പച്ചപ്പിനു നടുവിൽ ചരിത്രവും ചിത്രങ്ങളുമായി കഥകേട്ടു നടക്കാം; ബാംഗ്ലൂർ പാലസിൽ കണ്ട കാഴ്ച്ചകൾ

തിരക്കും ഗതാഗതക്കുരുക്കും ഒച്ചിഴയും വേഗത്തിലെ സഞ്ചാരവുമെല്ലാം മടുപ്പിക്കുമെങ്കിലും ബംഗലുരു പ്രിയങ്കരമാണ് എല്ലാവർക്കും.

News18 Malayalam | news18-malayalam
Updated: March 1, 2020, 10:39 PM IST
പച്ചപ്പിനു നടുവിൽ ചരിത്രവും ചിത്രങ്ങളുമായി കഥകേട്ടു നടക്കാം; ബാംഗ്ലൂർ പാലസിൽ കണ്ട കാഴ്ച്ചകൾ
News18
  • Share this:
കേരളത്തിന് പുറത്തേക്ക് ഒരു യാത്ര പോയാലോ, ആലോചിക്കുമ്പോൾ തന്നെ ഓടിയെത്തുക ബംഗലുരുവാണ്. തിരക്കിന്റെയും കാഴ്ചയുടെയും ഉത്സവമാണ് ബംഗലുരു. മഡിവാള കടന്ന് നഗരത്തിലേക്കു കയറിയാൽ എവിടെയും മലയാളം കേൾക്കാം. മലയാളിയുടെ ജീവിതവുമായി അത്രമേൽ ഇഴചേർന്നു കിടക്കുന്നു കന്നഡനാട്ടിലെ ഈ മഹാനഗരം.

നഗരമായി വളരുമ്പോഴും കോൺക്രീറ്റ് മന്ദിരങ്ങൾ ഉയരെ ഉയരെ വരുമ്പോഴും ബംഗലുരു സഞ്ചാരികളുടെ പ്രിയ ഇടമാകുന്നത് ഇവിടെയുള്ള കാഴ്ചകൾ തന്നെയാണ്. തിരക്കും ഗതാഗതക്കുരുക്കും ഒച്ചിഴയും വേഗത്തിലെ സഞ്ചാരവുമെല്ലാം മടുപ്പിക്കുമെങ്കിലും ബംഗലുരു പ്രിയങ്കരമാണ് എല്ലാവർക്കും. ഒന്നു മാറി നിൽക്കാൻ, നേരെയൊന്നു ശ്വാസം വിടാൻ, കാഴ്ചകൾ കണ്ടു കറങ്ങി നടക്കാൻ നഗരത്തുരുത്തുകളിൽ എപ്പോഴുമുണ്ട് പച്ചപ്പ്. നിരത്തുകളിൽ തണൽ വിരിക്കുന്ന മരങ്ങളുണ്ട്. തണുപ്പുകാലത്ത് തണുത്തു വിറപ്പിക്കും. മഞ്ഞു പുതച്ചു നടന്നു കാണാം കാഴ്ചകൾ.

വരൂ, കൊട്ടാരത്തിലേക്കു പോകാം

ലാൽബാഗും കബ്ബൺപാർക്കും എംജി റോഡും ബ്രിഗേഡ് റോഡുമൊന്നും കാണാതെ മടങ്ങാനാവില്ല ബംഗലുരുവിലെത്തിയാൽ. പൂന്തോട്ടങ്ങളൊരുക്കുന്ന വസന്തവും ബ്രിഗേഡ് റോഡിലെ വൈകുന്നേരവുമൊക്കെ ഒരു വശത്തു നിൽക്കും. ഈ നഗരത്തിൽ‌ കാലുകുത്തിയാൽ കാണാതെ പോകാൻ കഴിയില്ല ബാംഗ്ലൂർ പാലസ്. ബോട്ടാണിക്കൽ ഗാർഡനുകളിലും വമ്പൻമാളുകളിലുമെല്ലാം കറങ്ങുന്നതിനൊപ്പം അൽപസമയം നീക്കിവയ്ക്കും നഗരപ്രാന്തത്തിൽ തന്നെയുള്ള പാലസ് കാണാൻ.

നഗരത്തിൽതന്നെ തികച്ചും ഗ്രാമാന്തരീക്ഷത്തിൽ രാജകീയ തലയെടുപ്പോടെ നിൽക്കുന്ന കൊട്ടാരം ഭാരതീയ വാസ്തുനിർമിതിയുടെ ഉത്തമോദാഹരണമാണ്. ഇംഗ്ലീഷ് പൗരാണികതയും ഭാരതീയ പാരമ്പര്യവും ഇഴചേർന്നു നിൽക്കുന്ന നിർമിതി. ബംഗലുരു നഗരത്തിന്റെ ചരിത്രമാണ് ഈ കൊട്ടാരം പങ്കുവയ്ക്കുന്നത്. ഒന്നര നൂറ്റാണ്ടോളമുണ്ട് ചരിത്രം.

മൈസൂർ രാജാക്കൻമാരുടെ കൊട്ടാരം

 

മൈസൂർ രാജാക്കൻമാരുടെ പാരമ്പര്യ സ്വത്താണ് കൊട്ടാരം. 1878-ൽ ചാമരാജ വൊഡയാറുടെ ഉടമസ്ഥതയിലെത്തി. ബാംഗ്ലൂർ സെൻട്രൽ ഹൈസ്കൂൾ പ്രിൻസിപ്പലായിരുന്ന റവ. ജെ ഗാരെ 1873-ൽ പണി തുടങ്ങിയതാണ് ഈ കൊട്ടാരം. പിന്നീട് ചാമരാജ് വൊഡയാർക്കു കൈമാറുകയായിരുന്നു. എല്ലാക്കാലത്തും നവീകരണങ്ങൾ നടന്നിട്ടുണ്ട്. ഇപ്പോഴും അതു തുടരുകയാണ്.തടിയിലാണ് പടിക്കെട്ടുമുതൽ നിർമിച്ചിരിക്കുന്നത്. വാസ്തുവിദ്യയുടെ സമാനതകളില്ലാത്ത കാഴ്ചകളാണ് ചുവരിലെങ്ങും. പലതിനും ഉണ്ട് ഒരു വിക്ടോറിയൻ സ്പർശം. കൊട്ടാരത്തിലേക്കുള്ള പല അലങ്കാര വസ്തുക്കളും സാമഗ്രികളും വാങ്ങിയത് ബ്രിട്ടനിൽനിന്നാണ്. അതും ചാമരാജ് വൊഡയാർ ബ്രിട്ടനിൽ നേരിട്ടുപോയി കണ്ടശേഷം. പലയിടത്തും യാത്ര ചെയ്ത് പരിചയമുള്ള അദ്ദേഹം ഇഷ്ടപ്പെട്ടതൊക്കെ തന്റെ കൊട്ടാരത്തിലേക്കു കൂടെ കൂട്ടുകയായിരുന്നെന്നു ചരിത്രം. ഇന്ത്യൻ പാരമ്പര്യവും വിക്ടോറിയൻ വാസ്തുവിദ്യയും സമ്മേളിക്കുകയാണ് കൊട്ടാരത്തിന്റെ രൂപകൽപനയിൽ.

പടികടന്നെത്തുമ്പോൾ ഫോണിലൊരു ഗൈഡ്

റോമൻ വാസ്തുവിദ്യയിൽ തീർത്തതാണ് കൊട്ടാരത്തിന്റെ കമാനങ്ങൾ. അകത്തേക്കു കടന്നു കഴിയുമ്പോൾ ഒപ്പമെത്തും ഒരു ഗൈഡ്. അതും മലയാളികൾക്ക് മലയാളത്തിൽ. തമിഴർക്ക് തമിഴിൽ. സ്വന്തം ഭാഷയിൽ ചെവിയിൽ കേട്ടുകൊണ്ടു നടക്കാം കൊട്ടാരത്തിന്റെ ചരിത്രവും വിശേഷവും. കവാടം കടക്കുമ്പോഴേ കയ്യിൽ കിട്ടുന്ന ഫോണാണ് ഗൈഡ്. ഈ ഫോണിൽ ഏതു ഭാഷവേണമെന്നു നമുക്കു തീരുമാനിക്കാം. ഇയർഫോണും ചെവിയിൽ കുത്തി കൊട്ടാരം മുഴുവൻ നടന്നു കാണാം. കണ്ണിൽ കാഴ്ചകളും കാതിൽ കഥയും കാര്യവും.

ചിത്രങ്ങളും ചിത്രപ്പണികളും നിറകാഴ്ച

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും നിറയെ കാഴ്ചകളാണ്. ഏതു കണ്ടാലും മതിവരില്ല. ലിവിങ് റൂം ഹൈന്ദവ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്നു. അകത്തളങ്ങൾ നിറയെ ചിത്രപ്പണികൾ നിറഞ്ഞ കമാനങ്ങളും തൂണുകളുമാണ്. നടുമുറ്റത്ത് ജലധാര. എത്രകണ്ടാലും മതിവരില്ല ഒന്നും. ചുറ്റുവട്ടത്തെല്ലാം വിവിധ തരം തറയോടുകൾ കൊണ്ടു തയാറാക്കിയ ബെഞ്ചുകളുണ്ട്.

ചുറ്റുവട്ടം കാണുമ്പോൾ കണ്ണിലുടക്കും ആനയുടെയും കാട്ടുപോത്തിന്റെയും ഭാഗങ്ങൾ. മൈസൂർ രാജകുടുംബത്തിന്റെ ഇഷ്ടവിനോദമായിരുന്ന നായാട്ടിന്റെ ബാക്കിയിരുപ്പുകളാണ് അതെല്ലാം. പശ്ചിമഘട്ടം അതിരിടുന്ന മൈസൂർ രാജകുടുംബത്തിന് നാടായൽ വിനോദമായില്ലെങ്കിലേ അത്ഭുതമുള്ളൂ.ചുമരിലെ ചിത്രങ്ങളിലുണ്ട് രാജാരവി വർമ അടക്കമുള്ളവർ. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ പെയിന്റിംഗുകളും രാജകുടുംബത്തിന്റെ തലമുറ പരമ്പരകളുടെ ചിത്രങ്ങളും നിറയെ ഉണ്ട്.

ഹരിതാഭമാണ് ഈ പരിസരം

നിറഞ്ഞ പച്ചപ്പിനു നടുവിലാണ് കൊട്ടാരം. ഈ പച്ചപ്പുതന്നെയാണ് കൊട്ടാരത്തെ കാഴ്ചകളിൽ നിറഞ്ഞു നിൽക്കുന്നത്. ഈ പച്ചപ്പു കടന്നുവേണം വരാനും മടങ്ങാനും. മുറ്റത്തെ പൂന്തോപ്പ് മറ്റൊരു കാഴ്ചാനുഭവം. ഒന്നു കണ്ടുതന്നെ അറിയണം. രാജകീയ പ്രൗഢിയും കാഴ്ചയുടെ വസന്തവും.മജെസ്റ്റിക് ബസ് സ്റ്റേഷനി(കെംപഗൗഡ ബസ് ടെർമിനസ്)നിൽനിന്ന് ബസിൽ കൊട്ടാരത്തിൽ എത്താം. വിവേകാനന്ദ നഗർ ബസിൽ കയറണം. 240 രൂപയാണ് കൊട്ടാരത്തിലേക്കുള്ള ഒരാളുടെ പ്രവേശന ടിക്കറ്റ്.
First published: March 1, 2020, 10:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading