സൗരോർജം (solar energy) ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാർ കണ്ടുപിടിച്ച് ജമ്മു കശ്മീരിലെ അധ്യാപകൻ. ശ്രീനഗറിലെ സനത് നഗർ സ്വദേശിയായ ബിലാൽ അഹമ്മദ് (Bilal Ahmed) എന്ന കണക്ക് അധ്യാപകനാണ് ചെലവു കുറഞ്ഞ ഇലക്ട്രിക് കാർ കണ്ടുപിടിച്ചത്. 11 വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് ഈ നേട്ടം.
അധികം വൈകാതെ തന്നെ ഈ കണ്ടുപിടുത്തം സോഷ്യൽ മീഡിയയിലും വൈറലായി. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും അഹമ്മദിന്റെ ഈ നേട്ടത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. "ഈ കാറിന് ഒരു ദിവസം പറക്കാൻ പോലും കഴിയുമെന്ന് തോന്നുന്നു. ഇതിന്റെ ബോഡിയിൽ സോളാർ പാനലുകളും ഉള്ളിൽ ചാർജിംഗ് പോയിന്റുമുണ്ട്", അദ്ദേഹം ട്വീറ്റ് ചെയ്തു.
സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ ഒരു ആഡംബര കാർ നിർമിക്കണമെന്ന ആഗ്രഹമാണ് അഹമ്മദിനെ ഇത്തരമൊരു കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. 50-കൾ മുതൽ നിർമ്മിച്ചിട്ടുള്ള കാറുകളെക്കുറിച്ച് അദ്ദേഹം വിശദമായ പഠനം നടത്തിയിരുന്നു. അമേരിക്കയിലെ ഓട്ടോമൊബൈൽ കമ്പനിയായ ഡിഎംസിയുടെ (DMC) ഉടമയും ഡിട്രോയിറ്റിൽ (Detroit) എഞ്ചിനീയറുമായ വ്യക്തിയിൽ നിന്നുമാണ് ഇത്തരമൊരു കാർ നിർമിക്കാൻ അദ്ദേഹത്തിന് പ്രചോദനം ലഭിച്ചത്.
"മെഴ്‌സിഡസ്, ഫെരാരി, ബിഎംഡബ്ല്യു പോലുള്ള കാറുകൾ ഒരു സാധാരണക്കാരന്റെ സ്വപ്നമാണ്. എന്നാൽ സമ്പന്നർക്ക് മാത്രമേ അത്തരം കാറുകൾ വാങ്ങാൻ കഴിയൂ. ഇത്തരമൊരു കണ്ടുപിടുത്തത്തിലൂടെ സാധാരണക്കാർക്ക് ഒരു ആഡംബര കാർ സമ്മാനിക്കാമെന്ന് ഞാൻ കരുതി'', ബിലാൽ അഹമ്മദ് പറഞ്ഞു.
പല വീഡിയോകളും കണ്ടതിന് ശേഷം കാർ പരിഷ്കരിച്ച് പുതിയ ഫീച്ചറുകൾ ചേർത്താണ് അഹമ്മദ് ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയത്.
''ഭിന്നശേഷിക്കാർക്കായി ഒരു കാർ നിർമിക്കാൻ ആദ്യം പദ്ധതിയിട്ടിരുന്നുവെങ്കിലും ചില സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല'', അഹമ്മദ് കൂട്ടിച്ചേർത്തു.
2009 ലാണ് സോളാർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒരു ആഡംബര കാർ നിർമിക്കാമെന്ന ആശയം മനസിൽ തോന്നിയത്. ഈ വർഷമാണ് പ്രൊജക്ട് പൂർത്തിയാക്കിയത്.
മറ്റ് ആഡംബര കാറുകൾക്ക് സമാനമായ സവിശേഷതകൾ ഈ കാറിനും ഉണ്ടെന്ന് അഹമ്മദ് പറയുന്നു. മോണോക്രിസ്റ്റലിൻ സോളാർ പാനലുകൾ (monocrystalline solar panels) ഉത്പാദിപ്പിക്കുന്ന വൈദ്യുതോർജം കൊണ്ടാണ് കാർ പ്രവർത്തിക്കുന്നത്. ഏറ്റവും കുറഞ്ഞ സൗരോർജം ഉള്ളപ്പോൾ പോലും ഈ പാനലുകൾ പരമാവധി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു എന്നും അതിലാണ് മോണോക്രിസ്റ്റലിൻ സോളാർ പാനലുകൾ ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവയ്ക്ക് വിസ്തീർണം കുറവായതിനാൽ കാറിന്റെ ഉപരിതലത്തിൽ എളുപ്പം കൊണ്ടു നടക്കാനും സാധിക്കും. കാർ പൂർണ്ണമായും ഓട്ടോമാറ്റിക് ആണ്. സ്ഥല പരിമിതി പരിഹരിക്കാൻ ഗൾവിംഗ് ഡോറുകളും ഉണ്ട്.
ഇത്തരമൊരു കണ്ടുപിടുത്തം നടത്താൻ തനിക്ക് ആരും സാമ്പത്തിക സഹായം നൽകിയിട്ടില്ലെന്നും അഹമ്മദ് പറയുന്നു. "എനിക്ക് ആവശ്യമായ പിന്തുണ ലഭിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ ഞാൻ കശ്മീരിലെ ഇലോൺ മസ്‌ക് ആകുമായിരുന്നു'' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.