ആഴ്ചയില്‍ 110 മണിക്കൂര്‍ ജോലി; അമേരിക്കയിൽ നിക്ഷേപ സ്ഥാപനത്തിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണു
- Published by:meera_57
- news18-malayalam
Last Updated:
ജോലിഭാരം താങ്ങാനാവുന്നില്ലെന്ന് ഒരു ജീവനക്കാരന്‍ എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചു. ഇയാള്‍ പിന്നീട് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു
ജോലിസ്ഥലത്തെ സമ്മര്‍ദ്ധം കാരണം ജീവനക്കാര്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങളെ കുറിച്ച് നിരന്തരം ചര്‍ച്ചകള്‍ ഉണ്ടാകാറുണ്ട്. ജോലി സമയം കൂടുതലായതിനാല്‍ ജീവനക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായും വാര്‍ത്തകള്‍ വരാറുണ്ട്. ഇത്തരം ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസിലെ ഒരു നിക്ഷേപ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്റെ ദുരനുഭവം.
മില്‍വാക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോബേര്‍ട്ട് ഡബ്ല്യു ബെയര്‍ഡ് എന്ന നിക്ഷേപ സ്ഥാപനത്തിലെ ജൂനിയര്‍ ബാങ്കര്‍ കൂടുതല്‍ സമയം ആഴ്ചയില്‍ ജോലി ചെയ്തതിനെ തുടര്‍ന്ന് കുഴഞ്ഞുവീണതായാണ് റിപ്പോര്‍ട്ട്. ആഴ്ചയില്‍ 110 മണിക്കൂര്‍ വരെ അദ്ദേഹത്തിന് ജോലി ചെയ്യേണ്ടി വന്നതായും ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായതായും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
വാള്‍സ്ട്രീറ്റില്‍ ദീര്‍ഘകാലമായി നടക്കുന്ന നിയമലംഘനമാണിതെന്നും ദിവസവും 20 മണിക്കൂറിലധികം ജോലി ചെയ്യേണ്ടതായും കടുത്ത സമ്മർദ്ദം ഇതുവഴി നേരിടേണ്ടി വരുന്നതായും കമ്പനിയുടെ വ്യവസായ ടീമിലെ ജീവനക്കാര്‍ പറയുന്നു. ദുഷ്‌കരമായ തൊഴില്‍ സംസ്‌കാരത്തെ കുറിച്ച് കമ്പനിയിലെ മുന്‍ ജൂനിയര്‍ ജീവനക്കാര്‍ പങ്കുവെച്ച വിവരങ്ങളും ജേണല്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
advertisement
ഒരു കരാറില്‍ ഒരു ജീവനക്കാരന്‍ ഏകദേശം ഒരു വര്‍ഷത്തോളം ജോലി ചെയ്തതായും ഡോക്യുമെന്റേഷന്‍ തയ്യാറാക്കാന്‍ രാത്രി മുഴുവന്‍ ജോലി ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഒരു സന്ദര്‍ഭത്തില്‍ രാത്രി ഭക്ഷണം കഴിക്കാന്‍ 25 മിനുറ്റ് എടുത്തതിന് മാനേജര്‍ അദ്ദേഹത്തെ ശകാരിച്ചതായും ആരോടെങ്കിലും പറയാതെ അഞ്ച് മിനുറ്റില്‍ കൂടുതല്‍ പുറത്തേക്ക് പോകരുതെന്ന് നിര്‍ദേശിച്ചതായുമാണ് ആ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍.
ജോലിഭാരം താങ്ങാനാവുന്നില്ലെന്ന് ഒരു ജീവനക്കാരന്‍ എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചു. ഇയാള്‍ പിന്നീട് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് പാന്‍ക്രിയാറ്റിക് രോഗമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് അമിത ജോലി ഭാരവുമായി ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥയാണെന്നും ജീവന് തന്നെ ഭീഷണിയാണെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
advertisement
രണ്ടാം തവണ ആശുപത്രിയില്‍ ചെക്ക്അപ്പിന് പോയി ഏതാനും ആഴ്ചകള്‍ക്കുശേഷം ഉത്പാദനക്ഷമത പോരെന്ന കാരണം പറഞ്ഞ് അദ്ദേഹത്തെ സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.
ധനകാര്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വേദിയായ വാള്‍സ്ട്രീറ്റ് ഒയാസിസില്‍ പ്രത്യക്ഷപ്പെട്ട ഒരു അജ്ഞാത പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ വിഷയം കൂടുതല്‍ ശ്രദ്ധനേടി. ബെയര്‍ഡില്‍ ജൂനിയര്‍ ജീവനക്കാരെ 'അതിനികൃഷ്ടന്മാരാ'യാണ് കാണുന്നതെന്ന് പോസ്റ്റ് ആരോപിച്ചു. മറ്റ് ജൂനിയര്‍ ബാങ്കര്‍മാരും സമാന രീതിയില്‍ കമ്പനിയിലെ പെരുമാറ്റത്തെ കുറിച്ച് വിമര്‍ശിച്ചു.
advertisement
ജേണല്‍ റിപ്പോര്‍ട്ടില്‍ ആരോണ്‍ ഹാനിയെന്ന ജീവനക്കാരന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. ഇയാള്‍ എന്നും കഠിനമായ ഷെഡ്യൂളുകള്‍ ഏല്‍പ്പിക്കുന്നതായാണ് പരാമര്‍ശം. പോസ്റ്റ് വൈറലായതോടെ ഹാനിയെ കമ്പനി പുറത്താക്കി.
കഴിഞ്ഞ വര്‍ഷം നടന്ന ഒരു സംഭവവും റിപ്പോര്‍ട്ട് ഉദ്ധരിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ആഴ്ചകളോളം നാല് മണിക്കൂര്‍ വരെ ജോലി ചെയ്തിരുന്ന ജൂനിയര്‍ ബാങ്കര്‍മാരുടെ ഒരു സംഘത്തെ ചിക്കാഗോയിലെ ഒരു ആഘോഷത്തിലേക്ക് ക്ഷണിച്ചു. എന്നാല്‍, ഈ അവസരം ജീവനക്കാരെ വിമര്‍ശിക്കാനുള്ള ആയുധമായി മാനേജര്‍മാര്‍ എടുത്തു. കാര്യക്ഷമത കൂട്ടണമെന്നും മാനേജര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍, ജോലിഭാരവും സമയ കൂടുതലും ബാങ്കര്‍മാര്‍ ചൂണ്ടികാണിച്ചപ്പോള്‍ ഇവരുടെ പ്രകടനം മോശമാണെന്ന് പറഞ്ഞ് വിമര്‍ശിക്കുകയാണുണ്ടായത്.
advertisement
ജോലിസമയം ആഴ്ചയില്‍ 80 മണിക്കൂറാക്കി നിജപ്പെടുത്താന്‍ വാള്‍സ്ട്രീറ്റില്‍ ഉടനീളം ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ബെയര്‍ഡിലെ വ്യവസായ ടീം ഇത് അവഗണിക്കുകയാണെന്ന് സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ ചൂണ്ടിക്കാട്ടി. നിര്‍ബന്ധിത അവധി പോലും ജീവനക്കാര്‍ക്ക് നല്‍കുന്നില്ലെന്നും മാനേജര്‍മാര്‍ ഇടയ്ക്കിടെ പ്രത്യേകിച്ചും ശനിയാഴ്ചകളിലെ അവധി ഒഴിവാക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പോസ്റ്റ് വൈറലായതോടെ ബെയര്‍ഡിലെ മുതിര്‍ന്ന ബാങ്കര്‍മാര്‍ ജൂനിയര്‍ ജീവനക്കാരുടെ ഒരു യോഗം വിളിച്ചു. മീറ്റിങ് ആശങ്കകള്‍ കുറച്ചതായി ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, തങ്ങളുടെ പരാതികള്‍ ബലഹീനതയായി കണക്കാക്കുമെന്ന് ഭയന്ന് സംസാരിക്കാന്‍ മടിച്ചതായി മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി. മുന്‍ കാലങ്ങളില്‍ തങ്ങളുടെ അനുഭവം ഇതിലും മോശമായിരുന്നുവെന്ന് സീനിയര്‍ ജീവനക്കാര്‍ ജൂനിയേഴ്‌സിനെ ഓര്‍മ്മിപ്പിക്കാറുണ്ടെന്നും മുന്‍ ജീവനക്കാര്‍ വെളിപ്പെടുത്തി.
advertisement
2024-ന്റെ തുടക്കം മുതല്‍ ഒരു ഡസനിലധികം ജൂനിയര്‍ ബാങ്കര്‍മാരാണ് കമ്പനിയില്‍ നിന്ന് ജോലി ഉപേക്ഷിച്ച് പോയത്. ഇവരില്‍ ചിലര്‍ ജോലി ഭാരം കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ആശുപത്രിയില്‍ കിടന്നതായും റിപ്പോര്‍ട്ടുണ്ട്.
അമിത ജോലി സമയവുമായി ബന്ധപ്പെട്ട് നിരവധി ദുരന്ത സംഭവങ്ങളെ തുടര്‍ന്നാണ് ഈ വെളിപ്പെടുത്തല്‍. സമീപ വര്‍ഷങ്ങളില്‍ രണ്ട് ജൂനിയര്‍ ബാങ്കര്‍മാര്‍ മരിച്ചത് അമിത ജോലി സമയം കാരണമായിട്ടാണെന്നാണ് കരുതുന്നത്. ജെഫറീസിലെ ജൂനിയര്‍ ബാങ്കറായ കാര്‍ട്ടര്‍ മക്ലിന്റോഷ് മയക്കുമരുന്ന് അമിതമായി കഴിച്ചതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. അതേസമയം, ബാങ്ക് ഓഫ് അമേരിക്കയിലെ മുന്‍ അനലിസ്റ്റായ ലിയോ ലൂക്കെനാസ് രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് മരിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 05, 2025 5:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ആഴ്ചയില്‍ 110 മണിക്കൂര്‍ ജോലി; അമേരിക്കയിൽ നിക്ഷേപ സ്ഥാപനത്തിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണു