• HOME
 • »
 • NEWS
 • »
 • opinion
 • »
 • Raees Hidaya | തെറ്റുതിരുത്തിയിട്ടാവാം മാപ്പ് ; ഭിന്നശേഷിക്കാരെ അധിക്ഷേപിച്ച കടുവയോട് റയീസ് ഹിദായ

Raees Hidaya | തെറ്റുതിരുത്തിയിട്ടാവാം മാപ്പ് ; ഭിന്നശേഷിക്കാരെ അധിക്ഷേപിച്ച കടുവയോട് റയീസ് ഹിദായ

കടുവ സിനിമയിൽ ഭിന്നശേഷിക്കാരെയും അവരുടെ രക്ഷിതാക്കളേയും അധിക്ഷേപിച്ച പരാമർശത്തിൽ റയീസ് ഹിദായക്ക് ചിലത് പറയാനുണ്ട്

 • Last Updated :
 • Share this:
  കടുവ സിനിമയിൽ ഭിന്നശേഷിക്കാരെയും അവരുടെ രക്ഷിതാക്കളേയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നും നിരവധിയായ പ്രതിക്ഷേധങ്ങളാണ് ഈ വിവാദപരമായ സംഭാഷണത്തിനും കടുവ സിനിമയുടെ പിന്നണിപ്രവർത്തകർക്കുമെതിരെ ഉയർന്നുവന്നത്.

  ഭിന്നശേഷിക്കാരുടെ സമൂഹത്തിന്  ഇത് ഏറെ മാനസിക വിഷമങ്ങൾ വരുത്തിവെക്കുകയുണ്ടായി.  ജീവിതത്തെ പ്രത്യാശയോടെ കണ്ട് ശരീരത്തിന്റെ പ്രതികൂലാവസ്ഥയിലും ലോകത്തെ പ്രോത്സാഹിപ്പിക്കുന്ന  ഹിദായയുടെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ പ്രത്വിരാജിനായി കുറിക്കപ്പെട്ട ഒരു കത്ത് ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഒരേ സമയം വിമര്‍ശനാത്മകവും ഹൃദയസ്പര്‍ശിയുമായ ആ കത്ത് വായിക്കാം.

  പ്രിയപ്പെട്ട Prithviraj Sukumaran

  ഇക്കഴിഞ്ഞ കാലങ്ങളിൽ താങ്കളുടെ സിനിമക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു സാധാരണ പ്രേക്ഷകനാണ് ഞാൻ.പ്രിത്വിരാജ് സുകുമാരൻ എന്ന കലാകാരനിൽ നിന്ന് മിനിമം ഗ്യാരന്റി ഉള്ള സിനിമകൾ ഈ അടുത്ത കാലത്ത് ഉണ്ടാവുന്നു എന്നതാണ് അതിന് കാരണം.
  സിനിമയെന്നും അരികുവത്കരിക്കപ്പെട്ട, മാറ്റിനിർത്തപ്പെട്ട ജനതയുടെ മേൽ അധികാരപ്രയോഗം നടത്തിയിട്ടേ ഒള്ളു.താങ്കളുടെ മുൻകാല സിനിമകളിലും അങ്ങനെ ഏറെയുണ്ടായിട്ടുണ്ട്.എന്നാൽ തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട സമയത്ത് പലരും മൗനത്തിലായപ്പോ താങ്കൾ എഴുന്നേറ്റ് നിന്ന് ഉച്ചത്തിൽ സംസാരിച്ചു.അതൊരു പ്രതീക്ഷയായിരുന്നു.മിണ്ടാതെ സ്‌ക്രീനിൽ മാത്രം കാലം കഴിച്ചിരുന്ന ഒരു കൂട്ടത്തിൽ നിന്നുണ്ടായ വ്യത്യസ്തമായ ശബ്ദം.
  അക്രമത്തിനെതിരെ ഒച്ചയെടുത്തു എന്നത് മാത്രമല്ല പ്രതീക്ഷയാവാനുള്ള കാരണം.ഇനി മുതൽ തന്റെ സിനിമകളിൽ സ്ത്രീവിരുദ്ധത ആഘോഷമാക്കില്ലെന്നും മുൻകാലങ്ങളിൽ അങ്ങനെ സംഭവിച്ചതിൽ ഖേദമുണ്ടെന്നും അത്തരം രംഗങ്ങൾക്ക് കിട്ടിയ കയ്യടിയിൽ തല കുനിക്കുന്നു എന്നും പറഞ്ഞപ്പോൾ അതിൽ വിശ്വസിച്ച ഒരു സാധാരണ മനുഷ്യനായിരുന്നു ഞാൻ.
  എന്നാൽ തങ്കളൊരു സ്വാതന്ത്ര്യ സംവിധായകനായ ലൂസിഫർ കണ്ടപ്പോൾ ആ പ്രതീക്ഷക്ക് മങ്ങലേറ്റു .അപ്പോഴും മുഴുവനായി ഒറ്റയടിക്ക് മാറ്റം വരുത്തുക സാധ്യമല്ലല്ലോ അതിനാലാവും എന്നോർത്ത് സമാധാനിച്ചു.ബ്രോ ഡാഡിയും തങ്കളെടുത്ത നിലപാടുകൾക്ക് എതിരായിരുന്നു എന്ന് പറയാതെ വയ്യ.
  അവസാനം കടുവ സിനിമയിലൂടെ ഭിന്നശേഷി സമൂഹത്തെയും അവരുടെ രക്ഷിതാക്കളെയും ഒന്നാകെയാണ് താങ്കൾ അധിക്ഷേപിച്ചത്. മാതാപിതാക്കളുടെ പാപഫലമാണ് ഭിന്നശേഷിക്കാരായ ഓരോ കുഞ്ഞും എന്ന ഡയലോഗ് നിങ്ങളവതരിപ്പിച്ച കഥാപാത്രത്തിലൂടെ പുറത്ത് വന്നപ്പോ മുഖ്യധാരയിലേക്ക് കടന്ന് വരാൻ പല തരത്തിൽ പോരാടി കൊണ്ടിരിക്കുന്ന ഒരു ജനതയുടെ ആത്മാഭിമാനത്തിന് മുകളിലാണ് നിങ്ങൾ തീ കോരിയിട്ടത്.
  നവോത്ഥാനകാലഘട്ടത്തിന് മുമ്പ് അങ്ങനെ ചില വിശ്വാസങ്ങളുണ്ടായിരുന്നുവെന്നും വെളിച്ചം വീഴാത്ത ചില സമൂഹങ്ങൾ ഇപ്പഴും അത് വിശ്വസിച്ചു പോരുന്നു എന്നതും യാഥാർഥ്യമാണ്.അത്തരം വിശ്വാസങ്ങൾക്ക് ബലം പകർന്ന് ഒരു സമൂഹത്തിന്റെ ആത്മാഭിമാനത്തെയും പോരാട്ടങ്ങളെയും റദ്ദ് ചെയ്യുകയാണ് സാർ നിങ്ങൾ ചെയ്തത് .
  ഭിന്നശേഷി സമൂഹത്തെ സിനിമയും മാധ്യമങ്ങളും പൊതുസമൂഹവുമൊക്കെ അവഹേളിക്കുന്നതും മാറ്റിനിർത്തുന്നതും ആദ്യമായല്ല.കാലാകാലങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്ന ഒന്നാണത്.സൗണ്ട് തോമ പോലുള്ള സിനിമകൾ പുറത്തു വന്ന industry ആണല്ലോ നമ്മുടേത്.പക്ഷെ പൃഥ്വിരാജ്, നിങ്ങളിലുണ്ടായിരുന്ന പ്രതീക്ഷയാണ് നിങ്ങൾ കാണുമോ എന്ന് പോലും അറിയാത്ത ഈ കുറിപ്പെഴുതാൻ കാരണം.
  ശരീരത്തിന് 90 ശതമാനം ശാരീരിക പരിമിതിയുള്ള ഒരു മനുഷ്യനാണ് ഞാൻ.അങ്ങനെയാണ് ഡോക്ടർമാർ സർട്ടിഫിക്കറ്റ് തന്നിട്ടുള്ളത് .പലപ്പോഴും പരിമിതികളുള്ള കുട്ടികളുമായും അവരുടെ രക്ഷിതാക്കളുമായി ഒരുമിച്ച് പല കാര്യങ്ങളും ചെയ്യേണ്ടി വരാറുണ്ട്.ഇത്രയും കാലത്തെ പരിചയത്തിനിടക്ക് കണ്ട,അറിഞ്ഞ,അനുഭവിച്ച ആ മനുഷ്യരുടെയൊക്കെ ജീവിതത്തിലേക്കാണല്ലോ താങ്കളുടെ ഡയലോഗ് ഇടിത്തീ ആയി വന്ന് പതിച്ചത്.
  ആദ്യമായല്ല താങ്കളുടെ സിനിമയിൽ ഭിന്നശേഷി സമൂഹത്തെ അപമാനിക്കുന്നത് .ഏതാനും മാസങ്ങൾക്ക് മുൻപ് താങ്കൾ അഭിനയിച്ച ഭ്രമം സിനിമ കണ്ടിരുന്നു.അതിലും താങ്കളുടെ കഥാ പാത്രത്തിലൂടെ ഭിന്നശേഷി സമൂഹത്തിന് നേരെയുള്ള വെറുപ്പും അധിക്ഷേപവും ഉത്പാതിപ്പിക്കുന്നുണ്ട് .തനിക്ക് കിട്ടേണ്ടതെന്ന് "താൻ കരുതുന്ന" മ്യൂസിക് ടീച്ചറുടെ ജോലി സംവരണം ഉള്ളതിനാൽ ഡിസബിലിറ്റി ഉള്ള മറ്റൊരാൾക് കിട്ടിയപ്പോൾ അയാൾ അത് അടിച്ചോണ്ടു പോയി എന്നാണ് താങ്കളുടെ കഥാപാത്രത്തിലൂടെ പറഞ്ഞു വെക്കുന്നത്.
  സംവരണം ഔദാര്യമോ അടിച്ചോണ്ട് പോവലോ ഒന്നുമല്ല സർ.കാലാകാലങ്ങളായി പല കാരണങ്ങളാൽ പിന്നാക്കം നിർത്തപ്പെട്ട സമൂഹങ്ങളെ മുന്നോട്ട് കൊണ്ട് വരാനും തുല്യത ഉറപ്പ് വരുത്താനുമുള്ള ഭരണഘടന മൂലമുള്ള ശ്രമമാണ്.അതിനെയൊന്നും അത്ര ലാഘവത്തിൽ അടിച്ച് മാറ്റലാക്കി തള്ളി പറയരുത് സർ.
  വെറും സിനിമയല്ലേ,അങ്ങനെ കണ്ടാൽ പോരെ എന്നാണ് താങ്കൾക്കും ടീമിനും ഫാൻസിനുമൊക്കെ ചോദിക്കാനുള്ളതെങ്കിൽ കാലാകാലങ്ങളായി സിനിമകളിലൂടെ നിർമിക്കപ്പെട്ട പൊതുബോധത്തിന്റെ ഇരകളായി ജീവിക്കുന്ന ഏറെ മനുഷ്യസമൂഹങ്ങളുണ്ട് സർ ഈ നാട്ടിൽ.
  ഞാൻ വെറുമൊരു നടൻ മാത്രമാണെന്നാണ് താങ്കൾക്ക് പറയാനുള്ളതെങ്കിൽ ഈ സിനിമയുടെ പ്രൊമോഷൻ സമയത്ത് താങ്കൾ തന്നെ പറയുന്നുണ്ട് സംവിധായകനായി ഷാജി കൈലാസിനെ നിങ്ങളാണ് ഈ സിനിമയിലേക്ക് ക്ഷണിച്ചതെന്ന്.കാലങ്ങളായി തന്റെ സിനിമകളിലൂടെ സ്ത്രീ-ദളിത്-മുസ്ലിം-ന്യൂനപക്ഷ സമൂഹങ്ങളെ അപരവത്കരിക്കുകയും അതിനാഹ്വാനം ചെയ്യുകയും ചെയ്യുന്ന ഒരാളിൽ നിന്ന് ഞങ്ങളൊന്നും കൂടുതൽ പ്രതീക്ഷിക്കുന്നില്ല സർ.നിങ്ങളിൽ നിന്നാണ് ആ ഉത്തരവാദിത്വം പ്രതീക്ഷിക്കുന്നത്.
  ഈ കുറിപ്പെഴുതുന്ന സമയത്ത് ഷാജി കൈലാസിന്റെ മാപ്പ് പറഞ്ഞുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണുന്നുണ്ട്.താങ്കളടക്കം പലരും അതൊരു മിസ്റ്റേക്ക് ആണെന്നും മാപ്പ് പറഞ്ഞത് ആത്മാർത്ഥമായാണെന്നും പറഞ്ഞ് ഷെയർ ചെയ്തും കാണുന്നുണ്ട്.
  സർ,ഈ കമ്മ്യൂണിറ്റിയിലുള്ള ഒരാളെന്ന നിലയിൽ പറയട്ടെ,മാപ്പെന്ന രണ്ടക്ഷരം രണ്ടോ മൂന്നോ തവണ ഉപയോഗിച്ചു എന്നതൊഴിച്ചാൽ ബൈബിൾ വചനങ്ങളടക്കം ഉദ്ധരിച്ച് അദ്ദേഹം അതിനെ ന്യായീകരിക്കുകയും ലഘൂകരിക്കുകയുമാണ് ചെയ്തിട്ടുള്ളത്.അദ്ദേഹത്തിൽ നിന്ന് അതിലേറെയൊന്നും പ്രതീക്ഷിക്കാനാവില്ല സർ.മാപ്പ് ആത്മാർത്ഥമായി പറയാനൊരുങ്ങുവാണെങ്കിൽ മാപ്പിന്റെ ഒരു പരമ്പര തന്നെ അദ്ദേഹത്തിന് വേണ്ടി വരും.
  ഇത്രയൊക്കെ വിമർശനങ്ങളുയർന്നിട്ടും സിനിമയിൽ നിന്ന് ആ പരാമർശം പിൻവലിച്ച് പൊതുസമൂഹത്തിന് മുമ്പിൽ കുറ്റസമ്മതം നടത്താൻ സിനിമയുടെ സഹനിർമ്മാതാവ് കൂടെയായ താങ്കളും താങ്കളുടെ ടീമും തയ്യാറാവുന്നില്ല എങ്കിൽ നിങ്ങളുടെയൊക്കെ വടിവൊത്ത ശരീരം എന്നും അങ്ങനെ തന്നെ നിൽക്കട്ടെ എന്നും നിങ്ങളും നിങ്ങളുടെ പിൻതലമുറയും എന്നും പാപമുക്തരായി ഇരിക്കട്ടെ എന്നാഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
  തെറ്റ് തിരുത്തിയിട്ടാണല്ലോ സർ മാപ്പ്..!!
  സ്നേഹപൂർവ്വം
  റഈസ് ഹിദായ
  Published by:Amal Surendran
  First published: