ഡോ. ബി ഇക്ബാൽ
ചൈനയിൽ വ്യാപിച്ച് വരുന്ന ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദമായ ബി എ എഫ് 7 (ബി.എ.5.2.17) ഇന്ത്യയിലും എത്തിക്കഴിഞ്ഞു എന്ന വാർത്ത സ്വാഭാവികമായും ആശങ്ക ഉയർത്തിയിട്ടുണ്ട്. ഗുജറാത്തിലും ഒഡീഷയിലുമാണ് ബി എ എഫ് 7 കണ്ടെത്തിയത്. ബി എ എഫ് 7 ഉപവകഭേദത്തിന്റെ വ്യാപനശേഷി കൂടുതലായിരിക്കും. എന്നാൽ അതുണ്ടാക്കാനിടയുള്ള കോവിഡ് രോഗത്തിന്റെ തീവ്രത കുറവായിരിക്കും. എങ്കിലും വ്യാപനനിരക്ക് ഉയർന്ന് നിൽക്കുന്നതിനാൽ രോഗം കൂടുതൽ പേരെ ബാധിക്കാൻ സാധ്യതയുള്ളത് കൊണ്ട് മരണമടയുന്നവരുടെ എണ്ണത്തിലും വർധനയുണ്ടാവാം.
ഈ സാഹചര്യത്തിൽ മൂന്ന് നടപടികളാണ് സ്വീകരിക്കാനുള്ളത്:
1. കോവിഡ് വാക്സിൻ രണ്ട് ഡോസും ബൂസ്റ്റർ ഡോസും എല്ലാവരും സ്വീകരിച്ചു എന്നുറപ്പുവരുത്തുക. പുതിയ വകഭേദങ്ങൾക്ക് ഭാഗികമായ വാക്സിൻ അതിജീവനശേഷിയുള്ളതിനാൽ വാക്സിൻ എടുത്താലും ചിലരെ കോവിഡ് ബാധിച്ച് എന്ന് വരാം. എന്നാൽ രോഗം ഗുരുതരമാവുകയോ മൂർച്ചിക്കയോ ചെയ്യില്ല, ലോകമെമ്പാടും വാക്സിനേഷൻ ആരംഭിച്ച ശേഷം മരണനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ഇപ്പോൾ ലഭ്യമായ വാക്സിൻ ആദ്യമായി പ്രത്യക്ഷപ്പെട്ട വൈറസ് വകഭേദത്തിന്റെ അടിസ്ഥാനത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. ഇതിനകം പ്രത്യക്ഷപ്പെട്ട എല്ലാ വകഭേദങ്ങളെയും ഉപവകഭേദങ്ങളെയും പ്രതിരോധിക്കുന്ന വാക്സിൻ വൈകാതെ ഉല്പാദിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2. മാസ്ക് ധരിക്കുന്നത് തുടരുക. കോവിഡ് തടയാൻ മാത്രമല്ല വായുവിലൂടെ പകരുന്ന ഫ്ലൂ, ആർ എസ് വി (റെസ്പിരറ്ററി സിൻസിഷ്യൽ വൈറസ്) വിഭാഗത്തിൽ പെട്ട വൈറസുകൾ മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധകളിൽ നിന്നും രക്ഷപ്പെടാനും മാസ്ക് സഹായിക്കും. ഈ മൂന്ന് വിഭാഗത്തിൽ പെട്ട ശ്വാസകോശരോഗാണുബാധയെ ട്രിപ്പിളെഡെമിക് (Tripledemic) എന്നാണ് വിശേഷിപ്പിക്കുന്നത്. മാത്രമല്ല പൊതുനിരത്തിലും മറ്റുമുള്ള വായുമലിനീകരണം, പൊടിശല്യം എന്നിവയിൽ നിന്നും മാസ്ക് സുരക്ഷ നൽകും. ആസ്മപോലുള്ള ശ്വാസകോശരോഗമുള്ളവർക്ക് ഇത് വളരെ സഹായകരമായിരിക്കും
എല്ലാവരും ഇനിമുതൽ എപ്പോഴും വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ മാസ്ക് കരുതിയിരിക്കണം. ആൾകൂട്ട സന്ദർഭങ്ങളിലും, തിരക്കുള്ള സ്ഥലങ്ങളിലും (ബസ് റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്) അടഞ്ഞ എസി മുറികളിലും നിർബന്ധമായും മാക്സ് ധരിക്കണം. മാക്സ് ഉപയോഗം ജീവിതരീതിയുടെ ഭാഗമാവണം.
Also Read- ചൈനയിലെ ഒമിക്രോൺ ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചു; വ്യാപനശേഷി കൂടിയ വകഭേദമെന്ന് വിദഗ്ദര്‍
3. കോവിഡ് വൈറസിന്റെ ജനിതകശ്രേണീകരണം (ജനറ്റിക്ക് സ്വീക്വൻസിങ്ങ്) തുടരേണ്ടതാണ്. പുതിയ വകഭേദങ്ങൾ, ഉപവകഭേദങ്ങൾ ഇവ കാലേകൂട്ടി കണ്ടെത്തി കരുതൽനടപടികൾ സ്വീകരിക്കാനും മറ്റു പ്രദേശങ്ങളെയും രാജ്യങ്ങളെയും ജാഗ്രതപ്പെടുത്താനും ഇതാവശ്യമാണ്. അതോടൊപ്പം, ഏതെങ്കിലും പ്രദേശത്തോ, സ്ഥാപനങ്ങളിലോ കോവിഡ് കേന്ദീകരിച്ച് കൂടുതലായി (ക്ളസ്റ്ററിംഗ്) കണ്ടാൽ ഇവിടങ്ങളിലെ രോഗികളിൽ നിന്നും, പതിവ് രോഗലക്ഷണങ്ങളിൽ നിന്നും വ്യത്യസ്ഥമായരോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗികളിൽ നിന്നും സാമ്പിളുകളെടുത്ത് ജനിതകശ്രീണീകരണം നടത്താൻ ശ്രമിക്കയും വേണം.
(പൊതുജനാരോഗ്യപ്രവർത്തകനും സംസ്ഥാന സർക്കാരിന്‍റെ കോവിഡ് വിദഗ്ധസമിതി അധ്യക്ഷനുമാണ് ലേഖകൻ)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.