• HOME
  • »
  • NEWS
  • »
  • life
  • »
  • Health Tips | ബ്രെയിൻ സ്ട്രോക്ക്: ലക്ഷണങ്ങൾ എന്തൊക്കെ? ചികിത്സ എങ്ങനെ?

Health Tips | ബ്രെയിൻ സ്ട്രോക്ക്: ലക്ഷണങ്ങൾ എന്തൊക്കെ? ചികിത്സ എങ്ങനെ?

ബാലൻസ് നഷ്ടപ്പെടൽ, നേത്ര പ്രശ്നങ്ങൾ, തളർച്ച, കൈകാലുകളിൽ ബലഹീനത, സംസാരത്തിലെ മാറ്റം തുടങ്ങി എന്തെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടാൻ മടിക്കരുത്.

  • Share this:

    മസ്തിഷ്കാഘാതം അഥവാ ബ്രെയിൻ സ്ട്രോക്ക് തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം നിലയ്ക്കുമ്പോളാണ് സാധാരണയായി സംഭവിക്കുന്നത്. ഇതു മൂലം തലച്ചോറിന്റെ ഭാഗങ്ങൾ തകരാറിലാകുന്നു. ചിലപ്പോൾ മരണം വരെ സംഭവിക്കാം. ബ്രെയിൻ സ്ട്രോക്ക് നീണ്ടുനിൽക്കുന്ന മസ്തിഷ്ക ക്ഷതത്തിനോ, ദീർഘകാലത്തേക്കുള്ള വൈകല്യങ്ങൾക്കോ മരണത്തിനോ വരെ കാരണമായേക്കാം

    സ്ട്രോക്ക് എത്ര തരം

    ഇസ്കെമിക് സ്ട്രോക്ക് (Ischemic stroke): രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇതു മൂലം തലച്ചോറിന്റെ ഒരു ഭാഗം പ്രവർത്തനരഹിതമാകുന്നു.

    ഹെമറാജിക് സ്ട്രോക്ക് (Hemorrhagic stroke): രക്തക്കുഴലുകൾ പൊട്ടി മസ്തിഷ്ക കോശത്തിനുള്ളിൽ രക്തസ്രാവവും കോശങ്ങൾക്ക് കേടുപാടുകളും സംഭവിക്കുമ്പോഴാണ് ഇത് ഉണ്ടാകുന്നത്.

    ട്രാൻസിയന്റ് ഇസെകെമിക് അറ്റാക്ക് (transient ischemic attack (TIA)): യഥാർത്ഥ സ്ട്രോക്കിന് ദിവസങ്ങളോ ആഴ്ചകളോ മുമ്പാണ് ട്രാൻസിയന്റ് ഇസെകെമിക് അറ്റാക്ക് പലപ്പോഴും സംഭവിക്കുന്നത്. അതിനാൽ ഇതൊരു മുന്നറിയിപ്പായും പ്രവർത്തിക്കുന്നു. ട്രാൻസിയന്റ് ഇസെകെമിക് അറ്റാക്കുകൾ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് വലിയ സ്ട്രോക്കുകൾ ഒഴിവാക്കും.

    Also Read-Health Tips | ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്ത്?

    സ്ട്രോക്ക് ഉണ്ടാകുമ്പോൾ എന്താണ് സംഭവിക്കുന്നത്?
    ‌തലച്ചോറിന് ഓക്സിജനും പോഷകങ്ങളും ആവശ്യമാണ്. രക്തക്കുഴലുകൾ പൊട്ടുകയോ ഇവയിലൂടെയുള്ള രക്തമൊഴുക്ക് നിലക്കുകയോ ചെയ്യുമ്പോൾ ഊർജ്ജ വിതരണത്തെ ബാധിക്കുകയും മിനിറ്റുകൾക്കുള്ളിൽ ന്യൂറോണുകൾ നശിക്കുകയും ചെയ്യുന്നു. തലച്ചോറിന്റെ ഓരോ പകുതിയും ശരീരത്തിന്റെ എതിർ പകുതിയെ നിയന്ത്രിക്കുന്നവയാണ്. വലത് വശത്തുണ്ടാകുന്ന ബ്രെയിൻ സ്ട്രോക്ക് ശരീരത്തിന്റെ ഇടത് വശത്തെയും ബാധിക്കാം.

    അപകട സാധ്യതകൾ
    ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉറക്കക്കുറവ്, സമ്മർദം, പൊണ്ണത്തടി, പുകവലി, ഉയർന്ന പ്ലാസ്മ ലിപിഡുകൾ, വ്യായാമക്കുറവ്, ഓറൽ ഗർഭനിരോധന ഗുളികകൾ, ഹൃദ്രോഗം, അസാധാരണമായ ഹൃദയമിടിപ്പ് തുടങ്ങിയവയെല്ലാം സ്ട്രോക്കിനുള്ള അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു.

    സ്ട്രോക്കിന്റെ ലക്ഷണങ്ങൾ

    • ശരീരത്തിന്റെ ഒരു വശത്ത് തളർച്ച തോന്നുക, മുഖം, കൈകാലുകൾ എന്നിവ തളർന്നതായോ മരച്ചതായോ തോന്നുക
    • സംസാരിക്കുന്നതിനോ മനസിലാക്കുന്നതിനോ ബുദ്ധിമുട്ട് അനുഭവപ്പെടുക
    • കണ്ണുകളിൽ മങ്ങൽ അല്ലെങ്കിൽ കാഴ്ച നഷ്ടപ്പെടൽ പോലുള്ള പ്രശ്നങ്ങൾ
    • തലകറക്കം അല്ലെങ്കിൽ ബാലൻസ് നഷ്‌ടപ്പെടൽ, ഛർദ്ദി
    • ചലനത്തിലോ നടത്തത്തിലോ ഉള്ള പ്രശ്നങ്ങൾ
    • ബോധക്ഷയം
    • ഒരു കാരണവുമില്ലാത്ത കഠിനമായ തലവേദന അനുഭവപ്പെടുക.
    • ബാലൻസ് നഷ്ടപ്പെടൽ, നേത്ര പ്രശ്നങ്ങൾ, തളർച്ച, കൈകാലുകളിൽ ബലഹീനത, സംസാരത്തിലെ മാറ്റം തുടങ്ങി എന്തെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടാൻ മടിക്കരുത്.

    സ്ട്രോക്കിനുള്ള ചികിത്സകൾ
    സ്‌ട്രോക്ക് ചികിത്സ: ഉടനടിയുള്ള മെഡിക്കൽ വിലയിരുത്തൽ, മെഡിക്കൽ ചികിൽസ, ശസ്ത്രക്രിയ, പുനരധിവാസം (ഫിസിയോതെറാപ്പി, ബാലൻസ് തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ നൽകുക) എന്നിവയാണ് സ്ട്രോക്കിന്റെ വിവിധ ചികിത്സാ ഘട്ടങ്ങൾ. സ്‌ട്രോക്ക് ഉണ്ടെന്ന് സംശയിക്കുന്ന ഘട്ടത്തിൽ തന്നെ, തലച്ചോറിന്റെ സിടി സ്കാൻ അല്ലെങ്കിൽ എംആർഐ സ്കാൻ എടുക്കണം. സ്ട്രോക്ക് ഏതു തരം ആണെന്നും തിരിച്ചറിയേണ്ടതുണ്ട്. വലിയ സ്ട്രോക്കുകളിൽ രോ​ഗി പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ മാസങ്ങൾ എടുത്തേക്കാം.

    സ്‌ട്രോക്ക് ആരെയും എപ്പോൾ വേണമെങ്കിലും ബാധിക്കാം. ഈ രോഗം ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കാം. അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് ജീവിതശൈലികളിൽ മാറ്റം വരുത്തിയുള്ള പ്രതിരോധം, നല്ല ജീവിതശൈലി പിന്തുടരൽ, മുന്നറിയിപ്പുകൾ മനസിലാക്കൽ നേരത്തേ കൃത്യസമയത്ത് വൈദ്യസഹായം തേടൽ എന്നീ കാര്യങ്ങൾ ചെയ്താൽ സ്ട്രോക്ക് മൂലമുണ്ടാകുന്ന വലിയ അപകടങ്ങളും മരണവും ഒഴിവാക്കാം.

    (ഡോ.സോണിയ താംബെ, എംഡി, ഡിഎം (ന്യൂറോളജി), കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്, കാവേരി ഹോസ്പിറ്റൽ, ഇലക്ട്രോണിക് സിറ്റി, ബെംഗളൂരു)

    Published by:Jayesh Krishnan
    First published: