ഡോ. തീർത്ഥ ഹേമന്ദ്
ആരോഗ്യം നിലനിർത്തുന്നതിൽ പല്ലുകൾക്കും വായ ശുചിത്വത്തിനും വളരെ പ്രധാനപ്പെട്ട പങ്കുണ്ട്.ഇത് കൊണ്ടാണ് എല്ലാ വർഷവും, ഇന്ത്യൻ സൊസൈറ്റി ഓഫ് പെരിയോഡോന്റോളജിയുടെ (Indian Society of Periodontology ) സ്ഥാപകനായ ഡോ, ജി ബി ശങ്ക്‌വാൾക്കറുടെ ( Dr G B Shankwalkar) ജന്മദിനമായ ഇന്ത്യയിൽ ഓഗസ്റ്റ് 1 ഓറൽ ഹൈജീൻ ദിനമായി (Oral Hygiene Day ) ആചരിക്കുന്നതും.
വായയുടെയും പല്ലിന്റെയും ആരോഗ്യത്തേക്കുറിച്ചും അത് ഒരാളുടെ പൊതുവായ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നും ഒക്കെ പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഇങ്ങനെയൊരു ദിനാചാരണത്തിന്റെ ലക്ഷ്യം.വായ വൃത്തിയാക്കാനും ഒരു ദിവസം എന്നത് ഒരു തമാശയായി തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളറിയേണ്ട കുറച്ചധികം കാര്യങ്ങളുണ്ട്.
നിത്യ ജീവിതത്തിൽ നമുക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് ഓറൽ ഹൈജീൻ അഥവാ ദന്ത ശുചിത്വം. വായയുടെയും പല്ലിന്റെയും ശുചിത്വം പരിപാലിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും സിമ്പിൾ ആയതുമായ വഴിയാണ് ബ്രഷിങ്ങ് അഥവാ പല്ല് തേപ്പ്. കൂടുതൽ സമയം പല്ലു തേയ്ക്കുന്നു എന്നതോ, കൂടുതൽ പേസ്റ്റ് ഉപയോഗിക്കുന്നു എന്നതോ അല്ല പ്രധാനം. നമ്മൾ എങ്ങനെ പല്ല് തേക്കുന്നു എന്നതാണ്.
ആദ്യം ശരിയായ ബ്രഷിങ്ങ് രീതി
പല്ല് തേക്കാനായി 2 മുതൽ 5 മിനുട്ട് സമയം വരെയാണ് എടുക്കേണ്ടത്. മൃദുവായ നാരുകളുള്ള ടൂത്ത്ബ്രഷ് തന്നെ പല്ല് വൃത്തിയാക്കാനായി തെരഞ്ഞെടുക്കണം.
പല്ലുകൾ മോണയിൽ നിന്ന് പല്ലിലേക്ക് എന്ന രീതിയിലാണ് ബ്രഷ് ചെയ്യേണ്ടത്. മോണയ്ക്ക് 45 ഡിഗ്രി ചരിച്ച് വച്ച് മേൽത്താടിയിലെ പല്ലുകൾ മുകളിൽ നിന്ന് താഴേയ്ക്കും കീഴ്ത്താടിയിലെ പല്ലുകൾ താഴെ നിന്ന് മുകളിലേയ്ക്കും ബ്രഷ് ചെയ്യണം.
പല്ലിന്റെ ചവയ്ക്കുന്ന ഭാഗം മുന്നോട്ടും പിന്നോട്ടും ബ്രഷ് ചെയ്യുക.
മുകളിലത്തെയും താഴത്തെയും മുൻവശത്തെ പല്ലുകളുടെ ഉൾഭാഗം മോണയിൽ നിന്നും പല്ലിലേക്ക് എന്ന രീതിയിൽ ബ്രഷ് കുത്തനെ പിടിച്ച് ആണ് വൃത്തിയാക്കേണ്ടത്. പിന്നീട് മുൻവശത്തെ പല്ലുകളുടെ മുൻഭാഗവും മോണയിൽ നിന്നും പല്ലിലേക്ക് ബ്രഷ് ചലിപ്പിച്ച് വൃത്തിയാക്കുക.
ബ്രഷ് ചെയ്തതിനു ശേഷം മോണയെ വിരലുകൾ കൊണ്ട് മസാജ് ചെയ്യുന്നതും നാവ് മൃദുവായി ബ്രഷ് ചെയ്യുന്നതും വായയുടെ ശുചിത്വത്തിന് നല്ലതാണ്.
രാവിലെയും രാത്രിയും ശരിയായ രീതിയിൽ പല്ല് ബ്രഷ് ചെയ്താൽ പല്ലുകളിലും മോണകളിലും ഭക്ഷണാവശിഷ്ടങ്ങൾ കുടുങ്ങി കിടക്കാതെ അവയെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ സാധിക്കും. പല്ലുകൾക്കിടയിൽ ടൂത്ത് ബ്രഷിന് എത്താൻ പറ്റാത്ത ഇടങ്ങളും ഉണ്ടാവും. അങ്ങനെയുള്ള പല്ലിന്റെ പ്രതലങ്ങൾ വൃത്തിയാക്കലും ദന്ത സംരക്ഷണത്തിൽ പ്രധാനമാണ്. നിങ്ങളുടെ പല്ലുകളുടെയും മോണയുടെയും ഘടന പരിശോധിച്ച് പല്ലുകൾക്കിടയിൽ വൃത്തിയാക്കാൻ നിങ്ങൾക്കനുയോജ്യമായ
വലുപ്പം കുറഞ്ഞ തരത്തിലുള്ള ഇന്റർഡെന്റൽ ബ്രഷുകളും നൂല് പോലുള്ള ഡെന്റൽ ഫ്ലോസ്സുകളും ഡെന്റിസ്റ്റ് നിർദേശിക്കും.
ഭക്ഷണ അവശിഷ്ടങ്ങൾ പറ്റിപ്പിടിച്ചാൽ തുടക്കത്തിൽ അവ ബ്രഷ് കൊണ്ട് നീക്കം ചെയ്യാൻ പറ്റുന്ന രീതിയിൽ മൃദുവായിരിക്കും, പക്ഷെ കാലക്രമേണ അവ കട്ട പിടിക്കുകയും ബ്രഷ് കൊണ്ട് നീക്കം ചെയ്യാൻ പറ്റാതാവുകയും ചെയ്യുന്നു. ആറു മാസത്തിൽ ഒരിക്കൽ ഡെന്റിസ്റ്റിനെ സമീപിച്ചു 'ക്ലീനിങ്' ചെയ്യുന്നത് മോണയുടെയും പല്ലിന്റെയും ആരോഗ്യത്തിനും, വായ ശുചിത്വത്തിനും വായനാറ്റം ഒഴിവാക്കാനും ഒക്കെ സഹായകരമാണ്. ദന്ത സംരക്ഷണത്തിൽ മോണയുടെ സംരക്ഷണവും വളരെ പ്രധാനമാണ്.
മോണ രോഗങ്ങൾ സാധാരണ പല്ല് നഷ്ടപ്പെടുന്നതിലേക്ക് നയിക്കാം. ഈ ക്ളീനിംഗിൽ രോഗങ്ങൾ മനസിലാക്കാനും ചെറുക്കാനും കഴിയും.വായ ശുചിത്വത്തിൽ ഉള്ള പോരായ്മകളും വായയുടെ ആരോഗ്യം സംരക്ഷിക്കുന്നതിലുള്ള ശ്രദ്ധക്കുറവും ഹൃദ്രോഗം, പ്രമേഹം, അർബുദം എന്നിവയുൾപ്പെടെ നിരവധി രോഗാവസ്ഥകൾക്ക് കാരണമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.