'ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് വേണം; യുഡിഎഫിലേക്ക് മടങ്ങില്ല': ജോസ് കെ മാണി
- Published by:Anuraj GR
- news18-malayalam
Last Updated:
ഇടതുമുന്നണിയിൽ ആരും പിന്നിൽ നിന്ന് കുത്തുന്നില്ല. എൽഡിഎഫിൽ കുടുംബാന്തരീക്ഷമാണുള്ളതെന്നും ജോസ് കെ മാണി
കോട്ടയം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം ഹൈപ്പവർ കമ്മിറ്റി യോഗത്തിൽ ധാരണയായി. കോട്ടയത്തിന് പുറമേ രണ്ട് സീറ്റ് കൂടി ആവശ്യപ്പെടാനാണ് തീരുമാനം. ഒരു സീറ്റ് അധികമായി ലഭിച്ചാൽ നേട്ടമാണെന്നും പാർട്ടി വിലയിരുത്തി. കൂടുതൽ സീറ്റ് കിട്ടാൻ കേരള കോൺഗ്രസിന് യോഗ്യതയുണ്ടെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ കേരള കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റായ കോട്ടയം അവർക്കുതന്നെ നൽകാമെന്ന് സിപിഎം ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിന് പുറമെ ഒരു സീറ്റ് കൂടി ഇടതുമുന്നണി നൽകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. പത്തനംതിട്ട, ചാലക്കുടി, വടകര സീറ്റുകളിൽ ഒന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നതെന്നും സൂചനയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉന്നത സിപിഎം നേതാക്കളിൽനിന്ന് ചില ഉറപ്പുകൾ ലഭിച്ചതായി ജോസ് കെ മാണി ഹൈപ്പവർ കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കി.
പത്തനംതിട്ട ലോക്സഭാ മണ്ഡലമാണ് കേരള കോൺഗ്രസ് പ്രധാനമായും ആവശ്യപ്പെടുന്നത്. ഈ മണ്ഡലത്തിന്‍റെ പരിധിയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടിക്ക് എംഎൽഎമാർ ഉണ്ട് എന്നത് പാർട്ടിയുടെ ആവശ്യത്തിന് കരുത്തേകും. ക്രൈസ്തവ വോട്ടുകൾക്ക് പ്രാമുഖ്യം ഉള്ള മണ്ഡലം എന്ന നിലയിലാണ് ചാലക്കുടിയും ലക്ഷ്യമിടാൻ കാരണം.
advertisement
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചകളിലേക്ക് അധികം വൈകാതെ ഇടുതമുന്നണി നേതൃത്വം കടക്കുമെന്നതിനാൽ കേരള കോൺഗ്രസിന്‍റെ ആവശ്യം പ്രസക്തമാകുന്നത്. എന്നാൽ സിപിഐ ഉൾപ്പടെയുള്ള ഇടതുമുന്നണിയിലെ ഘടകകക്ഷികൾ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
അതേസമയം യുഡിഎഫിലേക്ക് മടങ്ങുന്ന സാഹചര്യം നിലവിൽ ഇല്ലെന്ന് ജോസ് കെ മാണി പറഞ്ഞു. ഇടതുമുന്നണിയിൽ ആരും പിന്നിൽ നിന്ന് കുത്തുന്നില്ല. എൽഡിഎഫിൽ കുടുംബാന്തരീക്ഷമാണുള്ളത്. മുന്നണിക്കുള്ളിൽനിന്ന് വളരുന്ന സ്ഥിതിയാണ് കേരള കോൺഗ്രസിനുള്ളതെന്നും ജോസ് കെ മാണി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
September 25, 2023 7:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് വേണം; യുഡിഎഫിലേക്ക് മടങ്ങില്ല': ജോസ് കെ മാണി