'ഇന്ത്യയുടെ എഐ ഉപയോഗം കണ്ട് ലോകം അമ്പരക്കും;' മുകേഷ് അംബാനി
- Published by:Rajesh V
- trending desk
Last Updated:
ഇന്ത്യയില്‍ എഐ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസും എന്‍വിഡിയയും പങ്കാളികളാണെന്ന് ജെന്സണ് ഹുവാങ് പറഞ്ഞു
ലോകത്തെ അമ്പരപ്പിക്കുന്ന തരത്തില്‍ ഇന്ത്യ എഐ ഉപയോഗിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. മുംബൈയില്‍ നടന്ന എഐ സമ്മിറ്റ് ഇന്ത്യയില്‍ പ്രമുഖ ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വിഡിയയുടെ സിഇഒ ജെന്സന് ഹുവാംഗുമായി നടത്തിയ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
''ഏറ്റവും വലിയ ഇന്റലിജന്‍സ് വിപണികളിലൊന്നായിരിക്കും ഇന്ത്യ. ഇന്ത്യയിലെ യുവശക്തിയാണ് ഈ ബുദ്ധിശക്തിയെ നയിക്കുന്നത്. ആഭ്യന്തര വിപണിയിലും ഇത് പ്രകടമാകും,'' അംബാനി പറഞ്ഞു.
''നമ്മുടെ രാജ്യത്തിന്റെ ശരാശരി പ്രായം 35 വയസ്സിന് താഴെയാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ നയിക്കുന്നത് പുതിയ സാങ്കേതികവിദ്യ മാത്രമല്ല, അഭിലാഷങ്ങളുമാണ്. ഇന്ത്യക്കാരെന്ന നിലയില്‍ നമുക്ക് ധാരാളം പ്രതിഭകളുണ്ട്. അതിവേഗം വളരുന്ന വ്യവസായങ്ങളുടെ കേന്ദ്രമായി ഇന്ത്യ മാറിയിരിക്കുന്നു. ഞങ്ങള്‍ ബഹിരാകാശ ഗവേഷണം നടത്തുന്നു. ചിപ്പുകള്‍ നിര്‍മിക്കാന്‍ പോകുന്നു,'' അദ്ദേഹം പറഞ്ഞു.
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ദീര്‍ഘവീക്ഷണമുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ''അഭിലാഷങ്ങളുള്ള പുതിയൊരു ഇന്ത്യയാണിതെന്ന് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. ഇന്ത്യയെ ഒരു സുപ്രധാന ഡിജിറ്റല്‍ സമൂഹമാക്കി മാറ്റുന്നതില്‍ അദ്ദേഹത്തിന്റെ നേതൃത്വം നിര്‍ണായക പങ്കുവഹിക്കുന്നു,'' അംബാനി പറഞ്ഞു.
താങ്ങാവുന്ന വിലയില്‍ എഐ ലഭ്യമാക്കുന്നതിന് 'ജിയോ' ആവര്‍ത്തിക്കണമെന്ന് ഗുവാംഗുമായുള്ള സംഭാഷണത്തിൽ മുകേഷ് അംബാനി പ്രത്യാശ പ്രകടിപ്പിച്ചു.
''യുഎസും ചൈനയും കഴിഞ്ഞാല്‍ ഇന്ന് ഏറ്റവും മികച്ച ഡിജിറ്റല്‍ കണക്ടിവിറ്റി അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യയിലാണുള്ളത്. എട്ടു വര്‍ഷം കൊണ്ട് ജിയോ ഇന്ത്യയെ 158ാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്ത് എത്തിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ കമ്പനിയാണ് ഞങ്ങളുടേത്. ജിയോ വഴി ഈ വര്‍ഷം 16 ഹെക്സാബൈറ്റ് ഡാറ്റ ഞങ്ങള്‍ കൈമാറി. യുഎസില്‍ ഒരു ജിബി ഡാറ്റയ്ക്ക് ശരാശരി അഞ്ച് ഡോളറാണ് വില. ലോകത്തില്‍ ഇത് ശരാശരി 3.5 ഡോളറാണ്. ഇന്ത്യയില്‍ ജിയോ ഒരു ജിബി ഡാറ്റ 15 സെന്റിനാണ് നല്‍കുന്നത്,'' അദ്ദേഹം പറഞ്ഞു.
advertisement
ലാമ ഓപ്പണ്‍ സോഴ്സ് കൊണ്ടുവരുന്നതിലൂടെ എഐ കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കിയതിന് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ മുകേഷ് അംബാനി അഭിനന്ദിച്ചു. ഇതിലൂടെ സക്കര്‍ബര്‍ഗ് ചരിത്രത്തില്‍ ഇടം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിലയന്‍സ്-എന്‍വിഡിയ പങ്കാളിത്തം
ഇന്ത്യയില്‍ എഐ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസും എന്‍വിഡിയയും പങ്കാളികളാണെന്ന് ജെന്സണ് ഹുവാങ് പറഞ്ഞു. ''ഇന്ത്യക്ക് വലിയൊരു ജനസംഖ്യയുണ്ട്. അതുപോലെ കംപ്യൂട്ടര്‍ എഞ്ചിനീയര്‍മാരും ഇവിടെ ധാരാളമുണ്ട്. അതിനാല്‍ ഇതൊരു മികച്ച അവസരമാണ്. അസാധാരണമായ സമയമാണിത്. നിങ്ങളോടൊപ്പം പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു,'' ഹുവാംഗ് അംബാനിയോട് പറഞ്ഞു.
advertisement
ഒരു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഏകദേശം 20 മടങ്ങ് കംപ്യൂട്ട് കപ്പാസിറ്റി ഇന്ത്യക്ക് വെറും ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുമെന്ന് ഹുവാംഗ് പറഞ്ഞു.
Summary: Reliance Industries Limited (RIL) chairman Mukesh Ambani while speaking to Nvidia CEO Jensen Huang at the AI Summit India in Mumbai on Thursday said India was ready to surprise the world in the next few years with what the country can do with Artificial Intelligence (AI).
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
October 24, 2024 6:30 PM IST