• HOME
 • »
 • NEWS
 • »
 • opinion
 • »
 • Education and Covid 19 | വിവരങ്ങൾ നൽകുക മാത്രമല്ല വിദ്യാഭ്യാസം; കോവിഡ് കാലത്തെ വിദ്യാഭ്യാസ ചിന്തകൾ

Education and Covid 19 | വിവരങ്ങൾ നൽകുക മാത്രമല്ല വിദ്യാഭ്യാസം; കോവിഡ് കാലത്തെ വിദ്യാഭ്യാസ ചിന്തകൾ

നൈപുണ്യ വികസനത്തിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുമാണ് ഇത്തവണത്തെ ബജറ്റ് ഊന്നൽ നൽകുന്നത്

 • Last Updated :
 • Share this:
  രാജ്യത്ത് എല്ലാ വർഷവും കേന്ദ്രധനമന്ത്രിയുടെ ബജറ്റ് (Budget) പ്രഖ്യാപനത്തിന് വലിയ പ്രാധാന്യമാണുള്ളത്. പ്രശംസകളും വിമർശനവും വിദഗ്ധരുടെ അഭിപ്രായ പ്രകടനങ്ങളുമൊക്കെയായി പൊതുവെ ആളുകൾ ഏറെ ചർച്ച ചെയ്യുന്ന വിഷയമാണ് ബജറ്റ്. ഇത് അടിസ്ഥാനപരമായി സർക്കാരിന്റെ വരുമാനത്തിന്റെയും ചെലവുകളുടെയും റെക്കോർഡ് രേഖപ്പെടുത്തുന്ന സാമ്പത്തിക പ്രസ്താവനയാണ്. എല്ലാ മേഖലയിലെയും പ്രവർത്തനങ്ങൾക്ക് സർക്കാർ ബജറ്റിൽ പ്രത്യേകം വിഹിതം നീക്കിവയ്ക്കും.

  വിദ്യാഭ്യാസ മേഖലയുമായി (Education Sector) ബന്ധപ്പെട്ട് 2022ലെ ബജറ്റിന്റെ പ്രധാന സവിശേഷതകളാണ് ഞാൻ ഇവിടെ ഹ്രസ്വമായി അവതരിപ്പിക്കുന്നതെങ്കിലും വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കായുള്ള ബജറ്റ് വിഹിതത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നതിലല്ല ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ കാഴ്ചപ്പാട്, വിദ്യാഭ്യാസ വിടവുകൾ, അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവ സംബന്ധിച്ച് ബജറ്റിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾ അവതരിപ്പിക്കാനാണ് എന്റെ ശ്രമം.

  ഈ വർഷം വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം മുൻ വർഷത്തേക്കാൾ 11.86 ശതമാനം വർദ്ധിച്ചു. ബജറ്റ് വിഹിതം വർദ്ധിപ്പിച്ചിട്ടുള്ള വിദ്യാഭ്യാസ മേഖലകൾ താഴെ പറയുന്നവയാണ്: സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേന്ദ്രീയ വിദ്യാലയ സങ്കേതൻ (കെവിഎസ്), നവോദയ വിദ്യാലയ സമിതി (എൻവിഎസ്). കെവിഎസും എൻവിഎസും യഥാക്രമം കേന്ദ്ര സർക്കാർ ജീവനക്കാരുടെയും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള കഴിവുള്ള കുട്ടികൾക്കുമായുള്ള പ്രത്യേക സ്കൂളുകളാണ്.

  സാധാരണ വ്യവസ്ഥകൾക്ക് പുറമെ, വിദ്യാർത്ഥികൾക്ക് അവരുടെ വീട്ടുപടിക്കൽ തന്നെ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ഒരു ഡിജിറ്റൽ സർവ്വകലാശാലയും ബജറ്റിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. വ്യക്തിഗത പഠനാനുഭവം നൽകുന്ന ഡിജിറ്റൽ വിദ്യാഭ്യാസം ആയതിനാൽ ലോകോത്തര നിലവാരത്തിന് തുല്യമാണ് എന്നൊരു അനുമാനമുണ്ട്. എന്നാൽ ഇത് പരിശോധിക്കപ്പെടേണ്ടതുണ്ട്. കുട്ടികളിൽ ചിന്താശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി ശാസ്ത്രത്തിലും ഗണിതത്തിലും 750 വെർച്വൽ ലാബുകൾ സ്ഥാപിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പദ്ധതിയിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി വടക്കൻ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ ദൂരദർശനും വിദ്യാഭ്യാസ ചാനലുകളും ലഭിക്കുന്നതിനായി ഡിടിഎച്ച് സേവനവും ലഭ്യമാക്കും.

  നൈപുണ്യ വികസനത്തിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുമാണ് ഇത്തവണത്തെ ബജറ്റ് ഊന്നൽ നൽകുന്നത്; ഓൺലൈൻ, ടെലിവിഷൻ, റേഡിയോ തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ ഉള്ളടക്കവും അതിന്റെ ലഭ്യതയും ഉറപ്പാക്കുക; പ്രധാനമന്ത്രി ഇ-വിദ്യാ പ്രോഗാം 12ൽ നിന്ന് 200 ടിവി ചാനലുകളാക്കി വർദ്ധിപ്പിക്കുക. ഡിജിറ്റൽ ടൂളുകൾ ഉപയോഗിച്ച് പഠിപ്പിക്കാൻ അധ്യാപകർക്ക് പരിശീലനം നൽകുക തുടങ്ങിയവയൊക്കെ ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനങ്ങളാണ്.

  എന്നാൽ ഇത്തവണത്തെ വിദ്യാഭ്യാസ ബജറ്റ് ചില വ്യക്തമായ വിടവുകൾ വ്യക്തമാക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനായുള്ള ബജറ്റ് വിഹിതം വർദ്ധിപ്പിച്ചെങ്കിലും ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം വിദ്യാഭ്യാസത്തിനുള്ള പൊതുനിക്ഷേപം ജിഡിപിയുടെ 6 ശതമാനം ആയിരിക്കണം. എന്നാൽ ഇതുവരെ ആറ് ശതമാനത്തിന് അടുത്ത് പോലും എത്തിയിട്ടില്ല. കഴിഞ്ഞ വർഷം വിഹിതത്തിൽ വലിയ കുറവുണ്ടായ സമഗ്ര ശിക്ഷാ പദ്ധതിയുടെ കുറവ് ഈ വർഷവും നികത്താനായില്ല. അധ്യാപക പരിശീലനം, മുതിർന്നവർക്കുള്ള വിദ്യാഭ്യാസം, ഗ്രാമപ്രദേശങ്ങളിലെ പട്ടികവർഗ പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്, ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയവയ്ക്ക് കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ സമാനമായതോ അതിൽ കുറവോ വിഹിതമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

  ബജറ്റ് എന്നത് സർക്കാരിന്റെ മുൻഗണനകളെയും മൊത്തത്തിലുള്ള ഉദ്ദേശങ്ങളുമാണ് പ്രതിഫലിപ്പിക്കുന്നത്. ഏതൊരു മേഖലയുടെയും വളർച്ചയ്ക്ക് സാമ്പത്തിക ആവശ്യകതകൾ ഒരു അവിഭാജ്യവും അടിസ്ഥാനപരവുമായ ഘടകമാണെങ്കിലും കൂടുതൽ വിഹിതം നൽകുന്നത് കൊണ്ട് ആ മേഖല കൂടുതൽ വളരും എന്ന് കരുതാനാകില്ല.

  സ്‌കൂൾ അടച്ചുപൂട്ടലും പഠനനഷ്ടവും നികത്താൻ സ്വീകരിച്ച നടപടികളും വിദ്യാർത്ഥികളെ വിലയിരുത്തുന്നതിന് ബദൽ മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും ഉൾപ്പെടെ കഴിഞ്ഞ രണ്ട് വർഷമായി സ്വീകരിച്ച നടപടികൾ പ്രശസ്തമായ യശ്പാൽ കമ്മിറ്റി റിപ്പോർട്ടിലെ ചില വരികളാണ് എന്നെ ഓർമ്മിപ്പിക്കുന്നത്. "ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നു, പക്ഷേ കുറച്ച് മാത്രം പഠിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നു".
  അതായത് സ്കൂളുകളിൽ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് തോന്നുമെങ്കിലും പാഠപുസ്തകത്തിൽ നിന്ന് ബ്ലാക്ക്ബോർഡിലേക്കും, ബ്ലാക്ക്ബോർഡിൽ നിന്ന് നോട്ട്ബുക്കുകളിലേക്കും കാര്യങ്ങൾ പകർത്തുന്നുണ്ടെങ്കിലും കാര്യമായ പഠനം നടക്കുന്നുണ്ടോ എന്നും ആ പഠനം യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത് എന്നും ആർക്കും അറിയില്ല. അതുപോലെ, എല്ലാ വർഷവും ധാരാളം പദ്ധതികളും പ്രോഗ്രാമുകളും ആരംഭിക്കുന്നു, എന്നാൽ അവ എല്ലാവർക്കും തുല്യവും ഏകീകൃതവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നുണ്ടോ എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.

  നമ്മുടെ രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ പൊതുസ്വഭാവം ഇന്ന് അന്യമാകുന്നു. കൊളോണിയൽ വിദ്യാഭ്യാസ സമ്പ്രദായം പ്രാദേശികമായുള്ള അറിവ്, സംസ്കാരം, ഭാഷ എന്നിവയെ ഇല്ലാതാക്കുകയും പകരം പാശ്ചാത്യ മാതൃകയിലുള്ള അറിവും സംസ്കാരവും അടിച്ചേൽപ്പിക്കുകയുമാണ് ചെയ്യുന്നത്. ലോക്ക്ഡൗൺ കാലയളവിൽ, സ്കൂളുകളുടെ പ്രധാന ആശങ്ക ഐസിടി (ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി) അധിഷ്ഠിതമായ പുതിയ ഭാഷയിൽ എങ്ങനെ പാഠ്യപദ്ധതി കുട്ടികളിൽ എത്തിക്കാമെന്നത് ആയിരുന്നു. പരീക്ഷ എങ്ങനെ നടത്തുമെന്നത് ആയിരുന്നു ഉത്കണ്ഠയുടെ മറ്റൊരു കാരണം. എന്നാൽ കുട്ടികൾ കാര്യങ്ങൾ പഠിക്കാനെടുക്കുന്ന കാലതാമസത്തെക്കുറിച്ചും സമകാലിക സാഹചര്യത്തിൽ വിദ്യാഭ്യാസത്തെ എങ്ങനെ കൂടുതൽ പ്രസക്തമാക്കാം എന്നതിനെക്കുറിച്ചോ ആരും ആശങ്കപ്പെട്ടില്ല.

  മഹാമാരി നിരവധി ആളുകളുടെ ജീവിതത്തെ മാറ്റിമറിച്ചു, എന്നാൽ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മുൻകാല ധാരണയോടെ തന്നെ വിദ്യാഭ്യാസ സമ്പ്രദായം തുടർന്നു. വിവരങ്ങളെ അറിവുമായി താരതമ്യം ചെയ്തു. അതായത് വിദ്യാർത്ഥിക്ക് ചില വിവരങ്ങൾ ലഭ്യമാക്കുന്നതിനെ നാം വിദ്യാഭ്യാസത്തിന് തുല്യമായി പരിഗണിച്ചു. സ്‌കൂളുകൾ അടച്ചിട്ടിരിക്കെ ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗപ്രദമായിരുന്നു, എന്നാൽ ഓൺലൈൻ അധ്യാപനം മികച്ച ബദൽ മാർഗമായി കണക്കാക്കുന്നത് വിദ്യാഭ്യാസ മേഖലയിൽ മുന്നേറാൻ ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികളുടെ ഭാവിക്കും സ്വപ്നങ്ങൾക്കും ദോഷകരമാണ്.

  എല്ലാവർക്കും ഏകീകൃത നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. രാജ്യത്ത് ചില മികവിന്റെ ദ്വീപുകളോ മാതൃകാ സ്‌കൂളുകളോ സൃഷ്ടിക്കുന്നതിനായി ശ്രദ്ധ ചെലുത്തുന്നതിൽ അർത്ഥമില്ല. ഏതാനും മോഡൽ സ്കൂളുകൾ, കെവികൾ, എൻവികൾ എന്നിവ ജനസംഖ്യയുടെ ഒരു ചെറിയ അനുപാതത്തെ മാത്രം ലക്ഷ്യം വച്ചുള്ളവയാണ്. വിവിധ സാമൂഹിക-സാമ്പത്തിക ഗ്രൂപ്പുകളുടെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്ന വിഭജിത വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുന്ന രീതി മാറ്റണം. ഒരു ചെറിയ പ്രത്യേക ന്യൂനപക്ഷത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഈ അഭിനിവേശം സർക്കാർ അവസാനിപ്പിക്കണം.

  വിദ്യാഭ്യാസം ഡിജിറ്റൈസ് ചെയ്യുന്നതിലും കുട്ടികൾക്ക് അത്തരം കൂടുതൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിലുമാണ് ഇത്തവണ ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കുട്ടികളുടെ ജീവിതത്തിൽ ഡിജിറ്റൽ വിഭജനം സൃഷ്ടിച്ച അരാജകത്വം പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. നമുക്ക് ഡിജിറ്റൽ വിദ്യാഭ്യാസത്തെ ഒരു ബദലായി കാണാൻ കഴിയില്ല. അതിനാൽ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് അമിത പ്രാധാന്യം നൽകുന്നത് രാജ്യത്തിന് തന്നെ ദോഷകരമായേക്കാം.

  (മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ സ്കൂൾ ഓഫ് എജ്യുക്കേഷൻ പ്രൊഫസറും ഡീനുമാണ് ലേഖകൻ. ഈ ലേഖനത്തിൽ പ്രകടിപ്പിച്ച വീക്ഷണങ്ങൾ രചയിതാവിന്റേതാണ്, ഇത് പ്രസിദ്ധീകരണത്തിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ല.)
  Published by:Arun krishna
  First published: