അമരേഷിനും യൂസിഫ് ഹസനും തുണയാകാൻ ഇനി വിനോദിന്റെയും അമ്പിളിയുടെയും കൈകൾ
- Published by:Rajesh V
- news18-malayalam
Last Updated:
കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയയിലൂടെ വിജയകരമായി കൈകൾ തുന്നിച്ചേർത്തത്
കൊച്ചി: മരണാനന്തര അവയവദാനത്തിലൂടെ എന്നും സമൂഹത്തിന്റെ ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്ന വിനോദിന്റെയും അമ്പിളിയുടെയും കൈകളുമായി അമരേഷും യൂസഫും ഇനി പ്രതീക്ഷകളുടെ പുതു ജീവിതത്തിലേക്ക്. കർണാടക സ്വദേശിയായ അമരേഷിനും (25), ഇറാഖി പൗരനായ യൂസിഫ് ഹസൻ സയീദ് അൽ സുവൈനിയ്ക്കും (29) കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയയിലൂടെ വിജയകരമായി കൈകൾ തുന്നിച്ചേർത്തത്. കർണാടകയിലെ ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയിൽ (ജെസ്‌കോം) ജൂനിയർ പവർമാൻ ആയ അമരേഷിന് ഏതാനും വർഷങ്ങൾക്കു മുമ്പാണ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഇരുകൈകളും നഷ്ടമായത്.
വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിന്റെ കരങ്ങളാണ് കൊച്ചി അമൃത ആശുപത്രിയിൽ 18 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേർത്തത്. വിനോദ് സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനോദിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 2022 ജനുവരി 4 ന് മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. തുടർന്ന് വിനോദിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിക്കുകയും സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതി വഴി ഇതിനുള്ള നടപടികൾ പൂർത്തിയാക്കുകയുമായിരുന്നു.
advertisement
അവിവാഹിതനായ അമരേഷിന് 2017 സെപ്തംബറിലാണ് ഇലക്ട്രിക് ലൈനിൽ ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റത്. ഇരുകൈകൾക്കും ഗുരുതരമായി പരിക്കേറ്റ അമരേഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കുന്നതായി ഡോക്ടർമാർക്ക് ഇരു കൈകളും മുറിച്ചുമാറ്റേണ്ടി വന്നു. ഇടതു കൈ തോളിനോട് ചേർന്നുള്ള ഭാഗത്തും വലതുകൈ കൈമുട്ടിന്റെ ഭാഗത്തു വച്ചുമാണ് മുറിച്ചു നീക്കിയത്. പിന്നീട് കൈകൾ ഇല്ലാത്തതിന്റെ വിഷമതകളുമായി ജീവിക്കുമ്പോഴാണ് കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെപ്പറ്റി അമരേഷ് അറിയുന്നത്. തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ എത്തുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള കേരള നെറ്റ്വർക്ക് ഫോർ ഓർഗൻ ഷെയറിങ് (കെഎൻഒഎസ്) വഴി 2018 സെപ്തംബറിൽ രജിസ്റ്റർ ചെയ്ത അമരേഷ് തുടർന്നിങ്ങോട്ട് വർഷങ്ങളായി അനുയോജ്യനായ ഒരു ദാതാവിനായുള്ള കാത്തിരിപ്പിലായിരുന്നു.
advertisement
2022 ജനുവരി 5 ന് അമരേഷിന്റെ ഈ കാത്തിരിപ്പ് സഫലമായി. അമൃത ആശുപത്രിയിലെ സെന്റർ ഫോർ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രകറ്റീവ് സർജറി വിഭാഗത്തിലെ ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. മോഹിത് ശർമ്മ എന്നിവരുടെ നേതൃത്വത്തിലാണ് 20 സർജൻമാരും 10 അനസ്തേഷ്യ വിദഗ്ധരും ഉൾപ്പെടുന്ന സംഘം മണിക്കൂറുകളോളം സമയമെടുത്ത് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

advertisement
കൊച്ചി അമൃത ആശുപത്രിയിലെ സെന്റർഫോർ പ്ലാസ്റ്റിക് & റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. സുബ്രഹ്മണ്യ അയ്യർ പറയുന്നു
വളരെ സങ്കീർണമായ ശസ്ത്രക്രിയയായിരുന്നു അത്. ഷോൾഡർ ലെവലിൽ കൈകൾ തുന്നിച്ചേർക്കുന്നത് വളരെ അപൂർവമാണ്. ലോകത്തിൽ തന്നെ ഈ തരത്തിലുള്ള മൂന്നാമത്തെ ശസ്ത്രക്രിയയാണിത്. കൈയുടെ എത്രയും ഭാഗം നഷ്ടമായിട്ടുണ്ട് എന്നതാണ് കെമാറ്റിവയ്ക്കൽ ശസ്ത്രകിയയിൽ കൂടുതൽ വെല്ലുവിളിയാകുന്നത്. ഷോൾഡർ ലെവൽ ട്രാൻസ്പ്ലാന്റിന്റെ കാര്യത്തിൽ കൈ തോളിലേക്ക് കൂട്ടിച്ചേർക്കുന്നതിൽ പല സാങ്കേതികമായ ബുദ്ധിമുട്ടുകളുമുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചാണ് ഞങ്ങൾ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. കൈയുടെ മുകൾ ഭാഗത്തേക്കുള്ള രക്തയോട്ടത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്നുള്ള രണ്ട് നടപടി ക്രമങ്ങളിലൂടെയാണ് ഇത് പരിഹരിച്ചത്. ഒടുവിൽ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ചയ്ക്കുള്ളിൽ രോഗിയെ ഡിസ്ചാർജ് ചെയ്യാനായി.
advertisement
അമരേഷ് പറയുന്നു
''ചെറിയ പ്രായത്തിൽ തന്നെ കൈകൾ നഷ്ടമായത് എന്നെ വളരെയധികം തളർത്തി. എന്റെ ജീവിതം തന്നെ തകർന്ന അവസ്ഥയായി. പുതിയ കൈകൾ ലഭിക്കുക എന്നത് എനിക്ക് അന്ന് ഒരു സ്വപ്നം മാത്രമായാണ് തോന്നിയിരുന്നത്. എന്നാൽ എന്റെ പ്രാർത്ഥന ദൈവം കേട്ടു. ഇനി എന്റെ വിരലുകൾ ചലിപ്പിച്ചു തുടങ്ങാൻ കഴിയുന്ന ദിവസത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എനിക്ക് പുതിയൊരു ജീവിതവും പുതിയ പ്രതീക്ഷകളും നൽകിയ അമൃത ആശുപത്രിയിലെ ഡോക്ടർമാരോട് ഞാൻ നന്ദി പറയുകയാണ്. ഇതിനു വേണ്ടിയുള്ള ശ്രമങ്ങൾക്ക് തുടക്കം മുതലേ എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകിയ ജെസ്‌കോം ഡെപ്യൂട്ടി സെക്രട്ടറിയും കെപിടിസിഎൽ എംപ്ലോയീസ് യൂണിയൻ 659 അസിസ്റ്റന്റ് ട്രഷററുമായ ടി. ശ്രീനിവാസ യാദ്ഗിരിയോടും പ്രത്യേകം നന്ദി പറയുന്നു. '' ജെസ്‌കോം യാദ്ഗിർ ഡിവിഷനും കെപിടിസിഎൽ എംപ്ലോയീസ് യൂണിയനും സംയുക്തമായാണ് അമരേഷിന്റെ ശസ്ത്രക്രിയയ്ക്കുള്ള പണം നൽകിയത്.
advertisement
ബാഗ്ദാദിൽ നിന്നുള്ള യൂസിഫ് ഹസൻ എന്ന ഇന്റീരിയർ കൺസ്ട്രക്ഷൻ തൊഴിലാളിയുടെ കഥയും ഇത്തരത്തിൽ വേദനിപ്പിക്കുന്നതാണ്. 2019 ഏപ്രിലിൽ നിർമ്മാണ സ്ഥലത്ത് മതിൽ തുരക്കുന്നതിനിടെയാണ് യൂസിഫിന് അപകടം സംഭവിച്ചത്. ജോലിക്കിടെ ഡ്രില്ലർ അപ്രതീക്ഷിതമായി ഉയർന്ന വോൾട്ടേജിലുള്ള ഇലക്ട്രിക് ലൈനിൽ തട്ടുകയും ഇദ്ദേഹത്തിന് ഷോക്കേൽക്കുകയുമായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ച യൂസിഫിന്റെ പരിക്ക് ഗുരുതരമായിരുന്നതിനാൽ ഇരുകൈകളും കൈമുട്ടിന്റെ ഭാഗത്തുവച്ച് മുറിച്ചു മാറ്റേണ്ടതായി വന്നു. രണ്ട് പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ യൂസിഫിന് ഈ അപകടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അപകടം നടന്ന ആറ് മാസങ്ങൾക്കുശേഷം കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെപ്പറ്റി അറിയാൻ യൂസിഫ് കൊച്ചി അമൃത ആശുപത്രിയിലേക്കെത്തി.
advertisement
' കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന ഏഷ്യയിലെ ചുരുക്കം ആശുപത്രികളിലൊന്നായ അമൃതയെപ്പറ്റി ഇറാഖിലെ ഡോക്ടർമാരിൽ നിന്ന് ഒരുപാട് കേട്ടിരുന്നു. എനിക്ക് എന്റെ ജീവിതം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയുടെ ഏക വെളിച്ചവും ഈ ആശുപത്രിയായിരുന്നു.' യൂസിഫ് പറയുന്നു
2021 ജൂലൈയിലാണ് യൂസിഫ് മരണാനന്തര അവയവദാനം വഴി കൈകൾ ലഭിക്കുന്നതിനായി കേരള ഓർഗൻ ഷെയറിങ് രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്തത്. ഒടുവിൽ 2022 ഫെബ്രുവരിയിൽ യൂസിഫിനെ തേടി ആ വിളിയെത്തി.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ആലപ്പുഴ സ്വദേശി അമ്പിളി (39) യുടെ കൈകളാണ് യൂസിഫിന് താങ്ങായെത്തിയത്. ഫ്രെബുവരി 2 ന് ഡോ.സുബ്രഹ്ണ്യ അയ്യരുടെയും ഡോ.മോഹിത് ശർമ്മയുടെയും നേതൃത്വത്തിൽ 16 മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയയ്ക്കെടുവിലാണ് യൂസിഫിന് ഇരുകൈകളും വിജയകരമായി തുന്നിച്ചേർത്തത്.

ഈ ശസ്ത്രക്രിയയെപ്പറ്റി കൊച്ചി അമൃത ഹോസ്പിറ്റലിലെ സെന്റർ ഫോർ പ്ലാസ്റ്റിക് & റീകൺസ്ട്രക്റ്റീവ് സർജറി പ്രൊഫസറും മേധാവിയുമായ ഡോ. സുബ്രഹ്മണ്യ അയ്യർ പറയുന്നു
''ഇരു കൈകളും കൈത്തണ്ടയുടെ തലത്തിൽ ഉറപ്പിക്കേണ്ടതായി വന്നു. ചില രക്തക്കുഴലുകൾ ബന്ധിപ്പിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഗ്രാഫ്റ്റുകൾ ഉപയോഗിച്ചാണ് ഇത് പരിഹരിച്ചത്. മൂന്നാഴ്ചയ്ക്കു ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനായി. കൈകളുടെ പ്രവർത്തനങ്ങളിൽ ഇപ്പോൾ വളരെ പുരോഗതിയുണ്ട്.
യൂസിഫ് ഹസൻ പറയുന്നു
''ഇത് എനിക്ക് രണ്ടാം ജന്മം പോലെയാണ് തോന്നുന്നത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങാനായി ഞാൻ കാത്തിരിക്കുകയാണ്. 30 വയസ്സിനു മുമ്പ് തന്നെ എന്റെ രണ്ട് കൈകളും നഷ്ടപ്പെട്ടത് എന്നെ വളരെയധികം തളർത്തി. വീണ്ടും ജോലിക്ക് പോകാനും എന്റെ കുടുംബത്തെ പോറ്റാനും കഴിയുമെന്ന പ്രതീക്ഷയാണ് ഇന്ന് എനിക്കുള്ളത്. അമൃത ആശുപത്രിയിലെ ഡോക്ടർമാർക്ക് എന്റെ ഹൃദയത്തിൽ നിന്ന് ഞാൻ നന്ദി പറയുന്നു.'
ഫരീദാബാദ് അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് & റീ കൺസ്ട്രക്റ്റീവ് സർജറി വിഭാഗം മേധാവി ഡോ.മോഹിത് ശർമ്മയുടെ വാക്കുകൾ
' കൈകൾ മാറ്റിവച്ച രണ്ട് പേരുടെയും കൈകളുടെ പ്രവർത്തനം സാവധാനത്തിൽ വീണ്ടെടുക്കാൻ തുടങ്ങുന്നതിന് മുന്നോടിയായി കുറച്ചു നാളുകൾ കൂടി ഫിസിയോതെറാപ്പിക്ക് വിധേയരാകേണ്ടതുണ്ട്. അമരേഷിന് പൊള്ളലേറ്റതിനെ തുടർന്ന് ഞരമ്പുകൾക്ക് ക്ഷതമേറ്റിരുന്നതിനാൽ കൂടുതൽ സമയമെടുത്തേക്കും. കുറഞ്ഞത് 2-3 വർഷമെങ്കിലും പ്രവർത്തനം വിലയിരുത്തേണ്ടതുണ്ട്. '
2015 ജനുവരിയിൽ മനു എന്ന 30 വയസ്സുകാരന് ഇത്തരത്തിലുള്ള ആദ്യത്തെ കൈമാറ്റ ശസ്ത്രക്രിയ നടത്തി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള അമൃതയിലെ സർജറി സംഘമാണ് ഇന്ത്യയിൽ കൈമാറ്റ ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടത്. ഇതുവരെ അമൃതയിൽ ആകെ 11 പേർക്ക് കൈ മാറ്റിവയ്ക്കൽ ശസ്തക്രിയ നടത്തിയിട്ടുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2022 10:42 PM IST