ബോസ് കൃഷ്ണമാചാരി
പ്രിയപ്പെട്ടവരേ,
പ്രാരംഭത്തില്‍ തന്നെ ഞങ്ങളുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചതിനും ക്രിയാത്മകമായ വിമര്‍ശനം നല്‍കിയതിനും എല്ലാ ആര്‍ടിസ്റ്റുകള്‍ക്കും നന്ദി അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മഹാമാരി മൂലം ബിനാലെയുടെ 2020-21 പതിപ്പ് ഒഴിവാക്കേണ്ടി വന്നപ്പോള്‍ മിക്കവാറും എല്ലാ ആര്‍ട്ടിസ്റ്റുകളും ഞങ്ങളോടൊപ്പം നിന്നു എന്നത് കൊച്ചി മുസിരിസ് ബിനാലെയോടുള്ള നിങ്ങളുടെ ഉറച്ച പ്രതിബദ്ധതയുടെ തെളിവാണ്.
കലാ സമൂഹത്തില്‍ നിന്നുള്ള ഉറച്ച പിന്തുണയാണ് ഞങ്ങളുടെ ശക്തി, അതാണ് ഈ യാത്ര തുടരാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. നിങ്ങള്‍ ചൂണ്ടിക്കാണിച്ച ഗുരുതരമായ പോരായ്മകളെ സംബന്ധിച്ചിടത്തോളം, പ്രവര്‍ത്തനങ്ങളുടെ പരാജയങ്ങള്‍, വ്യക്തിഗത തലത്തിലുള്ള ആശയവിനിമയങ്ങളുടെ അഭാവം, ഒഴിവാക്കാമായിരുന്ന അവഗണനകള്‍ തുടങ്ങിയവയ്ക്ക് ഞങ്ങള്‍ പൂര്‍ണ്ണ ഉത്തരവാദിത്തവും ഭാരവും ഏറ്റെടുക്കുന്നു.
ആര്‍ട്ടിസ്റ്റുകള്‍ നയിക്കുന്നതും പ്രവര്ത്തികമാക്കുന്നതുമായ ഒരു ബിനാലെ എന്ന നിലയില്‍, ഞങ്ങളുടെ കാഴ്ചപ്പാടുകളുടെയും അഭിലാഷങ്ങളുടെയും കാതല്‍ ആര്‍ട്ടിസ്റ്റുകള്‍ തന്നെയാണ്. അതില്‍ നിങ്ങള്‍ക്ക് നിരാശകളുണ്ടായി എന്നത് ഞങ്ങള്‍ മനസ്സിലാക്കുന്നു, നമ്മുടെ ആര്‍ടിസ്റ്റുകളും പിന്തുണക്കുന്നവരും , സ്വന്തം പ്രവര്‍ത്തകരുമൊക്കെ നല്കുന്ന ന്യായമായ വിമര്‍ശനങ്ങളും എടുക്കുന്ന നിലപാടുകളും ഉപദേശങ്ങളും പൂര്‍ണ്ണമായും ഞങ്ങള്‍ അംഗീകരിക്കുന്നു.
ആര്‍ടിസ്റ്റുകള്‍ക്കും കലാപ്രവര്‍ത്തകര്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ച, അവസാന നിമിഷം പ്രദര്‍ശനം മാറ്റിവച്ച സംഗതിയാണ് അതിലെ മുഖ്യമായ പ്രശ്നം. പ്രദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം പ്രദര്‍ശന വേദികള്‍ ലഭ്യമാക്കിയതു മുതല്‍, മാറ്റിവയ്ക്കുന്നതിനെക്കുറിച്ചുള്ള ചിന്ത സജീവ പരിഗണനയിലായിരുന്നു. പക്ഷേ പ്രൊഡക്ഷന്‍ ജോലികളുടെ പുരോഗതി മുന്‍ പതിപ്പുകളുടേതിന് സമാനമാണെന്ന് അവലോകനങ്ങള്‍ സൂചിപ്പിച്ചിരുന്നു.
അതോടൊപ്പം കാലം തെറ്റിവന്ന കാറ്റും മഴയും നിര്‍മ്മാണ ജോലികളില്‍ തടസ്സങ്ങളുണ്ടാക്കി. എന്നിരുന്നാലും തീരുമാനം ഏറ്റവും ഒടുവിലായത് ഒരു പിഴവു തന്നെയായിരുന്നു. എന്നിരുന്നാലും വീഴ്ചകള്‍ ന്യായീകരിക്കാനാവാത്തത് തന്നെയാണെന്ന് മനസ്സിലാക്കുന്നു, അതേസമയം, അവ പൊറുക്കപ്പെടാത്തവയായിരിക്കരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
കലാസൃഷ്ടികള്‍ വേദികളില്‍ സ്ഥാപിക്കപ്പെട്ടപ്പോഴും അതിനു ശേഷവും സംഭവിച്ചിട്ടുള്ള , സംഭവിക്കുന്ന എല്ലാ ദുരിതങ്ങള്‍ക്കും ഞങ്ങളുടെ ആത്മാര്‍ത്ഥമായ ക്ഷമാപണം സ്വീകരിക്കുക. ഞങ്ങള്‍ ഒഴികഴിവുകളൊന്നും പറഞ്ഞ് പിന്മാറുന്നില്ല, എന്നും മികവുറ്റതായി നിലനിര്‍ത്താന്‍ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാപനവും സമൂഹവും എന്ന നിലയില്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണയും ഉപദേശവും ഉപയോഗിച്ച് മുന്നേറാനാവുമെന്ന് പ്രതീക്ഷയുണ്ട്.
ബിനാലെയുടെ നടത്തിപ്പിലെ സാമ്പത്തികവും സംഘടനാപരവുമായ പോരായ്മകള്‍ നിങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പത്തുവര്‍ഷത്തെ പാരമ്പര്യമുള്ള സംഘടന എന്ന നിലയില്‍ ഇത്തരം പല പ്രശ്നങ്ങളും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്ന് തിരിച്ചറിയുന്നു. നിര്‍ഭാഗ്യവശാല്‍ മോശമായ സാമ്പത്തികാവസ്ഥയും പ്രവര്‍ത്തകരുടെ കുറവും മഹാവ്യാധിയും, പ്രദര്‍ശനവേദികളെ സംബന്ധിച്ച അനിശ്ചിതത്വങ്ങളും എല്ലാം ഞങ്ങളെ സാരമായി ബാധിച്ചിരുന്നു.
2023 ന്റെ തുടക്കത്തില്‍തന്നെ ഈ പ്രശ്നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനും വിദഗ്ധ ഉപദേശങ്ങളും പദ്ധതികളും ഉപയോഗിച്ച് ആവശ്യമായ സംഘടാനാപരമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരാനും ട്രസ്റ്റീ ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ട്. അതു കൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പിക്കുന്നു. കലാകാരരായ നിങ്ങളുടെ വിമര്‍ശന കുറിപ്പ് ആ പരിഷ്കരണ പ്രക്രിയയിലേക്കുള്ള വിലപ്പെട്ട നിക്ഷേപമാണ്.
ഞങ്ങള്‍ പൊതുവിലെടുക്കുന്ന അവലോകനത്തിന്റെ ഫലങ്ങളും തീരുമാനങ്ങളുമെല്ലാം തീര്‍ച്ചയായും പൊതുസഞ്ചയത്തില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്. നിങ്ങള്‍ക്ക് ഉണ്ടായ അസൗകര്യത്തിനും ദുരിതത്തിനും ഒരിക്കല്‍ കൂടി ഞങ്ങളുടെ ആത്മാര്‍ത്ഥമായ ക്ഷമാപണം സ്വീകരിക്കുക.
ഇപ്പോള്‍ തുറന്നിരിക്കുന്ന ഈ ബിനാലെ, നാമെല്ലാവരും വിലമതിക്കുന്ന ‘സര്‍ഗ്ഗാത്മകമായ ആവിഷ്കാരത്തിനും പഠനത്തിനും സംഭാഷണത്തിനും വിയോജിപ്പിനുമൊക്കെയുള്ള അതുല്യമായ ഇടമായി വീണ്ടും മാറട്ടെ എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു.
( ഇന്ത്യൻ ചിത്രകാരനും ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ മാനേജിംഗ് കമ്മിറ്റി അംഗവുമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.