ഇന്റർഫേസ് /വാർത്ത /Money / Electric Vehicle| ഇനി ഇലക്ട്രിക് സ്കൂട്ടർ വാങ്ങാം; സർക്കാർ വെബ് പോർട്ടലിലൂടെ

Electric Vehicle| ഇനി ഇലക്ട്രിക് സ്കൂട്ടർ വാങ്ങാം; സർക്കാർ വെബ് പോർട്ടലിലൂടെ

News 18 Malayalam

News 18 Malayalam

www.myev.org.in എന്ന സർക്കാർ വെബ് പോർട്ടലിൽ, പൊതുവിപണിയിൽ ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനാകും. 60000 രൂപ മുതൽ ഒന്നരലക്ഷം രൂപവരെയുള്ള ഇരുചക്ര വാഹനങ്ങൾ വെബ്സൈറ്റിൽ നിന്ന് വാങ്ങാം.

  • Share this:

തിരുവനന്തപുരം: സബ്സിഡി നിരക്കിൽ ഇലക്ട്രിക് സ്കൂട്ടറുകൾ സർക്കാർ അംഗീകൃത വെബ്സൈറ്റിൽ നിന്ന് വാങ്ങാം. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രദർശനവും വെബ് പോർട്ടൽ  ഉദ്ഘാടനവും തിരുവനന്തപുരത്ത് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു. 60000 രൂപ മുതൽ ഒന്നരലക്ഷം രൂപവരെയുള്ള ഇരുചക്ര വാഹനങ്ങൾ വെബ്സൈറ്റിൽ നിന്ന് വാങ്ങാം.

റോഡുകൾ പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ  ‘ഗോ ഇലക്‌ട്രിക്’ എന്ന പേരിലാണ് ഇലക്ട്രിക് സ്കൂട്ടർ പ്രദർശനവും വിൽപനയും ആരംഭിച്ചത്. www.myev.org.in എന്ന വെബ് പോർട്ടലിൽ നിന്നും ഇലക്ട്രിക് സ്കൂട്ടർ വാങ്ങാം. പൊതു വിപണിയിൽ ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ സർക്കാർ പദ്ധതിയിലൂടെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനാകും.

വെള്ളയമ്പലം ഇൻസ്റ്റിട്യൂഷൻ ഓഫ് എഞ്ചിനീയർസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വെബ്സൈറ്റും വിൽപനയും വൈദ്യുതി വകുപ്പ് മന്ത്രി  കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.

കുടുംബ ബഡ്ജറ്റിനെ  താളം തെറ്റിക്കുന്ന ദിനംപ്രതിയുള്ള പെട്രോൾ- ഡീസൽ വില വർധനയിൽ നിന്നും സാധാരണക്കാരന്  ഒരു മാറ്റം കൊണ്ടുവരാൻ ഉതകുന്നതാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗമെന്ന്  വൈദ്യുതി മന്ത്രി  കെ കൃഷ്ണൻകുട്ടി  ഉദ്ഘാടന പ്രസംഗത്തിൽ  പറഞ്ഞു.

അടുത്ത വർഷത്തോടെ സംസ്ഥാനത്തെ റോഡുകളിൽ ഒരു ദശലക്ഷം ഇലക്‌ട്രിക്‌ വാഹനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിലാണ്‌ ഒരുവർഷം നീളുന്ന ക്യാമ്പയിൻ. കോൺവെർജെൻസ് എനർജി സർവിസസ്‌ ലിമിറ്റഡുമായി ചേർന്നാണ്‌ എനർജി മാനേജ്‌മെന്റ് സെന്റർ പദ്ധതി നടപ്പാക്കുന്നത്‌. ഇലക്‌ട്രിക്‌ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‌ സബ്‌സിഡിയടക്കമുള്ള ആനുകൂല്യങ്ങളുമുണ്ടാകും. 27 മുതല്‍ 47 ശതമാനം വരെയാണ്‌ സബ്‌സിഡി.  ബാറ്ററി കപ്പാസിറ്റി അനുസരിച്ചാണ്‌ സബ്‌സിഡിയും ലഭ്യമാവുക.

ഉയർന്നുവരുന്ന പെട്രോൾ ഡീസൽ വിലവർധന സമ്മാനിക്കുന്ന ദുരിതത്തിൽനിന്ന്‌ രക്ഷപ്പെടാൻ ബദൽ മാർഗത്തെക്കുറിച്ചുള്ള വിപുലമായ ബോധവൽക്കരണമാണ്‌ ഗോ ഇലക്‌ട്രിക്‌ ക്യാമ്പയിനിലൂടെ എനർജി മാനേജ്‌മെന്റ്‌ സെന്റർ ലക്ഷ്യമിടുന്നത്‌. അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും ഒഴിവാക്കി  നിലവിൽ  വിപണിയിൽ ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ സർക്കാർ പദ്ധതിയിലൂടെ ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കാൻ പൊതുജനങ്ങൾക്ക് ഇതിലൂടെ സാധിക്കുമെന്നാണ് വാഗ്ദാനം.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ടെസ്റ്റ് ഡ്രൈവ് ഉദ്ഘാടനം  വി കെ പ്രശാന്ത് എം എൽ എ നിർവഹിച്ചു.  വാർഡ് കൗണ്സിലർ പാളയം രാജൻ, ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ ഐ എ എസ്,  എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ ഹരികുമാർ, സി ഇ എസ് എൽ എം ഡി& സി ഇ ഒ മഹുവാ ആചാര്യ , ഇൻഡസ്ട്രീസ് & ഇൻഫ്രാസ്ട്രക്ചർ പ്ലാനിംഗ് ബോർഡ് ചീഫ്  ജോയ് വി.എൻ.ആർ, അനെർട് ചീഫ് ടെക്നിക്കൽ മാനേജർ അനീഷ് എസ് പ്രസാദ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ചീഫ്  വി സി അനിൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

First published:

Tags: E Vehicle, Electric vehicles