ഉംറ 2025 വിസ അനുവദിക്കുന്നതിന് ഹോട്ടൽ ബുക്കിങ്ങും യാത്രാ ടിക്കറ്റും സൗദി അറേബ്യ നിര്‍ബന്ധമാക്കി
- Published by:meera_57
- news18-malayalam
Last Updated:
ഈ വര്‍ഷം മുതല്‍ സൗദിയിലെ ഹജ്ജ്, ഉംറ മന്ത്രാലയവും അനുബന്ധ അധികാരികളും പ്രവേശനനിയമങ്ങള്‍ കർശനമാക്കി
ഉംറ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സൗദി അറേബ്യ കര്‍ശനമാക്കി. താമസത്തിനുള്ള ഹോട്ടലും യാത്രാ ടിക്കറ്റും മുന്‍കൂറായി ബുക്ക് ചെയ്യണമെന്ന് പുതിയ നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നു. വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ ഇവ രണ്ടും ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിക്കുന്നു. തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും താമസം സംബന്ധിച്ച തട്ടിപ്പ് തടയുന്നതിനും ഉദ്ദേശിച്ചാണ് ഇത് നടപ്പാക്കിയിരിക്കുന്നത്.
വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് സൗദിയുടെ ഔദ്യോഗിക നുസുക് പ്ലാറ്റ്‌ഫോം അല്ലെങ്കില്‍ ലൈസന്‍സുള്ള ഏജന്റുമാര്‍ വഴി ഈ ബുക്കിംഗുകള്‍ പൂര്‍ത്തിയാക്കണമെന്ന് യുഎഇയിലെ ഉംറ ഓപ്പറേറ്റര്‍മാര്‍ ഇതിനോടകം തന്നെ യാത്രക്കാരോട് നിര്‍ദേശിക്കുന്നുണ്ട്.
സൗദി അറേബ്യയുടെ പുതിയ ഉംറ വിസ നിയമങ്ങള്‍ അറിയാം
ഈ വര്‍ഷം മുതല്‍ സൗദിയിലെ ഹജ്ജ്, ഉംറ മന്ത്രാലയവും അനുബന്ധ അധികാരികളും പ്രവേശനനിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. അതിനായി വിസ അംഗീകരിക്കുന്നതിന് മുന്‍കൂറായി താമസസൗകര്യം ഉറപ്പാക്കിയതിന്റെ തെളിവ് നല്‍കണം. ഇതിന് നുസുക് മസാര്‍/നുസുക് ഉംറ പ്ലാറ്റ്‌ഫോം വഴി പരിശോധിച്ചുറപ്പിച്ച ഹോട്ടല്‍ കരാറുകളും പ്രാദേശിക യാത്രാ ക്രമീകരണങ്ങളുടെ തെളിവുകളും നല്‍കണം. ഉംറ സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന്റെയും കേന്ദ്രീകൃതമാക്കുന്നതിന്റെയും ഭാഗമായാണിത്.
advertisement
ഉംറ 2025 വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ
- ലൈസന്‍സുള്ള ഹോട്ടലുകളിലോ രജിസ്റ്റര്‍ ചെയ്ത ഓപ്പറേറ്റർ വഴിയോ താമസ സൗകര്യം ബുക്ക് ചെയ്യുക. പരിശോധിച്ചുറപ്പിച്ച് ബുക്ക് ചെയ്യുന്നതിന് നുസുക് ഉംറ/നുസുക് മസാര്‍ പോര്‍ട്ടലോ അംഗീകൃത ട്രാവല്‍ ഏജന്‍സിയോ ഉപയോഗിക്കുക. ബുക്കിംഗ് സ്ഥിരീകരിച്ചില്ലെങ്കില്‍ വിസയ്ക്ക് കാലതാമസം നേരിടുകയോ അല്ലെങ്കില്‍ നിരസിക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ട്.
- സൗദിക്കുള്ളില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അക്കാര്യത്തിലും സ്ഥിരീകരണം നേടുക. പല ഓപ്പറേറ്റര്‍മാരും ഇപ്പോള്‍ ഉംറ പാക്കേജുകളില്‍ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രയും മറ്റ് യാത്രകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിസ അപേക്ഷയ്ക്കായി രസീതുകളും ബുക്കിംഗ് വിവരങ്ങളും തയ്യാറാക്കി സൂക്ഷിച്ചുവയ്ക്കുക.
- നുസുക് പോര്‍ട്ടല്‍ അല്ലെങ്കില്‍ അംഗീകൃത ഏജൻസികൾ വഴി ഉംറ വിസയ്ക്ക് അപേക്ഷിക്കുക. വിസ അപേക്ഷ, താമസ സൗകര്യം സംബന്ധിച്ച പരിശോധന, പെര്‍മിറ്റ് ഷെഡ്യൂളിംഗ് എന്നിവ നുസുക് പ്ലാറ്റ്‌ഫോം വഴി ഏകീകരിക്കുന്നു. മൂന്നാംകക്ഷി വഴിയുള്ള തടസ്സങ്ങള്‍ ഒഴിവാക്കാന്‍ അപേക്ഷകര്‍ അതിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം.
- വിസ അനുമതി കാര്യക്ഷമമാക്കുന്നതിനും ഓണ്‍-ഗ്രൗണ്ട് സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും ഹോട്ടല്‍-യാത്രാസൗകര്യം-മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഫുള്‍ പാക്കേജുകള്‍ ബുക്ക് ചെയ്യാന്‍ യുഎഇ ആസ്ഥാനമായുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തീര്‍ത്ഥാടകരോട് ഉപദേശിക്കുന്നു.
advertisement
മക്കയും മദീനയും സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഹോട്ടല്‍, യാത്രാ സൗകര്യങ്ങള്‍ എന്നിവ മുന്‍കൂറായി ബുക്ക് ചെയ്യേണ്ടതിനാല്‍ ചെലവ് അല്‍പം കൂടാന്‍ സാധ്യതയുണ്ട്. സീസണ്‍, ബുക്ക് ചെയ്യുന്ന ഹോട്ടല്‍ എന്നിവ അനുസരിച്ച് ചെലവിൽ വ്യത്യാസമുണ്ടാകും. അതിനാല്‍ നേരത്തെ ഇവ ബുക്ക് ചെയ്യുന്നത് ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നു.
അടുത്തത് എന്ത്?
തീര്‍ത്ഥാടകര്‍ക്ക് മികച്ച സൗകര്യം ഉറപ്പുവരുത്തുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനും ഇത് സഹായിക്കുന്നു. മുന്‍കൂട്ടിയുള്ള യാത്രാ ആസൂത്രണത്തിന്റെ ഉത്തരവാദിത്വം തീര്‍ത്ഥാടകരിലേക്കും ട്രാന്‍ല്‍ ഏജന്റുമാരിലേക്കും മാറ്റുന്നു. സൗദിയെ സംബന്ധിച്ചിടത്തോളം തീര്‍ത്ഥാടനത്തെ കൂടുതല്‍ പ്രൊഫഷണലൈസ് ചെയ്യുന്നതിനും തീര്‍ത്ഥാടകരുടെ സുരക്ഷയും അനുഭവവും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള വിഷന്‍ 2030 എന്ന ലക്ഷ്യത്തെ ഇത് പിന്തുണയ്ക്കുന്നു.
Location :
Thiruvananthapuram,Kerala
First Published :
September 29, 2025 10:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഉംറ 2025 വിസ അനുവദിക്കുന്നതിന് ഹോട്ടൽ ബുക്കിങ്ങും യാത്രാ ടിക്കറ്റും സൗദി അറേബ്യ നിര്‍ബന്ധമാക്കി