ഡോ. ജോൺ വർഗീസ് വിളനിലം; കേരളം അറിയാതെ പോയ ഗുണങ്ങളുടെ വിളനിലം

Last Updated:

ആ വ്യക്തിയോട് കേരളം അനാദരവ് കാണിച്ചെങ്കിലും രാജ്യാന്തര തലത്തിൽ വിളനിലം അജയ്യനായി തന്നെ തുടരും. അദ്ദേഹത്തിൻറെ അസംഖ്യം വിദ്യാർഥികളിലൂടെ ആ ധിഷണ സമൂഹത്തിന് പകർന്നുകിട്ടും

പ്രൊഫ. ജെ.വി. വിളനിലം
പ്രൊഫ. ജെ.വി. വിളനിലം
എസ്. രാധാകൃഷ്ണൻ
രാവിലെ എട്ടരയ്ക്കു തുടങ്ങുന്ന ക്ലാസിനായി കാര്യവട്ടം ജേണലിസം വകുപ്പിലെത്തുമ്പോള്‍ ഞങ്ങൾ നോക്കുന്നത് താഴത്തെ നിലയിലെ പോർച്ചിൽ  ഇളംപച്ച നിറത്തിലുള്ള അംബാസഡര്‍ കാറുണ്ടോ എന്നായിരിക്കും.
പടിക്കെട്ടു  കയറുമ്പോള്‍ അതേ താളത്തില്‍ മറ്റൊരു ശബ്ദം കേള്‍ക്കുന്നുണ്ടാകും. മൂന്നാംനിലയിലെ മൂലയിലുള്ള വിശാലമായ മുറിയില്‍നിന്ന് ടൈപ്പ്‌റൈറ്ററിൻറെ കടകട ശബ്ദം.
കാറു കണ്ടാല്‍ ഞങ്ങള്‍ ഉറപ്പിക്കും, ഞങ്ങളുടെ പ്രധാനാധ്യാപകനായ വിളനിലം സര്‍ അവിടെയുണ്ടെന്ന്. ടൈപ്പ്‌റൈറ്റര്‍ പറയുന്നത് സര്‍ ജോലിയിലാണെന്നാണ്. പലപ്പോഴും ആലോചിക്കാറുണ്ട്, സര്‍ എന്താണ് ഇത്ര തിരക്കുപിടിച്ച് ടൈപ്പ് ചെയ്യുന്നത്. പുസ്തകങ്ങളോരോന്നായി പുറത്തിറങ്ങുമ്പോഴാണ് ആ ചോദ്യത്തിന് ഉത്തരം കിട്ടിക്കൊണ്ടിരുന്നത്. ഡോ. ജോൺ വർഗീസ്  വിളനിലം എന്ന ലോകോത്തര കമ്യൂണിക്കേഷന്‍ വിദഗ്ധന് അവസാനകാലം വരെ വിശ്രമമില്ലായിരുന്നു. കമ്യൂണിക്കേഷൻ റിസർച്ച് എന്ന പുസ്തകം പുറത്തിറങ്ങിയത് കഴിഞ്ഞ വർഷമാണ്. മനുഷ്യൻ ചന്ദ്രനിലേയ്ക്ക് എന്ന ആദ്യപുസ്തകം പുറത്തിറങ്ങിയത് അതിനും 55 വർഷം മുമ്പായിരുന്നു. ആ ധിഷണാ വൈഭവം കാലാതീതമായിരുന്നുവെന്ന് പറയാൻ മറ്റൊരു ഉദാഹരണം വേണ്ട.
advertisement
മലയാളി അറിയാതെ പോയ മാധ്യമ ഗുരു
ടൈപ്പ്റൈറ്ററിൽ പതിഞ്ഞ വിരൽപാടുകളിലെ വ്യക്തിത്വം തനതാണ്. വിളനിലം  ടൈപ്പിങ് തുടങ്ങിയത് ബാല്യത്തിലായിരുന്നു. പന്ത്രണ്ടാം വയസിൽ അദ്ദേഹത്തിന് ലണ്ടൻ ചേംബർ ഓഫ് കൊമേഴ്സ് നടത്തിയ രാജ്യാന്തര ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ ലഭിച്ചിരുന്നു. 1947ലായിരുന്നു അത്. ആ വ്യക്തിയോട് കേരളം അനാദരവ് കാണിച്ചെങ്കിലും രാജ്യാന്തര തലത്തിൽ വിളനിലം അജയ്യനായി തന്നെ തുടരും. അദ്ദേഹത്തിൻറെ അസംഖ്യം വിദ്യാർഥികളിലൂടെ ആ ധിഷണ സമൂഹത്തിന് പകർന്നുകിട്ടും.
ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഒന്നാം റാങ്കോടെ എം.എ. പാസായതിനുശേഷം തിരുവല്ല മർത്തോമ്മാ കോളജ്, കോഴിക്കോട് ദേവഗിരി കോളജിൽ അധ്യാപകൻ, എംആർഎഫിൽ പെഴ്സനൽ ഓഫീസർ എന്നിങ്ങനെ ജീവിതം മുന്നോട്ടുപോുകമ്പോഴാണ് അദ്ദേഹം കമ്യൂണിക്കേഷൻ സയൻസിൽ ആകൃഷ്ടനാകുന്നത്. അമേരിക്കയിലെ ടെമ്പിൾ സർവകലാശാലയിൽ നിന്ന് എംഎസ് നേടിയ അദ്ദേഹം ഗവേഷണത്തിന് തെരഞ്ഞെടുത്ത വിഷയം അമേരിക്കൻ മാധ്യമങ്ങളെക്കുറിച്ചുള്ള വിമർശനമായിരുന്നു. ഡോ. ഡെന്നിസ് മക്വയിൽ, ജോൺ ലെൻറ് തുടങ്ങിയ മഹാരഥന്മാരുടെ അംഗീകാരം നേടി ആംസ്റ്റർഡാം സർവകലാശാലയിൽ നിന്ന് കമ്യൂണിക്കേഷനിൽ പി.എച്ച്.ഡി. നേടി.
advertisement
അമേരിക്കയിൽ നിന്ന് കാര്യവട്ടത്തേക്ക്
അമേരിക്കയിൽ നിന്ന് അദ്ദേഹം കേരള സർവകലാശാലാ ജേണലിസം വകുപ്പ് മേധാവിയായെത്തുന്നത് 1984-ലായിരുന്നു. വകുപ്പിന്റെ സുവർണ കാലമായിരുന്നു അത്. പ്രൊഫ. വിളനിലത്തിന്റെ ക്ലാസുകൾ കമ്യൂണിക്കേഷനെ മാത്രമല്ല സമൂഹത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്നതായിരുന്നു. രാഷ്ട്രീയമായാലും സാഹിത്യം- അത് ഇംഗ്ലീഷായാലും മലയാളമായാലും, സമകാലിക സംഭവങ്ങളായാലും അദ്ദേഹം എല്ലാം മാധ്യമപ്രവർത്തനവുമായി വിളക്കിച്ചേർത്തു. മാധ്യമപ്രവർത്തകൻ ഭാഷയിലും സമകാലിക സംഭവങ്ങളിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് അദ്ദേഹം ഞങ്ങൾക്ക് പറഞ്ഞുതന്നു. ഇന്നും ജേണലിസം ക്ലാസുകൾ രൂപപ്പെടുത്തുമ്പോൾ അതു തന്നെയാണ് ഞങ്ങളുടെ ആപ്തവാക്യം.
advertisement
നിറം പിടിപ്പിച്ച കഥകളും കത്തിയെരിഞ്ഞ തെരുവുകളും
കേരള സർവകലാശാല വൈസ് ചാൻസലറായി നിയമിക്കപ്പെടാൻ 1992-ൽ അദ്ദേഹത്തെക്കാൾ യോഗ്യനായി ആരുമില്ലായിരുന്നു. സിപിഎം നേതാവ് എസ്. രാമചന്ദ്രൻപിള്ളയടക്കമുള്ളവരായിരുന്നു യോഗ്യതയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ആ സ്ഥാനത്ത് അവരോധിച്ചത്. പക്ഷേ അന്നത്തെ യുഡിഎഫ്  സർക്കാരിനോടുള്ള രാഷ്ട്രീയവിരോധം തീർക്കാൻ സിപിഎം തന്നെ പിന്നീട് അദ്ദേഹത്തെ കരുവാക്കുകയായിരുന്നു.
അതിൽ പ്രധാനപ്പെട്ട കാരണം സിപിഎം ആസ്ഥാനമായ എകെജി സെൻറിനുവേണ്ടി അധിക ഭൂമി കൈവശപ്പെടുത്തി എന്ന ആരോപണമായിരുന്നു. ഭൂമി തിരിച്ചു പിടിക്കുക എന്ന ആവശ്യം ഉന്നയിച്ച്  ചെറിയാൻ ഫിലിപ്പടക്കമുള്ള അന്നത്തെ കോൺഗ്രസ്  നേതാക്കളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭമായിരുന്നു. എങ്കിലും അത് കുരുക്കിൽ പിടിച്ചിട്ടത് വിളനിലത്തെ.
advertisement
കരുണാകരൻ സർക്കാരിനു വഴങ്ങി കേരള  സർവകലാശാലയുടെ മുഴുവൻ ഭൂമിയും അളന്ന് തിട്ടപ്പെടുത്തുവാൻ വിളനിലം ഉത്തരവിട്ടു. അളന്നു കഴിഞ്ഞാൽ കൈവിട്ട ഭൂമി കണ്ടുപിടിക്കാൻ കഴിയും എന്നായിരുന്നു ലക്ഷ്യം.  ഇതാണ് സിപിഎമ്മിനെ ചൊടിപ്പിക്കാൻ കാരണമായത്. ഈ ഉത്തരവിന് തന്റെ ജീവിതത്തിന്റെ നല്ലൊരു ഘട്ടം വിളനിലം വിലയായി നൽകേണ്ടിവന്നു. പക്ഷേ പിന്നീട് അതേ എകെജി സെൻററിലേയ്ക്കുതന്നെ സിപിഎം അദ്ദേഹത്തെ ക്ഷണിച്ച് ആദരിച്ചു. അത് പിന്നാലെയുള്ള കഥ.
അദ്ദേഹത്തിൻറെ സർട്ടിഫിക്കറ്റുകളിലൊന്നിൽ സംശയം തോന്നിയതിനെത്തുടർന്നുണ്ടായ വിവാദത്തെ നേരിടാൻ  നിയമപരമായ വഴി തേടുന്നതിനു പകരം വിളനിലത്തെ എസ്എഫ്ഐ പ്രവർത്തകർ തെരുവിൽ വേട്ടയാടി.  തുടര്‍ന്ന്  അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും സഹനേതാക്കളും മാധ്യമങ്ങളുമെല്ലാം അദ്ദേഹത്തെ കൈവിട്ടു. ചില പത്രങ്ങൾ അദ്ദേഹത്തിനെതിരെ മുഖപ്രസംഗമെഴുതി. വിളനിലത്തിനെതിരെ റിപ്പോർട്ട് ചെയ്യാൻ അദ്ദേഹത്തിന്റെ വിദ്യാർഥികളായ ഞങ്ങൾ വിധിക്കപ്പെട്ടത് മാനസികമായി വല്ലാത്ത സംഘർഷം ജനിപ്പിക്കുന്നതായിരുന്നു. പക്ഷേ സത്യം എന്നെങ്കിലും പുറത്തുവരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.
advertisement
കേരളത്തിലെ ഏറ്റവും പഴക്കമുള്ള സർവകലാശാലയുടെ തലപ്പത്തെത്തിയ പ്രഗത്ഭനായ വൈസ് ചാന്‍സലർ ശ്രീകാര്യത്ത് ഗാന്ധിപുരത്തെ വസതിയിലെ ഒരു മുറിയിൽ ഒതുങ്ങിക്കൂടി. അദ്ദേഹത്തെ അവിടെയും പ്രക്ഷോഭകർ വെറുതെ വിട്ടില്ല. എബിവിപി പ്രവർത്തകർ അദ്ദേഹത്തെ വീടുകയറി ആക്രമിച്ചു. അന്ന് ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ ഭയചകിതനായ സ്വന്തം അധ്യാപകനെ കണ്ടപ്പോൾ വല്ലാത്ത വിഷമവും നിസഹായതയും തോന്നി.  പല സിപിഎം നേതാക്കളും സമരത്തിനെതിരെ നിലപാട് സ്വീകരിച്ചെങ്കിലും ഒഴുക്കിനെതിരെ നീങ്ങാൻ അവരും തയാറായില്ല. മാത്രമല്ല വിളനിലത്തിന് അനുകൂലമായി നിലപാടെടുത്ത ഡോ. സാമുവൽ മത്തായി അടക്കമുള്ളവർ ആക്രമണത്തിന് വിധേയരായി. നിരവധി ബസുകളും സർക്കാർ വാഹനങ്ങളും കത്തിച്ചതടക്കം വസ്തുവകകൾക്ക്  വൻനാശമാണ് അന്ന് പ്രക്ഷോഭകാരികൾ വരുത്തിവച്ചത്. സ്വന്തം  മകന്റെ മരണം പോലും അദ്ദേഹത്തിന് എതിരായി ഉപയോഗിക്കപ്പെട്ടു.
advertisement
വഴിത്തിരിവായ കോപ്പിയടി
സിപിഎം സിൻഡിക്കറ്റംഗങ്ങൾ സർവകലാശാലയിൽ നിന്ന് പുറത്താവുകയും സമരം നയിച്ച പ്രമുഖ  എസ്എഫ്ഐ നേതാവ് പരീക്ഷാ  കോപ്പിയടിയിൽ പിടികൂടപ്പെടുകയും ചെയ്തപ്പോൾ  സ്ഥിതി വഷളാവുമെന്നു കണ്ടപ്പോഴാണ് സിപിഎം അയഞ്ഞത്. കേരള സർവകലാശാലയിലെ കോൺഗ്രസ് യൂണിയൻ നേതാവ് ആർഎസ് ശശികുമാറും അന്നത്തെ സിൻഡിക്കറ്റംഗം എൻ. നാരായണൻ നായരും സർവകലാശാലയിലേയ്ക്കുള്ള വിളനിലത്തിൻറെ നിരുപാധികമായ  തിരിച്ചുവരവിന് വഴിയൊരുക്കി. കെ. കരുണാകരനും ജയറാം പടിക്കലും അന്ന് കെ.എസ്.യു. നേതാവായിരുന്ന കെ.സി. വേണുഗോപാലുമൊക്കെ ആ വഴിയിലൂടെ വരികയായിരുന്നു.  അതൊക്കെ വേറെ പിന്നാമ്പുറ കഥകളാണ്.
ക്ഷണിച്ച് ആദരിച്ച സിപിഎം
എല്ലാ കാര്യങ്ങളും അറിയാവുന്ന ഇഎംഎസ് നമ്പൂതിരിപ്പാടുതന്നെയാണ് സമരം അവസാനിപ്പിക്കുന്നതിൽ മുൻകൈയെടുത്തതെന്ന് പറയാം. വിളനിലത്തെ എ.കെ.ജി. സെൻററിൽ സ്വീകരിച്ച് ആനയിച്ച് അദ്ദേഹത്തെക്കൊണ്ട് സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനും ഇഎംഎസ് തയാറായി. വിളനിലം സമരം കേരള രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത ഏടായി നിലനിൽക്കുമ്പോഴും അവസാനം  ചില സിപിഎം നേതാക്കൾ പ്രബുദ്ധ രാഷ്ട്രീയത്തിനായി  സ്വീകരിച്ച നടപടികൾ  എന്നും കെടാവിളക്കായി നിൽക്കും.
പക്ഷേ വൈകിയുദിച്ച ബുദ്ധികാരണം വിളനിലത്തിന് നഷ്ടപ്പെട്ടത് വിലപ്പെട്ട ഒന്നര വർഷമായിരുന്നു. ബാക്കിയുള്ള രണ്ടര വർഷം കൊണ്ട് അദ്ദേഹം അസംഖ്യം പരിഷ്കരണങ്ങളാണ് സർവകലാശാലയിൽ വരുത്തിയത്. പരീക്ഷാനടത്തിപ്പ് സുഗമമാക്കി. ആദ്യമായി കേരള സർവകലാശാലയിൽ ക്രെഡിറ്റ് ആൻഡ് സെമസറ്റർ സംവിധാനം, തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകൾ, യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയവ പരിഷ്കാരങ്ങളിൽ ചിലതുമാത്രം. കുത്തഴിഞ്ഞുകിടന്ന സർവകലാശാലാ ഓഫീസിലും വകുപ്പുകളിലും അദ്ദേഹം അച്ചടക്കം കൊണ്ടുവന്നു. അൺഎയ്ഡഡ് കോളജുകൾക്ക് അഫിലിയേഷൻ നൽകുന്നത് കർശനമാക്കി.
ക്ഷീണിക്കാത്ത മനീഷി
വിരമിച്ച ശേഷവും അദ്ദേഹം വെറുതെയിരുന്നില്ല. കേരളം അദ്ദേഹത്തെ മറന്നെങ്കിലും വിദേശത്തേതടക്കം പല സർവകലാശാലകളിലും അദ്ദേഹം വിസിറ്റങ് പ്രൊഫസറായി. യുജിസി അദ്ദേഹത്തെ എമരിറ്റസ് പ്രഫസറാക്കി. ഭഗൽപൂർ സർവകലാശാല ഡിലിറ്റ് നൽകി. അനാരോഗ്യത്തെ അവഗണിച്ചുപോലും അദ്ദേഹം  ഉത്തരേന്ത്യയിലെ ചില സർവകലാശാലകളിൽ പ്രഭാഷണത്തിനുപോകുമായിരുന്നു. അദ്ദേഹത്തിന് അധ്യാപനത്തോട്  അത്രയ്ക്കു താല്പര്യമായിരുന്നു. വിമാനത്തിൽവച്ച് അനാരോഗ്യം മൂലം അങ്ങേയറ്റം അവശനായ കഥ അദ്ദേഹംതന്നെ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാർഡു നേടിയ 'പരസ്യം' എന്ന പുസ്തകമടക്കം നിരവധി കൃതികളും ആധികാരികമായ നിരവധി പ്രബന്ധങ്ങളും അദ്ദേഹത്തിന്റെ സ്വന്തമായുണ്ട്. നിരവധി പ്രമുഖ ജേണലുകളുടെ എഡിറ്റർ കൂടിയായിരുന്നു അദ്ദേഹം. വാർധക്യത്തിന്റെ അവശത  ബാധിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രജ്ഞയ്ക്കും ധിഷണയ്ക്കും ഒരു തകരാറുമില്ലായിരുന്നു. സ്വന്തം വിദ്യാർഥികളോട് അദ്ദേഹത്തിന് പ്രത്യേക സ്നേഹമായിരുന്നു. പക്ഷേ അവസാനമുണ്ടായ പക്ഷാഘാതം മനസിനെ വല്ലാതെ അലട്ടിയിരുന്നുവെന്ന് അദ്ദേഹത്തെ സന്ദർശിച്ചവർ പറഞ്ഞിരുന്നു. സദാ പ്രവർത്തനോന്മുഖനായ വിളനിലം എന്ന വ്യക്തിക്ക് അത് താങ്ങാനാവില്ലായിരുന്നു. അതായിരിക്കണം അദ്ദേഹത്തിൻ്റെ വേർപാടിന് കാരണമായത്.
(മുതിര്‍ന്ന മാധ്യമ പ്രവർത്തകനും മാധ്യമ അധ്യാപകനുമാണ് ലേഖകൻ)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ഡോ. ജോൺ വർഗീസ് വിളനിലം; കേരളം അറിയാതെ പോയ ഗുണങ്ങളുടെ വിളനിലം
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement