത് നല്ലില ജംഗ്ഷനിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അഷ്ടമുടി മറ്റശേരി പുത്തൻവീട്ടിൽ ഷാജു സക്കറിയ (73) അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.45നായിരുന്നു അപകടം. അഞ്ചാലുംമൂട്ടിൽ നിന്ന് വെളിയത്തേക്കുള്ള സ്വകാര്യ ബസിൽ നല്ലിലയിലെ ബന്ധുവീട്ടിലേക്ക് എത്തിയതായിരുന്നു ഷാജു.
advertisement
ബസ് ഇറങ്ങിയ ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ഷാജുവിന്റെ ശരീരത്തിലൂടെ ബസിന്റെ മുൻ ചക്രം കയറിയിറങ്ങി. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പാലാ സംഭവത്തിൽ വലവൂർ സ്വദേശിയായ ബസ് ഡ്രൈവർ ജോജോയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസും പോലീസ് കസ്റ്റഡിയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
May 13, 2025 12:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയോധികരുടെ ശ്രദ്ധയ്ക്ക്; യാത്ര ചെയ്ത ശേഷം ഇറങ്ങിയ അതെ ബസ് ഇടിച്ച് തിങ്കളാഴ്ച മരിച്ചത് രണ്ടു പേർ