ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് 20,000 കോടി രൂപയുടെ എഫ്പിഒ (ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍) പിൻവലിച്ചു. ബുധനാഴ്ചയോടെ ഓഹരി വിപണിയില്‍ കമ്പനിയുടെ ഓഹരികള്‍ 28 ശതമാനം നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയതോടെയാണ് പുതിയ തീരുമാനം. ഓഹരി വിപണിയിലെ തിരിച്ചടി കാരണമാണ് എഫ്പിഒ പിന്‍വലിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.
അദാനി ഗ്രൂപ്പിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്. നിലവിലെ സാഹചര്യത്തില്‍ എഫ്പിഒയുമായി മുന്നോട്ട് പോകുന്നത് ധാര്‍മ്മികമല്ലെന്ന് തോന്നുന്നുവെന്നും അതുകൊണ്ടാണ് എഫ്പിഒ പിന്‍വലിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു.
Also Read- സഹകരണസംഘത്തിലെ സ്വർണ്ണപ്പണയം; നിങ്ങളറിയാൻ പുതിയ ഉത്തരവിലെ 10 പ്രധാന കാര്യങ്ങൾ
”നിക്ഷേപകരുടെ താല്‍പ്പര്യം കമ്പനി മനസിലാക്കുന്നു. സാമ്പത്തിക ആഘാതങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കാനാണ് ഈ തീരുമാനം. അതിനാല്‍ എഫ്പിഒയുമായി മുന്നോട്ട് പോകാന്‍ കമ്പനി ആഗ്രഹിക്കുന്നില്ല,” അദാനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അദാനി ഗ്രൂപ്പിലെ പ്രധാന കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ്. ബുധനാഴ്ചയാണ് കമ്പനിയുടെ ഓഹരിയില്‍ 28 ശതമാനം ഇടിവ് രേഖപ്പെടുത്തിയത്.
അതേസമയം അദാനി ഗ്രൂപ്പിന്റെ ഓഹരി തകര്‍ച്ചയില്‍ സെക്യൂരിറ്റീസ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ കൃത്യമായ പരിശോധന നടത്തി വരികയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഓഹരി വില്‍പ്പനയിലെ ക്രമക്കേടുകളെപ്പെറ്റിയും അന്വേഷണം നടക്കുന്നുണ്ട്.
Also Read- Union Budget 2023 Highlights | കേന്ദ്ര ബജറ്റ് 2023 ഒറ്റനോട്ടത്തിൽ
കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിലായി, ലിസ്റ്റ് ചെയ്ത 10 അദാനി കമ്പനികളുടെ വിപണി മൂലധനം 7.5 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നിഫ്റ്റിയില്‍ പ്രവേശിച്ച ഓഹരി ഇന്ന് 28.45 ശതമാനം ഇടിഞ്ഞ് 2128.70 രൂപയിലാണ് എത്തി നിൽക്കുന്നത്. കഴിഞ്ഞ ദിവസം എഫ്പിഒയ്ക്കായി 112 ശതമാനം അപേക്ഷകളാണ് ലഭിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച വിപണിയിലുണ്ടായ അപ്രതീക്ഷിത നീക്കങ്ങളാണ് എഫ്പിഒ പിന്‍വലിക്കാന്‍ അദാനി ഗ്രൂപ്പിനെ പ്രേരിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.