മരുമകൾ വീട് വിറ്റത് കുറഞ്ഞ വിലയ്ക്കെന്ന് ആരോപിച്ച് വാങ്ങിയയാളെ ആക്രമിച്ചതിന് സ്ത്രീയടക്കം ഏഴുപേർ പിടിയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇരുമ്പുകമ്പിയും തടിക്കഷണവും ഉപയോഗിച്ചാണ് പ്രതികൾ ആക്രമിച്ചത്
തിരുവനന്തപുരം: മരുമകൾ വീട് വിറ്റത് കുറഞ്ഞ വിലയ്ക്കെന്ന് ആരോപിച്ച് വാങ്ങിയയാൾക്ക് നേരെ ആക്രമണം. സംഭവത്തിൽ ഒരു യുവതിയും രണ്ട് അതിഥി തൊഴിലാളികളും ഉൾപ്പെടെ ഏഴു പേർ പിടിയിലായി. ഒക്ടോബർ 22-ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഉച്ചക്കട പുലിവിള ആർ.സി. ഭവനിൽ വിശ്വാമിത്രനാണ് (61) ഗുരുതരമായി പരിക്കേറ്റത്.
കോട്ടുകാൽ ഉച്ചക്കട ആർ.സി. ഭവനിൽ ചന്ദ്രിക (67), ഉച്ചക്കട സുനിൽ ഭവനിൽ സന്തോഷ് എന്ന സുനിൽകുമാർ (45), കാഞ്ഞിരംകുളം മല്ലൻകുളം ചൂണ്ടയിൽപേട്ട് കടയറ പുത്തൻവീട്ടിൽ ഷൈജു എന്ന സുനിൽ (43), കാഞ്ഞിരംകുളം തടത്തിക്കുളം പുളിനിന്ന വീട്ടിൽ ആർ.ജെ. രാകേഷ് (29), ഉച്ചക്കട എസ്.എസ്. നിവാസ് തേരിവിള വീട്ടിൽ അനൂപ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിനുപുറമെ, ജാർഖണ്ഡ് സ്വദേശികളായ ശശികുമാർ (19), ഭഗവത്കുമാർ (19) എന്നിവർ പോലീസ് കസ്റ്റഡിയിലുണ്ട്.
ചന്ദ്രികയുടെ മരുമകൾക്ക് സ്വന്തമായുള്ള ഇരുനില വീടുൾപ്പെടെ 33 സെൻ്റ് സ്ഥലം വിശ്വാമിത്രന് മൂന്നു കോടി രൂപയ്ക്ക് വിറ്റിരുന്നു. എന്നാൽ, ഈ തുക കുറഞ്ഞുപോയെന്ന് വാദിച്ച് ചന്ദ്രിക വിറ്റ വീട്ടിൽത്തന്നെ താമസം തുടങ്ങി. തുടർന്ന് വിശ്വാമിത്രനും ഭാര്യയും ഈ വീട്ടിൽ കയറി താമസിക്കുകയും ഇരു കൂട്ടരും കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനിടയിൽ വിശ്വാമിത്രനെ ഒഴിവാക്കാൻ ചന്ദ്രിക ബന്ധുവായ അനൂപിന്റെ സഹായം തേടി. ഇതിനായി ഒരു ലക്ഷത്തി കാൽ ലക്ഷം രൂപ നൽകുകയും ചെയ്തു.
advertisement
അനൂപ്, സന്തോഷുമായി ചേർന്ന് ഗൂഢാലോചന നടത്തുകയും ഷൈജുവിനെയും രാകേഷിനെയും തൻ്റെ അതിഥി തൊഴിലാളി ക്യാമ്പിൽനിന്ന് രണ്ട് പേരെയും സംഘടിപ്പിച്ച് 22-ന് പുലർച്ചെ വിശ്വാമിത്രൻ്റെ വീട് കയറി ആക്രമിക്കുകയായിരുന്നു. വിശ്വാമിത്രന്റെ ഭാര്യ വീട്ടിലില്ലാത്ത തക്കം നോക്കി ചന്ദ്രിക പ്രതികളെ ഫോണിൽ വിവരമറിയിച്ചു. പ്രതികൾക്ക് വീടിൻ്റെ പിൻവാതിൽ തുറന്നുനൽകുകയും, വിശ്വാമിത്രൻ രക്ഷപ്പെടാതിരിക്കാൻ മുൻവാതിൽ അകത്തുനിന്ന് പൂട്ടിയിടുകയും ചെയ്തു.
ഉറക്കത്തിലായിരുന്ന വിശ്വാമിത്രനെ ഇരുമ്പുകമ്പിയും തടിക്കഷണവും ഉപയോഗിച്ച് പ്രതികൾ ആക്രമിച്ചു. തെളിവ് നശിപ്പിക്കാനായി സിസിടിവികളും ഹാർഡ് ഡിസ്‌കും ഇവർ കൊണ്ടുപോയി.
advertisement
ആക്രമണത്തിനു പിന്നാലെ പിടിയിലായ അഞ്ചു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. മറ്റു രണ്ടുപേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിഴിഞ്ഞം എസ്.എച്ച്.ഒ. ആർ. പ്രകാശ്, എസ്.ഐ. ദിനേശ്, എസ്.സി.പി.ഒ. വിനയകുമാർ, സി.പി.ഒ. റെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 24, 2025 10:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മരുമകൾ വീട് വിറ്റത് കുറഞ്ഞ വിലയ്ക്കെന്ന് ആരോപിച്ച് വാങ്ങിയയാളെ ആക്രമിച്ചതിന് സ്ത്രീയടക്കം ഏഴുപേർ പിടിയിൽ