India vs Pakistan, Asia Cup 2025 Final: ത്രില്ലറിൽ പാകിസ്ഥാനെ തകർത്തു; ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഒൻപതാം കിരീടം; കപ്പ് ഏറ്റുവാങ്ങാതെ ഇന്ത്യൻ ടീം
- Published by:Rajesh V
- news18-malayalam
Last Updated:
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവൻ എന്ന നിലയിൽ പിസിബി ചെയർമാനും പാക് ആഭ്യന്തരമന്ത്രിയും കൂടിയായ മുഹസിൻ നഖ്‌വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് വിതരണ ചടങ്ങിൽനിന്ന് ഇന്ത്യ വിട്ടുനിന്നത്
ദുബായ്: ആവേശം അവസാന ഓവർ വരെ നീണ്ട കലാശപ്പോരിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യക്ക് ഏഷ്യാ കപ്പ് കിരീടം. ഇന്ത്യയുടെ ഒന്‍പതാം ഏഷ്യാകപ്പ് കിരീടമാണിത്. പാകിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം, 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയം. എന്നാൽ ജേതാക്കൾക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവൻ എന്ന നിലയിൽ പിസിബി ചെയർമാനും പാക് ആഭ്യന്തരമന്ത്രിയും കൂടിയായ മുഹസിൻ നഖ്‌വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് വിതരണ ചടങ്ങിൽനിന്ന് ഇന്ത്യ വിട്ടുനിന്നത്.
ഏഷ്യാകപ്പിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇരുരാജ്യങ്ങളും കലാശക്കളിയില്‍ നേര്‍ക്കുനേര്‍ വന്നത്. ടൂര്‍ണമെന്റില്‍ ഒരു തോല്‍വി പോലുമില്ലാതെയാണ് ഇന്ത്യയുടെ കിരീടനേട്ടം. ഈ ടൂർണമെന്റിൽ പരസ്പരം ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും ഇന്ത്യ പാകിസ്ഥാനെതിരെ വിജയം നേടി. അര്‍ധ സെഞ്ചുറി നേടിയ തിലക് വര്‍മയും 4 വിക്കറ്റുകള്‍ നേടി പാക് നിരയെ തകര്‍ത്ത കുല്‍ദീപ് യാദവുമാണ് ഇന്ത്യയുടെ വിജയശിൽപികൾ.
പാകിസ്ഥാനുവേണ്ടി സഹിബ്സാദ ഫർഹാൻ അർധസെഞ്ചുറി നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 19.1 ഓവറില്‍ 146 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: 5ന് 150. ഒരു ഘട്ടത്തില്‍ 20-ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ, തിലക് വര്‍മയും സഞ്ജു സാംസണും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 53 പന്തുകള്‍ നേരിട്ട തിലക് നാല് സിക്‌സും മൂന്ന് ഫോറും സഹിതം 69 റണ്‍സ് നേടി.
advertisement
നാലാം വിക്കറ്റിൽ തിലക് വർമയും സഞ്ജു സാംസണും ചേർന്ന് 57 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി പ്രതീക്ഷ പകർന്നു. 13-ാം ഓവറിൽ 21 പന്തിൽ 24 റൺസുമായി സഞ്ജു മടങ്ങി. അബ്രാർ അഹ്മദിന്റെ പന്തിൽ ഫർഹാന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഒരു സിക്സും രണ്ട് ഫോറും സഞ്ജുവിന്റെ ഇന്നിങ്സിലുണ്ട്.
പിന്നീട് തിലകിനൊപ്പം ശിവം ദുബെയുടെ ഊഴമായിരുന്നു. തിലകിനൊപ്പം അഞ്ചാംവിക്കറ്റില്‍ ശക്തമായി നിലയുറപ്പിച്ച ദുബെ 22 പന്തില്‍ 33 റണ്‍സ് നേടി ജയത്തില്‍ സുപ്രധാന പങ്കുവഹിച്ചു. രണ്ട് സിക്‌സും ഒരു ഫോറും ചേര്‍ന്ന ഇന്നിങ്‌സാണ് ദുബെയുടേത്. ദുബെ പുറത്തായതോടെ ക്രീസിലെത്തിയ റിങ്കു സിങ് ആണ് ഒരു ഫോറോടെ ഇന്ത്യയുടെ വിജയറൺസ് കുറിച്ചത്. പാകിസ്ഥാന് വേണ്ടി ഫഹീം അഷ്‌റഫ് മൂന്നും ഷഹീൻ അഫ്രീദി, അബ്‌റാര്‍ അഹ്‌മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
advertisement
147 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഓപ്പണര്‍ അഭിഷേക് ശര്‍മയെയാണ് ആദ്യം നഷ്ടപ്പെട്ടത്. ഫഹീം അഷ്‌റഫ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ മടങ്ങുമ്പോള്‍ ആറു പന്തില്‍ അഞ്ച് റണ്‍സാണ് അഭിഷേക് നേടിയത്. ശുഭ്മാന്‍ ഗില്ലും (12) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (1) പിന്നാലെ മടങ്ങി. ഗില്ലിനെ ഫഹീമും സൂര്യയെ ഷഹീൻ അഫ്രീദിയുമാണ് മടക്കിയത്.
നല്ല തുടക്കം, പക്ഷേ...
നേരത്തേ പാകിസ്ഥാൻ ഇന്ത്യക്ക് മുന്നിൽ 147 റൺസ് വിജയ ലക്ഷ്യമുയർത്തി. ആദ്യ പത്തോവറിലെ മികച്ച പ്രകടനത്തിനുശേഷമാണ് പാകിസ്ഥാൻ ദയനീയമായി തകർന്നത്. 15 റൺസെടുക്കുന്നതിനിടെയാണ് അവസാന ആറു വിക്കറ്റുകൾ വീണത്. ഇന്ത്യക്കായി നാലു വിക്കറ്റ് നേടി കുൽദീപ് യാദവ് തിളങ്ങിയപ്പോൾ പാകിസ്ഥാനു വേണ്ടി ഓപ്പണർ സഹിബ്സാദ ഫർഹാൻ അർധ സെഞ്ചുറി നേടി. 19.1 ഓവറിൽ 146 റൺസാണ് പാകിസ്ഥാൻ നേടിയത്.
advertisement
ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 84 റണ്‍സെന്ന നിലയിലായിരുന്ന ടീമിന് പിന്നീട് 62 റണ്‍സ് ചേർക്കുന്നതിനിടെ പത്തുവിക്കറ്റുകളും നഷ്ടമായി. അവസാന ഒൻപത് വിക്കറ്റുകൾക്കായി ഇന്ത്യ ചെലവഴിച്ചത് വെറും 38 പന്തുകൾ. ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാന്‍ 38 പന്തുകളില്‍നിന്ന് 57 റണ്‍സ് നേടി. മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്.
നിലയുറപ്പിച്ച ശേഷം തകര്‍ത്തുകളിച്ച സാഹിബ്‌സദ, ജസ്പ്രീത് ബുംറയെയും കുല്‍ദീപ് യാദവിനെയുമടക്കം കടന്നാക്രമിച്ചു. മറുവശത്ത് ഫഖർ മികച്ച പിന്തുണ നൽകി നിലയുറപ്പിച്ചു. ഒടുവില്‍ പത്താം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെത്തിയാണ് സഹിബ്സാദയെ പുറത്താക്കിയത്. തിലക് വര്‍മയ്ക്ക് ക്യാച്ച് നൽകിയാണ് മടക്കം.
advertisement
തുടര്‍ന്നെത്തിയ സായിം അയ്യൂബിനെ (11 പന്തിൽ 14 റൺസ്) 13-ാം ഓവറില്‍ കുല്‍ദീപ് യാദവും മടക്കി. പിന്നാലെയെത്തിയ മുഹമ്മദ് ഹാരിസിനെ അക്ഷര്‍ പട്ടേല്‍ പൂജ്യത്തിന് മടക്കിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷയുണര്‍ന്നു. രണ്ടുപന്തുകള്‍ മാത്രമാണ് ഹാരിസ് നേരിട്ടത്. ഈ ഘട്ടങ്ങളിലെല്ലാം ഒരുവശത്ത് നിലയുറപ്പിച്ച ഓപ്പണര്‍ ഫഖര്‍ സമാനാണ് നാലാമതായി പുറത്തായത്. കുല്‍ദീപിന്റെ കൈകളിലേക്ക് നല്‍കി വരുണ്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേട്ടം സ്വന്തമാക്കി. 35 പന്തില്‍ രണ്ടുവീതം സിക്‌സും ഫോറുമായി 46 റണ്‍സാണ് സമ്പാദ്യം.
advertisement
ഹുസൈന്‍ തലാത്തിനെ (1) വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസന്റെ കൈകളിലേക്ക് അയച്ച് അക്ഷര്‍ പട്ടേലും വിക്കറ്റ് നേട്ടം രണ്ടാക്കി. ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ പുറത്താവുന്നതിലും സഞ്ജുവിന്റെ കൈകള്‍ പ്രവര്‍ത്തിച്ചു. സാംസണ്‍ നേടിയ മികച്ച ഒരു ക്യാച്ചിലൂടെ പുറത്താവുമ്പോള്‍ ഏഴുപന്തില്‍ എട്ട് റണ്‍സാണ് ക്യാപ്റ്റന്റെ സമ്പാദ്യം. ഷഹീൻ അഫ്രീദിയെയും ഫഹീം അഷ്റഫിനെയും മടക്കി കുൽദീപ് മത്സരത്തിലെ വിക്കറ്റ് നേട്ടം നാലാക്കി. ഹാരിസ് റൗഫിനേയും (6) മുഹമ്മദ് നവാസിനെയും (6) ബുംറയാണ് പുറത്താക്കിയത്.
advertisement
നേരത്തേ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം റിങ്കു സിങ്ങിനെ ടീമില്‍ ഉള്‍പ്പെടുത്തി. പാകിസ്ഥാൻ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 29, 2025 6:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
India vs Pakistan, Asia Cup 2025 Final: ത്രില്ലറിൽ പാകിസ്ഥാനെ തകർത്തു; ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഒൻപതാം കിരീടം; കപ്പ് ഏറ്റുവാങ്ങാതെ ഇന്ത്യൻ ടീം