ആദ്യം ബഹുമാനം; പരാതികളിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും 'ബഹു' ചേർത്ത് വിശേഷിപ്പിക്കണം; വകുപ്പുകൾക്ക് നിർദേശം
- Published by:Rajesh V
- news18-malayalam
Last Updated:
പരാതികള്‍ക്കും നിവേദനങ്ങൾക്കുമുള്ള മറുപടികളിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുകൾക്ക് മുൻപിലായി 'ബഹു' ചേർക്കണമെന്നാണ് നിർദേശം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടേയോ പേര് എഴുതുന്നതിന് മുൻപായി 'ബഹു' എന്ന് ചേർക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ച് സർക്കുലർ. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. കത്തിടപാടുകളിലും പരാതികള്‍ക്കും നിവേദനങ്ങൾക്കുമുള്ള മറുപടികളിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുകൾക്ക് മുൻപിലായി 'ബഹു' ചേർക്കണമെന്നാണ് നിർദേശം.
'പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രിമാർ എന്നിവർക്ക് നൽകുന്ന നിവേദനങ്ങൾ / പരാതികൾ എന്നിവ പരിശോധന വിധേയമാക്കിയശേഷം ബന്ധപ്പെട്ട ഓഫീസുകളിൽ നിന്നും നടപടികൾ സ്വീകരിച്ചതിന്റെ ഭാഗമായി നിവേദകര്‍ക്കും, അപേക്ഷകര്‍ക്കും നൽകുന്ന മറുപടി സംബന്ധമായ കത്തിടപാടുകളിൽ ബഹുമാന സൂചകമായി ബഹ. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് രേഖപ്പെടുത്തേണ്ടതാണ്' - കഴിഞ്ഞ മാസം 30ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 18 പ്രകാരം, സൈനിക, അക്കാദമിക് പദവികൾ ഒഴികെയുള്ള എല്ലാത്തരം പദവികളും ഇല്ലാതാകുന്നതിനിടെയാണ് ഇത്തരമൊരു നിർദേശമെന്നതാണ് വിരോധാഭാസം. നേതാക്കൾക്ക് ആദരവും ബഹുമാനവും ലഭിക്കേണ്ടത് സേവനങ്ങളിലൂടെയാണെന്നും അല്ലാതെ പ്രത്യയ നാമങ്ങളിലൂടെ അല്ലെന്നുമാണ് സ്രഷ്ടാക്കൾ വിഭാവനം ചെയ്തത്. എന്നാൽ ബഹുമാനം നിർബന്ധിച്ച് വാങ്ങിയശേഷമേ പരാതികളും നിവേദനങ്ങളും പരിഹരിക്കപ്പെടൂവെന്ന ധാരണയാണ് പുതിയ നിർദേശം സൃഷ്ടിക്കുന്നത്.
advertisement

മറുവശത്ത് രാജ്യത്തെ കോടതികൾ കൊളോണിയൽ കാലഘട്ടത്തിലെ വിശേഷണങ്ങൾ ഒന്നൊന്നായി ഒഴിവാക്കിവരികയാണ്. 2009ൽ തന്നെ മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് കെ ചന്ദ്രു 'യുവർ ലോർഡ്‌ഷിപ്പ്' എന്ന പദം ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ജഡ്ജിമാരെയും മജിസ്ട്രേറ്റുമാരെയും അഭിസംബോധന ചെയ്യാൻ 'സാർ' അല്ലെങ്കിൽ 'മാഡം' പോലുള്ള മാന്യമായ വാക്കുകൾ ഉപയോഗിച്ചാൽ മതിയെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയും നിർദേശിച്ചിട്ടുണ്ട്. ഭരണഘടനാപരമായ തുല്യതയ്ക്ക് അനുസൃതമായി, 'മൈ ലോർഡ്', 'യുവർ ലോർഡ്‌ഷിപ്പ്' എന്നീ പദങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ 2019 ൽ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിമാർ തീരുമാനിച്ചു. സുപ്രീം കോടതി ജഡ്ജിമാർ പോലും ഇത്തരം പദപ്രയോഗങ്ങളിൽ അസ്വസ്ഥരാണെന്ന് പരസ്യമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് പിന്തിരിപ്പൻ നിർദേശവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുവരുന്നതെന്ന വിമർശനം ഉയരുന്നത്. പൗരന്മാർക്കുള്ള പതിവ് ഉദ്യോഗസ്ഥ മറുപടികളിൽ മൂന്നാം വ്യക്തിയെന്ന നിലയിൽ മന്ത്രിമാരെ പരാമർശിക്കുമ്പോൾ പോലും അത്തരം ബഹുമതികൾ ഉപയോഗിക്കണമെന്ന നിർദേശത്തിനെതിരെ ഉദ്യോഗസ്ഥർക്കിടയിലും വിമർശനമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 10, 2025 10:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആദ്യം ബഹുമാനം; പരാതികളിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും 'ബഹു' ചേർത്ത് വിശേഷിപ്പിക്കണം; വകുപ്പുകൾക്ക് നിർദേശം