താന്‍ ജോലിക്ക് വരണമെങ്കില്‍ ഭര്‍ത്താവിന് സിഇഒയെ ഇന്റര്‍വ്യൂ നടത്തണമെന്ന് പറഞ്ഞ യുവതിയോട് വീട്ടിലിരുന്നോളാന്‍ കമ്പനി
- Published by:meera_57
- news18-malayalam
Last Updated:
വളരെ പെട്ടെന്നാണ് വിനോദ് ചേന്ദിലിന്റെ പോസ്റ്റ് വൈറലായത്. കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കുടുംബം ഇടപെടുന്നത് പ്രൊഫഷണല്‍ അല്ലെന്ന് ചിലര്‍ പറഞ്ഞു
ജോലിയ്ക്ക് പോകാന്‍ പോലും ഭര്‍ത്താവിന്റെ അനുവാദം വാങ്ങേണ്ടിവരുന്ന സ്ത്രീകള്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. ഇക്കാര്യം ചർച്ച ചെയ്യുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ നാച്വറലി യുവേഴ്‌സിന്റെ സിഇഒയായ വിനോദ് ചേന്ദില്‍ ആണ് തനിക്ക് അടുത്തിടെ ഉണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
കമ്പനിയിലെ ഉയര്‍ന്ന പദവിയിലേക്ക് നിയമിക്കപ്പെട്ട ഒരു യുവതി ആ ജോലി താന്‍ സ്വീകരിക്കുന്നതിന് മുമ്പ് സിഇഒ തന്റെ ഭര്‍ത്താവിനെ കണ്ടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് വിനോദ് തന്റെ പോസ്റ്റില്‍ കുറിച്ചു. അപ്പോള്‍ തന്നെ അവരെ ആ ജോലിയ്ക്ക് വേണ്ടെന്ന് തീരുമാനിച്ചുവെന്ന് വിനോദ് പറഞ്ഞു. ഉന്നത പദവിയിലേക്കുള്ള നിയമനമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വയം തീരുമാനമെടുക്കാന്‍ പ്രാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ന് ഒരു ഉദ്യോഗാര്‍ത്ഥിയോട് സംസാരിച്ചു. ഞങ്ങള്‍ അവളെ തിരഞ്ഞെടുത്തതിന് പിന്നാലെ അവരുടെ ഭര്‍ത്താവിനെ കണ്ട് സംസാരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അപ്പോള്‍ തന്നെ അവരെ വേണ്ടെന്ന് വെച്ചു," വിനോദ് ചേന്ദില്‍ എക്‌സില്‍ കുറിച്ചു.
advertisement
വളരെ പെട്ടെന്നാണ് വിനോദ് ചേന്ദിലിന്റെ പോസ്റ്റ് വൈറലായത്. കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കുടുംബം ഇടപെടുന്നത് പ്രൊഫഷണല്‍ അല്ലെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ യുവതിയെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തി. കുടുംബ മൂല്യങ്ങള്‍ക്ക് വില നല്‍കുന്ന യുവതിയാണ് അതെന്ന് പലരും പറഞ്ഞു.
"ഡല്‍ഹിയില്‍ നിന്നുള്ള ഒരാളെ ഞങ്ങള്‍ അഭിമുഖം ചെയ്തിരുന്നു. ബംഗളുരുവില്‍ ജോലിയ്ക്ക് വരാന്‍ അദ്ദേഹം തയ്യാറായി. എന്നാല്‍ പിന്നീട് ബംഗളുരുവിലേക്ക് വരാന്‍ തന്റെ കുടുംബാംഗങ്ങള്‍ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞു. ഞങ്ങള്‍ ഉടന്‍ തന്നെ അദ്ദേഹത്തെ വേണ്ടെന്ന് വെച്ചു. സ്വന്തം കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കുടുംബത്തെ അനുവദിക്കുന്നത് ശരിയല്ല," ഒരാള്‍ കമന്റ് ചെയ്തു.
advertisement
എന്തിനാണ് അവരെ ഒഴിവാക്കിയതെന്ന് പലരും ചോദിച്ചു. അതിനും വിനോദ് ചേന്ദില്‍ മറുപടി നല്‍കി. "അവര്‍ക്ക് ജോലിയ്ക്ക് വരണമെങ്കില്‍ ഭര്‍ത്താവിന്റെ അനുവാദം വാങ്ങണമായിരുന്നു. സ്വതന്ത്രയായ സ്ത്രീയ്ക്ക് അത്തരം അനുവാദത്തിന്റെ ആവശ്യമുണ്ടോ? സത്യത്തില്‍ അവരുടെ ഭര്‍ത്താവ് ഞങ്ങളുമായി അഭിമുഖം നടത്തി കമ്പനി നല്ലതാണോ മോശമാണോ എന്ന് മനസിലാക്കിയശേഷം ജോലിയ്ക്ക് കയറാനായിരുന്നു യുവതിയുടെ ഉദ്ദേശ്യം. ഭര്‍ത്താവിനെ പൂര്‍ണമായും ആശ്രയിക്കുന്ന സ്ത്രീയാണ് അവര്‍ എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മുതിര്‍ന്നവരോട് സംസാരിക്കണമെന്ന് പറയാന്‍ അവരെ ഒരു ഇന്റേണിന്റെ പദവിയില്‍ അല്ല നിയമിച്ചത്," എന്നും വിനോദ് ചേന്ദില്‍ പറഞ്ഞു.
advertisement
അതേസമയം, അഭിമുഖത്തിനായി യുവതിയോടൊപ്പം ഭര്‍ത്താവും കയറിവരികയും തന്റെ ഭാര്യയെ നന്നായി നോക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്ത അനുഭവമുണ്ടായിട്ടുണ്ടെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. എന്നാല്‍ യുവതിയുടെ തീരുമാനത്തെ അനുകൂലിച്ചും ചിലര്‍ കമന്റ് ചെയ്തു.
"നിങ്ങളെപ്പോലുള്ളവരാണ് ഇന്ത്യന്‍ മൂല്യങ്ങള്‍ നശിപ്പിക്കുന്നത്. ജോലിയെക്കാള്‍ ഭര്‍ത്താവിനെ ബഹുമാനിക്കുന്ന ഭാര്യയെ അഭിനന്ദിക്കണം," എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 20, 2025 4:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
താന്‍ ജോലിക്ക് വരണമെങ്കില്‍ ഭര്‍ത്താവിന് സിഇഒയെ ഇന്റര്‍വ്യൂ നടത്തണമെന്ന് പറഞ്ഞ യുവതിയോട് വീട്ടിലിരുന്നോളാന്‍ കമ്പനി