ആരാധകരുടെ രോമാഞ്ചം; വെറും മിനി എങ്ങനെ 'മിനി കൂപ്പറായി' ?
- Published by:Arun krishna
- news18-malayalam
Last Updated:
ചാള്‍സ് കൂപ്പറും മകന്‍ ജോണ്‍ കൂപ്പറും ചേര്‍ന്ന് 1947ല്‍ ബ്രിട്ടനില്‍ സ്ഥാപിച്ചതാണ് കൂപ്പര്‍ കാര്‍ കമ്പനി
എസ് ബിനുരാജ്
ബ്രിട്ടന്റെ പിരിവെട്ടി നില്‍ക്കുന്ന ദശകമായിരുന്നു 1950കള്‍. ഇന്ത്യയടക്കമുള്ള സാമ്രാജ്യങ്ങള്‍ കൈവിട്ടു പോയി, സൂയസ് കനാലിന് മേലുള്ള നിയന്ത്രണം നഷ്ടമായി, ഈജിപ്തിനോട് പരാജയം. ഇതില്‍ ഏറ്റവും പ്രധാനം സൂയസിന് മേലുള്ള നിയന്ത്രണം നഷ്ടമായതാണ്. ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കും ഇടയില്‍ മെഡിറ്ററേനിയന്‍ കടലിനെയും ചെങ്കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 193 കിലോമീറ്റര്‍ നീളം വരുന്ന സൂയസ് കനാല്‍ യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള സുപ്രധാന വ്യാപാര പാതയായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സൂയസ് കനാലിലൂടെയുള്ള ചരക്ക് ഗതാഗതത്തിന്റെ പകുതിയും പെട്രോളിയമായിരുന്നുവെന്നും യൂറോപ്പിന് വേണ്ട പെട്രോളിയത്തിന്റെ മൂന്നില്‍ രണ്ടും സൂയസ് കനാല്‍ വഴിയായിരുന്നുവെന്നും പെട്രോളിയം വ്യാപാരത്തിന്റെ ചരിത്രകാരനായ ഡാനിയേല്‍ എര്‍ജിന്‍ തന്റെ The Prize: The Epic Quest for Oil, Money, and Power എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
advertisement
ഫ്രഞ്ച്- ബ്രിട്ടീഷ് കമ്പനികളായിരുന്നു സൂയസ് കമ്പനി എന്ന പേരില്‍ കനാലിലെ ഗതാഗതത്തിന്റെ കുത്തക. ഈജിപ്തിലെ നാസര്‍ കനാല്‍ കമ്പനി ദേശസാത്ക്കരിച്ചതോടെ ബ്രിട്ടന്‍ പെട്ടു. ബ്രിട്ടണില്‍ ഇന്ധന വില കുതിച്ചു കയറി. എണ്ണകുടിയന്‍ വമ്പന്‍ കാറുകളെ ജനം കൈവിട്ടു തുടങ്ങിയ കാലമായിരുന്നു 1950 കളുടെ രണ്ടാം പകുതി.
ഒരു പ്രതിസന്ധിയില്‍ സാധ്യത കണ്ടെത്തുന്നതിനെയാണല്ലോ കച്ചവടം എന്ന് പറയുന്നത്. കാര്‍ വില്‍പ്പന കൂട്ടാന്‍ എന്താണ് വഴിയെന്ന് ബ്രിട്ടീഷ് മോട്ടോര്‍ കോര്‍പ്പറേഷന്റെ തലവന്‍ ലിയോനാര്‍ഡ് പെര്‍സി ലോര്‍ഡ് തല പുകച്ചു. കമ്പനിയുടെ ആസ്ഥാന കാര്‍ രൂപകല്‍പ്പനാ വിദഗ്ധന്‍ അലക് ഇസിയോനിസിനെ വിളിച്ചു. പുതിയൊരു വണ്ടി ഡിസൈന്‍ ചെയ്യണം. വണ്ടി ചെറുതായിരിക്കണം. എന്നാല്‍ നാല് പേരെ ഉള്‍ക്കൊള്ളണം. നല്ല ഇന്ധനക്ഷമതയുള്ളതാവണം. ഇതായിരുന്നു മുതലാളിയുടെ ആവശ്യം.
advertisement
സത്യത്തില്‍ ബ്രിട്ടീഷ് മോട്ടോര്‍ കോര്‍പ്പറേഷന്‍ (ബി എം സി) രൂപീകരിച്ചത് മോറിസ് ആസ്റ്റിന്‍ എന്നീ കാര്‍ കമ്പനികളെ ലയിപ്പിച്ചാണ്. ഇതില്‍ ഇസിയോനിസ് മോറിസിലായിരുന്നു. കമ്പനി ലയനത്തിന് ശേഷം ആദ്യം ബി എം സിയില്‍ ചേരാന്‍ താല്‍പര്യം കാണിക്കാതിരുന്ന ഇസിയോനിസ് പിന്നീട് 1955ലാണ് ചേരുന്നത്. അതായത് പുതിയ ചെറു കാര്‍ ഡിസൈന്‍ ചെയ്യണമെന്ന് ബി എം സി ഉടമ ആവശ്യപ്പെടുമ്പോള്‍ ഇസിയോനിസ് അവിടെ ചേര്‍ന്നിട്ട് ഒരു വര്‍ഷം ആകുന്നതേയുള്ളൂ.
advertisement
യുദ്ധത്തിന്റെയും പലായനത്തിന്റെയും പാരമ്പര്യം ഇസിയോനിസിനും ഉണ്ടായിരുന്നു. ഗ്രീക്ക് നഗരമായ സ്മിര്‍നയായിരുന്നു ഇസിയോനിസിന്റെ ദേശം. എന്നാല്‍ 1922ല്‍ കമാല്‍ അതാതുര്‍ക്കിന്റെ നേതൃത്ത്വത്തില്‍ തുര്‍ക്കി സൈന്യം സ്മിര്‍ന കീഴടക്കുകയും നഗരം തീപിടുത്തത്തില്‍ വെന്തു നാശമാവുകയും ചെയ്തു. അഗ്നിബാധയില്‍ പതിനായിരങ്ങളാണ് വെന്തെരിഞ്ഞത്.
തുര്‍ക്കി സൈന്യത്തില്‍ നിന്നും നഗരത്തിലെ അഗ്നിബാധയില്‍ നിന്നും ബ്രിട്ടീഷ് നാവികപ്പട ഇസിയോനിസിനെയും കുടുംബത്തെയും മാള്‍ട്ടയിലേക്ക് മാറ്റുമ്പോള്‍ ഇസിയോനിസിന് 16 വയസാണ് പ്രായം. ഇസിയോനിസിന്റെ അച്ഛന്‍ ബ്രിട്ടനില്‍ നിന്നും എഞ്ചിനിയറിംഗ് ബിരുദം നേടുകയും കപ്പല്‍ നിര്‍മ്മാണത്തിലും രൂപകല്‍പ്പനയിലും സ്മിര്‍നയിലെ അറിയപ്പെടുന്നയാളും ആയിരുന്നു. ഇസിയോനിസിന്റെ അച്ഛന്‍ പഠിച്ചത് ലണ്ടനില്‍ ആയതിനാല്‍ ബ്രിട്ടനിലേക്ക് കുടിയേറാന്‍ അവര്‍ക്ക് എളുപ്പമായി.
advertisement
പിന്നീട് ജീവിതം ലണ്ടന്‍ നഗരത്തില്‍ തുടങ്ങിയ ഇസിയോനിസ് പോളിടെക്നിക്കില്‍ ചേര്‍ന്നെങ്കിലും കണക്ക് ആ കൗമാരക്കാരന് കടുകട്ടിയായിരുന്നു. “നിങ്ങള്‍ക്ക് പഠിക്കാവുന്നതില്‍ ഏറ്റവും സര്‍ഗ്ഗാത്മകമല്ലാത്ത വിഷയം ” എന്നാണ് കണക്കിനും പിന്നീട് പോളിടെക്നിക്കിലെ കോഴ്സിനും തോറ്റു പോയ ഇസിയോനിസ് കണക്കിനെ കുറിച്ച് താത്വിക അവലോകനം നടത്തി പ്രഖ്യാപിച്ചത്. മികച്ച കാറുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ പോളിടെക്നിക്കില്‍ പഠിക്കേണ്ട കാര്യമില്ലെന്ന് ആദ്യമായി തെളിയിച്ചയാള്‍ ഒരു പക്ഷേ ഇസിയോനിസ് ആയിരിക്കും.
എന്തായാലും ബി എം സി ഉടമയുടെ വെല്ലുവിളി ഇസിയോനിസ് ഏറ്റെടുത്തു. നിരവധി സ്ക്കെച്ചുകള്‍ തയ്യാറാക്കി. വരച്ചും തിരുത്തിയും രൂപകല്‍പ്പന മുന്നേറി. അങ്ങനെ മിനിയുടെ ആദ്യ രൂപം 1959 ആഗസ്റ്റില്‍ പുറത്തിറങ്ങി. ആദ്യം മോറിസ് മിനി മൈനര്‍ എന്നും ഓസ്റ്റിന്‍ സെവന്‍ എന്നുമെല്ലാം അറിയപ്പെട്ടിരുന്ന ഈ വാഹനം പിന്നീട് മിനി എന്ന പേരില്‍ മാത്രം അറിയപ്പെടാന്‍ തുടങ്ങി. പിന്നെയുള്ളത് ചരിത്രമാണ്. മിനി എന്ന കാര്‍ ബ്രിട്ടന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വില്‍പ്പനയുള്ള കാറായി മാറി. ബി എം സി ഉടമ ലിയോനാര്‍ഡ് ലോഡിനെയും ഡിസൈനര്‍ ഇസിയോനിസിനെയും തേടി വിഖ്യാതമായ പുരസ്ക്കാരങ്ങള്‍ എത്തി.
advertisement
നിരത്തുകളുടെ രോമാഞ്ചമായി മിനി മാറാന്‍ അധികം നാളെടുത്തില്ല. ക്ലാസിക്ക് ബ്രിട്ടീഷ് ശൈലിയില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട ചെലവു കുറഞ്ഞ ഇന്ധനക്ഷമതയുള്ള മിനി 1960കളില്‍ യുവാക്കളുടെ തരംഗമായി മാറി. സാധാരണക്കാരും ഹിപ്പികളും റോക്ക് ഗായകരും മുതല്‍ പാല്‍ക്കച്ചവടക്കാര്‍ വരെ മിനി ഉപയോഗിക്കാന്‍ തുടങ്ങി. വിഖ്യാത ഗായകസംഘം ബീറ്റില്‍സിലെ ജോര്‍ജ്ജ് ഹാരിസണ്‍, പോള്‍ മകാര്‍ട്നി, റിംഗോ സ്റ്റാര്‍ എന്നിവര്‍ മിനി ഉപയോഗിച്ചിരുന്നു. ഈ മൂന്ന് കാറുകളും ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ലണ്ടന്‍ ക്ലാസിക്ക് കാര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജോര്‍ജ്ജ് ഹാരിസണിന്റെ മിനിക്ക് നിറം കറുപ്പായിരുന്നു. തന്ത്ര അടിസ്ഥാനമാക്കിയുള്ള കലയോട് അഭിനിവേശമുണ്ടായിരുന്ന ജോര്‍ജ്ജ് നിറം ചുവപ്പ് ആക്കുകയും അതില്‍ തന്ത്ര പെയിന്റിംഗ് നടത്തുകയും ചെയ്തു!
advertisement
സംഘത്തിലെ മറ്റൊരു ഗായകനായ ജോണ്‍ ലെനനും മിനിയുണ്ടായിരുന്നു. പക്ഷേ 1970ല്‍ അത് ഒരു ആക്സിഡന്റില്‍ തകര്‍ന്നു. ലണ്ടന്‍ നഗരത്തിലൂടെ ഈ ഗായകസംഘത്തിന്റെ മിനികള്‍ പാഞ്ഞു പോയപ്പോള്‍ കുതിച്ചുയര്‍ന്നത് അവയുടെ വില്‍പ്പനയായിരുന്നു.
മിനി എങ്ങനെ മിനി കൂപ്പറായി?
ചാള്‍സ് കൂപ്പറും മകന്‍ ജോണ്‍ കൂപ്പറും ചേര്‍ന്ന് 1947ല്‍ ബ്രിട്ടനില്‍ സ്ഥാപിച്ചതാണ് കൂപ്പര്‍ കാര്‍ കമ്പനി. ജോണ്‍ കൂപ്പര്‍ കമ്പനി ഉടമ എന്നതിന് പുറമെ കാറോട്ടത്തില്‍ കമ്പമുള്ളയാളും ആയിരുന്നു. മിനിക്ക് ഒരു റേസിംഗ് കാര്‍ പതിപ്പ് വേണമെന്നത് ജോണിന്റെ ആശയമായിരുന്നു. അങ്ങനെ മിനിയെ കൂപ്പര്‍ കമ്പനി ഏറ്റെടുത്തു. 1961ല്‍ മിനി കൂപ്പര്‍ 997 എന്ന മോഡല്‍ പുറത്തിറങ്ങി. നമ്മള്‍ ഇന്ന് കാണുന്ന മിനി കൂപ്പറിന്റെ ആദ്യ രൂപം അതാണ്. 2000ല്‍ മിനി കൂപ്പറെ ബി എം ഡബ്ല്യു കമ്പനി ഏറ്റെടുത്തു. ഇന്ന് നിരത്തിലുള്ള മിനി കൂപ്പറുകള്‍ ബി എം ഡബ്ല്യു ഇറക്കുന്നതാണ്.
മിനി കൂപ്പര്‍ ലോകമെങ്ങും തരംഗമായതിന് പിന്നില്‍ ചില ചലച്ചിത്രങ്ങള്‍ക്കും പങ്കുണ്ട്. 1964ല്‍ ഇറങ്ങിയ എ ഷോട്ട് ഇന്‍ ദി ഡാര്‍ക്ക് ആണ് മിനി ആദ്യമായി സ്ക്രീനില്‍ വന്ന പടം. ദി ഇറ്റാലിയന്‍ ജോബ്, ദി കണ്‍ക്ലൂഷന്‍, മിസ്റ്റര്‍ ബീന്‍ എന്നിവ മിനിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചില ചിത്രങ്ങളാണ്.
അമിതാഭ് ബച്ചന്‍, നവാസുദ്ദീന്‍ സിദ്ധിഖി, ദീപിക പദുക്കോണ്‍, സോഹ അലി ഖാന്‍, ഹൃത്വിക്ക് റോഷന്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളും ആസിഫ് അലി, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, രമ്യ നമ്പീശന്‍ തുടങ്ങിയ മലയാള നടീനടന്മാരും മിനി കൂപ്പര്‍ ഉടമകളാണത്രെ. ബച്ചന്റെ പിറന്നാളിന് മകന്‍ അഭിഷേക് നല്‍കിയ സമ്മാനമാണ് മിനി കൂപ്പര്‍ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.
മിനി കൂപ്പറെ വേറിട്ട് നിര്‍ത്തുന്നത് അതിന്റെ രൂപം തന്നെയാണ്. ഇതിന്റെ ശില്‍പ്പ ഇസിയോനിസ് കാര്‍ രൂപകല്‍പ്പനയുടെ ഗ്രീക്ക് ദേവന്‍ എന്നാണത്രെ അറിയപ്പെട്ടത്. മിനിയെക്കാള്‍ തനിക്ക് ഇഷ്ടപ്പെട്ട തന്റെ സ്വന്തം സൃഷ്ടി മോറിസ് മൈനര്‍ എന്നാണ് ഇസിയോനിസ് പറഞ്ഞിട്ടുള്ളത്. ആദ്യകാലത്ത് ഓക്സ്ഫഡിലും ബിര്‍മിംഗ്ഹാമിലും ആയിരുന്നു മിനിയുടെ ഉല്‍പ്പാദനം. ഓക്സ്ഫഡില്‍ ഇറങ്ങിയ മിനിയുടെ പേരായിരുന്നു മോറിസ് മിനി മൈനര്‍. തന്റെ സൃഷ്ടിയുടെ പേര് മാറിപ്പോയത് പോലെ തന്റെ ജന്മദേശത്തിന്റെ പേരും മാറിപ്പോയത് ഇസിയോനിസ് അറിഞ്ഞിട്ടുണ്ടാവണം. അദ്ദേഹം ജനിച്ച ഗ്രീക്ക് നഗരമായ സ്മിര്‍ന തുര്‍ക്കി ആക്രമണത്തിന് ശേഷം ഇജ്മിര്‍ എന്നാണ് അറിയപ്പെടുന്നത്.
മിനി കൂപ്പര്‍ എന്ന പേരില്‍ അല്ലെങ്കിലും മോറിസ് മൈനറുടെ പേരില്‍ ഒരു പാട്ട് മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. 1974ല്‍ പുറത്തിറങ്ങിയ ഭൂഗോളം തിരിയുന്നു എന്ന പടത്തില്‍ ദക്ഷിണാമൂര്‍ത്തി ഈണമിട്ട “ഞാനൊരു പാവം മോറിസ് മൈനര്‍ അവളൊരു സെവന്റി വണ്‍ ഇമ്പാലാ..” എന്ന് തുടങ്ങുന്ന ഗാനം എഴുതിയത് ശ്രീകുമാരന്‍ തമ്പിയാണ്. 74 ആയപ്പോഴേക്കും മോറിസ് മൈനര്‍ ഒക്കെ അപ്രസക്തമാവുകയും ഇമ്പാലയും ഫിയറ്റും പോലെയുള്ള പുതിയ മോഡലുകള്‍ വിപണി കൈയടക്കിയെന്നും ഈ പാട്ടില്‍ നിന്നും മനസിലാക്കാമെന്ന് തോന്നുന്നു.
പാട്ടെഴുതിയ ശ്രീകുമാരന്‍ തമ്പി എഞ്ചിനിയറാണ്. പക്ഷേ കാര്‍ ഓടിക്കില്ല. പോളിടെക്നിക്കില്‍ എന്നല്ല എഞ്ചിനിയറിംഗ് കോളേജില്‍ പഠിച്ചാലും കാര്‍ ഓടിക്കാന്‍ കഴിയണമെന്നില്ല എന്ന് മനസിലായില്ലേ?
Location :
Kochi,Ernakulam,Kerala
First Published :
May 30, 2023 5:49 PM IST