കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം; പുലാമാന്തോൾ സ്വദേശിക്ക് 75 ലക്ഷത്തിന്‍റെ ഭാഗ്യമെത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
പുലാമന്തോള്‍ ടൗണിലെ ഇന്ത്യന്‍ ലോട്ടറി ഏജന്‍സിയിലെ വട്ടപ്പറമ്പില്‍ ശശികുമാറിന്റെ കയ്യില്‍നിന്നാണ് ജാഫർ ഭാഗ്യക്കുറി ടിക്കറ്റെടുത്തത്
മലപ്പുറം: സമ്മാനം ഒന്നും ഇല്ലെന്ന് കരുതി കുപ്പത്തൊട്ടിയില്‍ എറിഞ്ഞു കളഞ്ഞ ലോട്ടറി ടിക്കറ്റിന് 75 ലക്ഷം രൂപയുടെ സമ്മാനം. മലപ്പുറം പുലാമാന്തോൾ കുറുവക്കുന്നന്‍ ജാഫറിനെ(46)യാണ് കേരള സർക്കാരിന്‍റെ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം തേടിയെത്തിയത്. മാർച്ച് 23ന് നടന്ന നറുക്കെടുപ്പിലാണ് കുറുവക്കുന്നന്‍ ജാഫറിന് സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്. ജാഫർ വാങ്ങിയ ആറു ടിക്കറ്റുകളിൽ SJ 482785 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
പുലാമന്തോള്‍ ടൗണിലെ ഇന്ത്യന്‍ ലോട്ടറി ഏജന്‍സിയിലെ വട്ടപ്പറമ്പില്‍ ശശികുമാറിന്റെ കയ്യില്‍നിന്നാണ് ജാഫർ ഭാഗ്യക്കുറി ടിക്കറ്റെടുത്തത്. ആറ് ടിക്കറ്റുകള്‍ ഒന്നിച്ച് എടുത്തിരുന്നു. നറുക്കെടുപ്പിന് പിന്നാലെ 5000 രൂപ മുതല്‍ താഴേക്ക് ഉള്ള ചെറിയ സമ്മാനങ്ങളുമായി ഒത്തു നോക്കിയെങ്കിലും ഒന്നും കണ്ടില്ല. വലിയ സമ്മാനങ്ങള്‍ ഒന്നും ലഭിക്കില്ലെന്ന് മനസിൽ ഉറപ്പിച്ച് ഭാഗ്യക്കുറി ടിക്കറ്റുകൾ വീട്ടിൽ മാലിന്യം നിക്ഷേപിക്കുന്ന കുപ്പത്തൊട്ടിയിലേക്കു വലിച്ചെറിയുകയായിരുന്നു.
advertisement
അതിനിടെയാണ് പുലാമന്തോളില്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്നും ആ ഭാഗ്യവാനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ജാഫർ അറിയുന്നത്. ഇതേത്തുടർന്ന് കുപ്പത്തൊട്ടിയിൽനിന്ന് എടുത്ത് ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ഒന്നാം സമ്മാനം തനിക്ക് അടിച്ചതെന്നും അദ്ദേഹം അറിയുന്നത്. ഇതേ തുടർന്ന് സമ്മാനാര്‍ഹമായ ടിക്കറ്റ് കഴിഞ്ഞ ദിവസം പുലാമന്തോളിലെ കട്ടുപ്പാറ ബാങ്ക് ശാഖയിൽ ഏല്‍പിച്ചു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്ഥിരമായി ഭാഗ്യക്കുറി ടിക്കറ്റെടുക്കുന്നയാളാണ് ജാഫര്‍. പൊതുവെ ആറ് ടിക്കറ്റുകള്‍ ഒന്നിച്ചെടുക്കുകയാണ് ജാഫറിന്റെ പതിവ്. ഒരു വര്‍ഷം മുമ്പ് മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ ലഭിച്ചിരുന്നു. പിന്നീട് പലപ്പോഴായി 5,000 വരെ കിട്ടിയിട്ടുണ്ട്. മുന്‍പൊരിക്കല്‍ ഒന്നുമില്ലെന്ന് കരുതി കത്തിച്ചു കളഞ്ഞ 3 ടിക്കറ്റുകളില്‍ 1,000 രൂപവീതം സമ്മാനമുണ്ടെന്ന് പിന്നീട് മനസ്സിലാക്കിയ സംഭവവും ഉണ്ടായി.
advertisement
You May Also Like- Sthree Sakthi SS-253 Kerala Lottery Results | സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം ആർക്ക്?
കട്ടുപ്പാറയിലെ കെ എസ് ഇ ബി സെക്ഷന്‍ ഓഫിസില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്യുന്ന ആളാണ് ജാഫര്‍. ഭാര്യയും മൂന്നു മക്കളുമുണ്ട്. നിലവില്‍ സഹോദരനും മൂന്നു സഹോദരിമാര്‍ക്കുമൊപ്പം തറവാട്ടു വീട്ടിലാണ് താമസം. ഇപ്പോൾ ലഭിച്ച സമ്മാന തുക കൊണ്ട് കുറച്ച് സ്ഥലം വാങ്ങി സ്വന്തമായി ഒരു വീടു വയ്ക്കണമെന്നതാണ് ജാഫറിന്റെ ആഗ്രഹം. ചില കടങ്ങളൊക്കെയുണ്ട്. അത് വീട്ടണം. കൂടാതെ മക്കളെ നല്ല നിലയിൽ പഠിപ്പിക്കണമെന്നും ജാഫർ ആഗ്രഹിക്കുന്നു. സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചെന്ന വിവരം ഏറെ സന്തോഷത്തോടെയാണ് ജാഫറിന്‍റെ വീട്ടുകാർ ഏറ്റെടുത്തത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 25, 2021 9:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം; പുലാമാന്തോൾ സ്വദേശിക്ക് 75 ലക്ഷത്തിന്‍റെ ഭാഗ്യമെത്തി


