നൈറ്റ് പട്രോളിങ്ങിനിടെ കൈക്കൂലി; പണം സീറ്റിനടിയില്‍ ഒളിപ്പിച്ചനിലയിൽ; 'ഓപ്പറേഷന്‍ മിഡ്‌നൈറ്റില്‍' കുടുങ്ങിയത് എസ്‌ഐ ഉള്‍പ്പടെ
- Published by:Rajesh V
- news18-malayalam
Last Updated:
പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്നതായി വ്യാപകമായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്നലെ രാത്രി പരിശോധന നടത്തിയത്
വിജിലന്‍സിന്റെ 'ഓപ്പറേഷന്‍ മിഡ്‌നൈറ്റില്‍' എസ്‌ഐ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ കുടുങ്ങി. മണ്ണാര്‍ക്കാട് ഹൈവേ സ്‌ക്വാഡ് സംഘത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത 2850 രൂപയും പെരുമ്പാവൂരിലെ കണ്‍ട്രോള്‍ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് രണ്ടായിരം രൂപയും പിടികൂടി. മദ്യലഹരിയിലായിരുന്ന മൂവാറ്റുപുഴ ഫ്ലൈയിങ് സ്‌ക്വാഡിലെ പൊലീസുകാരനും പിടിയിലായി.
പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്നതായി വ്യാപകമായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്നലെ രാത്രി പരിശോധന നടത്തിയത്.
എസ്പി എസ് ശശിധരന്റെ നേതൃത്വത്തില്‍ അഞ്ച് ഡിവൈഎസ്പിമാര്‍, 12 സിഐമാര്‍ കൂടാതെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരടക്കം 60 അംഗ സംഘമാണ് 25 സ്ഥലങ്ങളിലായി പരിശോധന നടത്തിയത്. രാത്രികാല പരിശോധന നടത്തുന്ന ഫ്ലൈയിങ് സ്‌ക്വാഡ്, കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍, എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന.
വിജിലന്‍സ് സ്‌ക്വാഡ് പിടികൂടിയതിന് പിന്നാലെ പണം എസ്‌ഐയും സംഘവും വാഹനത്തിന്റെ സീറ്റനടിയിലേക്ക് ഉപേക്ഷിക്കുകയായിരുന്നു. മൂവാറ്റുപുഴയില്‍ പരിശോധന നടത്തുമ്പോഴാണ് പൊലീസുകാരനെ മദ്യപിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈവേയില്‍ പരിശോധന നടത്തേണ്ട സംഘം ആളൊഴിഞ്ഞ റോഡില്‍ വിശ്രമിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഇന്നലത്തെ പരിശോധനയില്‍ എസ്‌ഐ ഉള്‍പ്പടെ 9 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് വിജിലന്‍സ് സ്‌ക്വാഡ് അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കര്‍ശനമായ പരിശോധന തുടരും. പിടിയിലായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
February 14, 2025 1:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നൈറ്റ് പട്രോളിങ്ങിനിടെ കൈക്കൂലി; പണം സീറ്റിനടിയില്‍ ഒളിപ്പിച്ചനിലയിൽ; 'ഓപ്പറേഷന്‍ മിഡ്‌നൈറ്റില്‍' കുടുങ്ങിയത് എസ്‌ഐ ഉള്‍പ്പടെ